രാജ്യത്തെ ആദ്യ വനിതാ പൊലീസ് സ്റ്റേഷൻ അമ്പതാം വയസിലേക്ക്

Friday 18 March 2022 2:51 AM IST

കോഴിക്കോട്: പ്രധാനമന്ത്രിയായിരിക്കെ ഇന്ദിരാഗാന്ധിയുടെ ആശയത്തിൽ നിന്നു പിറവികൊണ്ട ഇന്ത്യയിലെ പ്രഥമ വനിത പൊലീസ് സ്റ്റേഷൻ അമ്പതാം വയസിലേക്ക്. ഇന്ദിരാഗാന്ധി തന്നെ ഉദ്ഘാടനം നിർവഹിച്ച കോഴിക്കോട് വനിത പൊലീസ് സ്റ്റേഷന് 50 വയസ് തികയാൻ ഒന്നരവർഷത്തോളം ശേഷിക്കുന്നുണ്ടെങ്കിലും സുവർണജൂബിലി ആഘോഷം ഗംഭീരമാക്കാനുള്ള ആലോചനകൾ തുടങ്ങി. മുഖ്യമന്ത്രി സി. അച്യുതമേനോൻ, ആഭ്യന്തരമന്ത്രി കെ. കരുണാകരൻ എന്നിവരുടെ സാന്നിദ്ധ്യത്തിൽ 1973 ഒക്ടോബർ 27നായിരുന്നു ഉദ്ഘാടനം.

രാജ്യത്ത് വനിതകൾക്കുനേരെ കുറ്റകൃത്യങ്ങൾ പെരുകുന്ന സാഹചര്യത്തിലാണ് വനിതാപൊലീസ് സ്റ്റേഷൻ എന്ന ആശയം ഇന്ദിരാഗാന്ധി നടപ്പിലാക്കിയത്. ആദ്യ സ്റ്റേഷൻ കോഴിക്കോട്ട് ഒരുങ്ങിയപ്പോൾ ഉദ്ഘാടനത്തിന് എത്തുമെന്നും അവർ പ്രഖ്യാപിച്ചു. രാജ്യത്ത് അന്നേവരെ ഒരു പൊലീസ് സ്റ്റേഷനും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തിരിക്കില്ല.

ഇന്നിപ്പോൾ രാജ്യത്തെമ്പാടുമായി ആയിരത്തോളം വനിത പൊലീസ് സ്റ്റേഷനുകളുണ്ട്. വനിത സെല്ലുകൾ വേറെയും.

കോഴിക്കോട് സിറ്റി പൊലീസ് കമ്മിഷണറുടെ ഓഫീസിനോട് ചേർന്ന കൺട്രോൾ റൂം കെട്ടിടത്തിലാണ് ഒരു എസ്.ഐ അടക്കം 10 പൊലീസുകാരുമായി തുടക്കം. വെള്ളസാരിയായിരുന്നു അന്ന് വനിതാപൊലീസിന്റെ യൂണിഫോം. ഇപ്പോൾ എസ്.ഐ ഉൾപ്പെടെ 35 പേർ. പൊലീസ് ക്ലബിന്റെ എതിർവശത്തായി സ്വന്തം കെട്ടിടത്തിലാണ് സ്‌റ്റേഷൻ.
ഇന്ദിരാഗാന്ധിയിൽ നിന്നു സ്റ്റേഷൻ രജിസ്റ്റർ ഏറ്റുവാങ്ങി വനിത സ്റ്റേഷനിലെ ആദ്യ എസ്.ഐ ആവാൻ ഭാഗ്യമുണ്ടായത് തിരുവനന്തപുരത്തുകാരി പത്മിനി അമ്മയ്ക്ക്. 1973 മുതൽ 79 വരെ ഇവിടെ തുടർന്ന അവർ എസ്.പി ആയാണ് വിരമിച്ചത്. ഇപ്പോൾ 43ാം എസ്.ഐ വി. സീതയ്ക്കാണ് സ്‌റ്റേഷൻ ചുമതല.

 ഉദ്ഘാടനത്തിനു പിറകെ ആദ്യ കേസ്


ഇന്ദിരാഗാന്ധിയെ കാണാൻ ആയിരങ്ങളാണ് തിങ്ങിക്കൂടിയത്. ഉദ്ഘാടനം കഴിഞ്ഞ് പ്രധാനന്ത്രി മടങ്ങിയതോടെ സ്‌റ്റേഷൻ പരിസരത്ത് നിന്ന് സ്ത്രീകളുടെ അലമുറ. അമ്മമാർക്കൊപ്പം വന്ന മൂന്നു കുട്ടികളെ കാണാനില്ല. എസ്.ഐ പത്മിനി അമ്മയുടെ നിർദ്ദേശപ്രകാരം ആദ്യകേസായി കുട്ടികളുടെ മിസ്സിംഗ് രജിസ്റ്റർ ചെയ്തു. വൈകാതെ കണ്ടെത്തുകയും ചെയ്തു.

 കുട്ടിയമ്മ കിടിലം


പത്മിനി അമ്മയ്ക്കുശേഷം ചുമതലയേറ്റ എസ്.ഐ കുട്ടിയമ്മയായിരുന്നു താരം. മൂന്നു തവണയായി ആറു വർഷം (1979 - 83, 86 - 87, 88 - 89) സ്റ്റേഷൻ ഭരിച്ച കുട്ടിയമ്മ പൂവാലന്മാരുടെ പേടിസ്വപ്നമായിരുന്നു. എവിടെ പെൺകുട്ടികൾക്കു നേരെ അതിക്രമമുണ്ടായാലും അവിടെ കുട്ടിയമ്മയും സംഘവും പറന്നെത്തുമായിരുന്നു.

Advertisement
Advertisement