യുക്രെയിൻ: കാവലാളായി മലയാളി വിദ്യാർത്ഥികൾ

Saturday 19 March 2022 12:27 AM IST

□രണ്ടായിരത്തോളം ഇന്ത്യക്കാരെ രക്ഷിച്ചു □അഭിനന്ദിച്ച് പ്രധാനമന്ത്രി

തിരുവനന്തപുരം: റഷ്യ-യുക്രെയിൻ യുദ്ധത്തിൽ കുടുങ്ങിപ്പോയ ആയിരക്കണക്കിന് ഇന്ത്യക്കാർക്ക് സഹായവുമായി അയൽ രാജ്യമായ മോൾഡോവ സ്റ്റേറ്റ് മെഡിക്കൽ യൂണിവേഴ്സിറ്റിയിലെ നാല് മലയാളി വിദ്യാർത്ഥികൾ.

തിരുവനന്തപുരം സ്വദേശി അഖിയ ഷിഹാബ്, കോഴിക്കോട് സ്വദേശി കൃഷ്‌ണ എം.കെ. ദാസ്, മലപ്പുറം സ്വദേശി നജാബ് ഹുസൈൻ, പാലക്കാട് സ്വദേശി നൗഷാദ് തയ്യിൽ എന്നിവരാണ് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയത്. യുക്രെയിനിൽ യുദ്ധം തുടങ്ങിയപ്പോൾത്തന്നെ മോൾഡോവയിലിരുന്ന് എന്ത് ചെയ്യാനാകുമെന്നായിരുന്നു ഇവരുടെ ചിന്ത. സഹപാഠികളിൽ നിന്ന് പണം സ്വരൂപിച്ച് എല്ലാം നഷ്‌ടപ്പെട്ടവർക്ക് ഭക്ഷണവും വെള്ളവും വസ്‌ത്രവും എത്തിക്കലായിരുന്നു ആദ്യ ദൗത്യം. യുക്രെയിനിലെ ഒഡേസയിൽ നിന്ന് വിദ്യാർത്ഥികൾ വിളിച്ച് സഹായം അഭ്യർത്ഥിച്ചിരുന്നു. ടാക്‌സി ഡ്രൈവർമാരെയും ബസ് ഓപ്പറേറ്റർമാരേയും ബന്ധപ്പെട്ട് ഒഡേസയിൽ നിന്ന് എണ്ണൂറോളം വിദ്യാർത്ഥികളെ വിവിധ ഘട്ടങ്ങളിൽ ബസുകളിലും ടാക്‌സികളിലും മോൾഡോവയിലെത്തിച്ചു. സർവകലാശാല അധികൃതകരുമായി സംസാരിച്ച് അടച്ചിട്ടിരുന്ന ഹോസ്റ്റലുകൾ തുറന്ന് താമസവും ഭക്ഷണവുമൊരുക്കി. എല്ലാവരേയും റൊമേനിയയിലെ വിമാനത്താവളത്തിലും സുരക്ഷിതമായി എത്തിച്ചു. പത്ത് ദിവസത്തോളം അതിർത്തിയിൽ ക്യാമ്പ് ചെയ്‌തായിരുന്നു രക്ഷാപ്രവർത്തനം .

മിക്കോലേവ്,ഖാർകീവ്,വിന്നിറ്റ്സിയ,സപൊറീഷ ഉൾപ്പെടെയുള്ള മേഖലകളിൽ നിന്ന് ഇന്ത്യൻ എംബസിയുടെ സഹായത്തോടെയായിരുന്നു പിന്നീടുളള രക്ഷാദൗത്യം. രണ്ടായിരത്തോളം പേരെയാണ് രക്ഷിച്ചത്. യുക്രെയിനിൽ കുടുങ്ങിയ ഇന്ത്യയിൽ നിന്നുളള മർച്ചന്റ് നേവി സംഘത്തെ രക്ഷിച്ചതായിരുന്നു അവസാനത്തെ ദൗത്യം. ഇതിനിടയിൽ ക്ലാസിൽ കയറാനോ പരീക്ഷ എഴുതാനോ സാധിക്കാത്തതിൽ ദുഃഖമില്ലെന്ന് അഖിയ ഷിഹാബ് കേരളകൗമുദിയോട് പറഞ്ഞു.

ഓപ്പറേഷൻ ഗംഗയിൽ പങ്കെടുത്തവരെ അഭിനന്ദിക്കാൻ പ്രധാനമന്ത്രി വിളിച്ചുചേർത്ത ഓൺലൈൻ മീറ്റിംഗിൽ നാല് പേർക്കും പങ്കെടുക്കാൻ അവസരം ലഭിച്ചു. തങ്ങളെ ആശ്രയിച്ചെത്തിയ മുഴുവൻ ഇന്ത്യക്കാരെയും രാജ്യത്തെത്തിക്കാൻ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് നാൽവർസംഘം. എങ്കിലും, സുമിയിൽ കുടുങ്ങിപ്പോയ വിദ്യാർത്ഥികൾക്കായി ഒന്നും ചെയ്യാൻ കഴിഞ്ഞില്ലെന്ന സങ്കടം ബാക്കി.

Advertisement
Advertisement