കേരളത്തിന്റെ സാമ്പത്തിക ഭദ്രത തകർന്നു: സി.എ.ജി

Saturday 19 March 2022 2:39 AM IST

 ധനക്കമ്മി 5.40%

 പൊതുകടം 39.87%

തിരുവനന്തപുരം: കൊവിഡ് ആഞ്ഞടിച്ച 2020-21ൽ സംസ്ഥാനത്തിന്റെ സാമ്പത്തികഭദ്രത തകർന്നെന്ന് കംപ്ട്രോളർ ആൻഡ് ഓഡിറ്റർ ജനറലിന്റെ വാർഷിക റിപ്പോർട്ട്. സുസ്ഥിര സാമ്പത്തിക സൂചകങ്ങളായി കേന്ദ്ര- സംസ്ഥാന സർക്കാരുകൾ നിശ്ചയിച്ച പരിധികളെല്ലാം കവിഞ്ഞു. കർശന സാമ്പത്തിക അച്ചടക്കവും വരുമാന വർദ്ധനയ്ക്ക് യുക്തിപൂർവ്വമായ നടപടികളും സ്വീകരിച്ചില്ലെങ്കിൽ ധനസ്ഥിതി കൂടുതൽ അപകടസ്ഥിതിയിലേക്ക് മാറുമെന്ന മുന്നറിയിപ്പും നൽകുന്നു. റിപ്പോർട്ട് ഇന്നലെ നിയമസഭയിൽ സമർപ്പിച്ചു.

സംസ്ഥാനം അംഗീകരിച്ച ധന ഉത്തരവാദിത്വ നിയമം അനുസരിച്ച് റവന്യു കമ്മി മൊത്ത ആഭ്യന്തര ഉത്പാദനവുമായി താരതമ്യം ചെയ്തുകൊണ്ടായിരിക്കണം. എന്നാൽ സംസ്ഥാനത്ത് അത് 3.40 ശതമാനം അധികമാണിപ്പോൾ. ധനക്കമ്മിയാകട്ടെ 5.40 ശതമാനത്തിലെത്തി. പൊതുകടം മൊത്തവരുമാനത്തിന്റെ 39.87% ആയി. 2020-21വർഷത്തിൽ 758941.60 കോടി രൂപയാണ് സംസ്ഥാനത്തിന്റെ മൊത്ത ആഭ്യന്തര ഉത്പാദനം.
അതേസമയം മുൻപത്തെ രണ്ടു വർഷങ്ങളിൽ 11388.96 കോടിയും 11235.26 കോടിയുമായിരുന്ന കേന്ദ്രസഹായം 31068.28 കോടിയായി ഉയർന്നു. ഇതാണ് സംസ്ഥാനത്തെ മൊത്ത റവന്യുവരുമാനം 758942 കോടിയിലെങ്കിലും എത്തിക്കാൻ സഹായിച്ചത്. അതേസമയം ഇൗ സമയത്തെ റവന്യു ചെലവിൽ വൻ വർദ്ധനയുണ്ടായി. 2016-17ൽ 91096.31കോടി രൂപയായിരുന്ന റവന്യു ചെലവ് 2020-21ൽ 123446.33 കോടി രൂപയായി കുതിച്ചു.

വിവിധ വായ്പകൾക്കുള്ള സർക്കാർ ഗ്യാരന്റി 2016-17ൽ 20204.10 കോടി രൂപയായിരുന്നത് 2020-21ൽ 49076.88 കോടിയായി ഉയർന്നു. ഇതിൽ 36600.98 കോടി ബാദ്ധ്യതയായി നിലനിൽക്കുകയാണ്. 2016-17ൽ 23857.89 കോടി രൂപയാണ് സംസ്ഥാനം കടമെടുത്തതെങ്കിൽ 2020-21ൽ അത് 69735.36 കോടി രൂപയിലെത്തി.

ഇടിഞ്ഞ് നികുതി വരവ്

 2018-19ൽ 69682.27 കോടിയും 2019-20ൽ 66724.19 കോടിയുമായിരുന്ന നികുതി വരുമാനം 2020-21ൽ 59221.24 കോടിരൂപയായി കുറഞ്ഞു

 2016-17ൽ 45816.17കോടിയായിരുന്നു സേവനനികുതിയടക്കം കമ്മോഡിറ്റി സർവ്വീസ് ടാക്സ് വരുമാനം. 2020-21ൽ വെറും 24556.86 കോടിയായി

മൊത്തം കടബാദ്ധ്യത

2016-17 : 189768.55

2017-18 : 214518.22

2018-19 : 241614.51

2019-20 : 265362.36

2020-21 : 308386.01

Advertisement
Advertisement