വിദ്യാർത്ഥികളുടെ മടക്കം ചൈനയുമായി ചർച്ച തുടരും

Friday 18 March 2022 12:00 AM IST

ന്യൂഡൽഹി:ചൈനീസ് സർവ്വകലാശാലകളിൽ പഠിക്കുന്ന ആയിരക്കണക്കിന് ഇന്ത്യൻ വിദ്യാർത്ഥികൾക്ക് ചൈനയിലേക്ക് മടങ്ങാനുള്ള നിയന്ത്രണങ്ങൾ പിൻവലിക്കാൻ ചൈനീസ് അധികൃതരുമായി ചർച്ച തുടരുകയാണെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് അരിന്ദം ബാഗ് ചി വാർത്താസമ്മേളനത്തിൽ പറഞ്ഞു. കഴിഞ്ഞ വർഷം സെപ്റ്റംബറിൽ താജിക്കിസ്ഥാനിലെ ദുഷാൻബെയിൽ വച്ച് ചൈനീസ് വിദേശകാര്യ മന്ത്രി വാങ്ങ് യിയോട് വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ വ്യക്തിപരമായി ഈ പ്രശ്നം ഉന്നയിച്ചതായി ബാഗ് ചി പറഞ്ഞു. ചൈനയുടെ കർശന നിയന്ത്രണം ആയിരക്കണക്കിന് വിദ്യാർത്ഥികളുടെ വിദ്യാഭ്യാസത്തെ അപകടത്തിലാക്കുകയാണെന്ന് ചൈനീസ് അധികൃതരെ ബോദ്ധ്യപ്പെടുത്തുകയാണ്. ചൈന വിദ്യാർത്ഥികൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയ ശേഷം ബെയ്ജിംഗിലെ ഇന്ത്യൻ എംബസിയും വിദേശമന്ത്രാലയവും നിരവധി തവണ ചൈനീസ് അധികാരികളുമായി ഇക്കാര്യം ചർച്ച നടത്തിയിട്ടുണ്ട്. എന്നാൽ ഇന്ത്യൻ വിദ്യാർത്ഥികൾ മടങ്ങുന്നത് സംബന്ധിച്ച് ചൈന വ്യക്തമായി പ്രതികരിച്ചിട്ടില്ല..

Advertisement
Advertisement