പ്രതീക്ഷയോടെ കർഷകർ, കപ്പ കുപ്പിയിലാകുമോ ?

Friday 18 March 2022 12:40 AM IST

പത്തനംതിട്ട : കപ്പയിൽ നിന്ന് വീര്യം കുറഞ്ഞ മദ്യം ഉത്പ്പാദിപ്പിക്കുമെന്ന ബഡ്ജറ്റ് പ്രഖ്യാപനം കപ്പക്കൃഷിയിൽ കുതിച്ചു ചാട്ടമുണ്ടാക്കുമെന്ന പ്രതീക്ഷയിലാണ് കർഷകർ. ജില്ലയിൽ വ്യാപകമായ തോതിൽ കപ്പക്കൃഷിയുണ്ട്. വയൽ ഭൂമിയിലും കരയിലും കൃഷി ചെയ്യുന്നു. സ്വന്തമായി ഭൂമിയില്ലാത്തവർ പാട്ടഭൂമിയിലും കൃഷി ചെയ്തുവരുന്നത് മികച്ചവരുമാനം ലഭിക്കുന്നതുകൊണ്ടാണ്.

ജില്ലയിൽ 4682ഹെക്ടറിൽ കപ്പക്കൃഷി നടത്തുന്നുണ്ട്. 21,000 കർഷകരുണ്ട്. കപ്പ ഉത്പ്പാദനത്തിൽ ജില്ല അഞ്ചാംസ്ഥാനത്താണ്. ഉത്പ്പാദനക്ഷമതയിൽ ഒന്നാമതും. 2019ലെ കണക്കനുസരിച്ച് ജില്ലയിൽ 2.1ലക്ഷം ടൺ കപ്പ ഉത്പ്പാദിപ്പിച്ചിട്ടുണ്ട്. കൊവിഡിനെ തുടർന്ന് രണ്ടുവർഷമായി ഉത്പ്പാദനവും വിപണനവും കുറഞ്ഞു. കൊവിഡ് കുറഞ്ഞതോടെ ഇൗ വർഷാദ്യം കർഷകർ കൂടുതലായി കപ്പക്കൃഷി തുടങ്ങിയിട്ടുണ്ട്.

മദ്യ നിർമ്മാണത്തിന് ആവശ്യമായ എഥനോളാണ് പച്ചക്കപ്പയിൽ നിന്ന് ഉത്പ്പാദിപ്പിക്കുന്നത്. കൃഷിവകുപ്പ് നേരിട്ട് കപ്പ സംഭരിക്കുമെന്നാണ് അറിയുന്നത്. ഒാരോ സീസണിലും അടിസ്ഥാനവില നിശ്ചയിച്ചാണ് കപ്പ സംഭരണം. കഴിഞ്ഞ സീസണിൽ കപ്പ വില കുറഞ്ഞത് കർഷകർക്ക് തിരിച്ചടിയായിരുന്നു. കിലോയ്ക്ക് 10രൂപ വരെ താഴ്ന്നു. പിന്നീട് 25 - 30 രൂപയായി ഉയർന്നു.

പാഴ് വാക്കാകുമോയെന്നും സംശയം

അതേസമയം, ബഡ്ജറ്റ് പ്രഖ്യാപനം പാഴ് വാക്കാകുമോയെന്ന സംശയം കർഷകർക്കുണ്ട്. കൊവിഡ് കാലത്ത് കിറ്റിൽ ഉണക്കക്കപ്പ ഉൾപ്പെടുത്താനുള്ള പ്രഖ്യാപനം നടപ്പാക്കിയിരുന്നില്ല. പ്രഖ്യാപനം കേട്ട് പച്ചക്കപ്പ ഉണക്കി വച്ച കർഷകരുണ്ടായിരുന്നു. വലിയ വില പ്രതീക്ഷിച്ചിരുന്നവർ ഒടുവിൽ എങ്ങനെയെങ്കിലും വിറ്റു തീർക്കാനുള്ള നെട്ടോട്ടത്തിലായിരുന്നു. കിലോയ്ക്ക് 11രൂപയ്ക്കാണ് വിറ്റഴിച്ചത്. കപ്പയിൽ നിന്ന് വീര്യം കുറഞ്ഞ മദ്യം ഉണ്ടാക്കുമെന്ന പ്രഖ്യാപനത്തിന് പിന്നാലെ കപ്പക്കൃഷി കൂടുമോയെന്ന് വരുംനാളുകളിലറിയാം.

'' കപ്പയിൽ നിന്ന് മദ്യം ഉണ്ടാക്കുമെന്ന പ്രഖ്യാപനം നടപ്പായാൽ ഉത്പ്പാദനം കൂടും. പക്ഷെ, അടിസ്ഥാന വില കിലോയ്ക്ക് 30രൂപയെങ്കിലുമായി നിശ്ചയിച്ചാലേ കർഷകർക്ക് പ്രയോജനമുള്ളൂ.

കുമാരൻ, കർഷകൻ

ജില്ലയിൽ

കപ്പക്കൃഷി : 4682ഹെക്ടറിൽ

കർഷകരുടെ എണ്ണം : 21,000

Advertisement
Advertisement