സ്ത്രീകളോടുള്ള മോശം പെരുമാറ്റം ചോദ്യം ചെയ്തു; വിദ്യാ‌ർത്ഥിയ്ക്ക് ബസ് ജീവനക്കാരുടെ ക്രൂര മർദ്ദനം

Saturday 19 March 2022 12:28 AM IST

മേലാറ്റൂർ: പെരിന്തൽമണ്ണ - അലനല്ലൂർ റൂട്ടിലെ സ്വകാര്യ ബസിലെ കണ്ടക്ടർ സ്ത്രീകളോട് മോശമായി പെരുമാറിയത് ചോദ്യം ചെയ്ത വിദ്യാർത്ഥിയെ ക്രൂരമായി മർദ്ദിച്ചതായി പരാതി. പെരിന്തൽമണ്ണയിലെ അറബിക് കോളേജിലെ ബിരുദ വിദ്യാർത്ഥി അലനല്ലൂർ എടത്തനാട്ടുകര ചക്കംതൊടി വീട്ടിൽ ഹാരിസാണ് (20) മേലാറ്റൂർ പൊലീസിൽ പരാതി നൽകിയത്. കഴിഞ്ഞ 15ന് വൈകീട്ടാണ് സംഭവം.

കണ്ടക്ടർ അനാവശ്യമായി സ്ത്രീകൾക്കിടയിലേക്ക് എത്തുന്നത് വിദ്യാർത്ഥി ചോദ്യം ചെയ്യുകയായിരുന്നു. ബസിൽ വച്ച് കണ്ടക്ടറും പിന്നാലെ റോഡിലേക്ക് വലിച്ചിറക്കി ഡ്രൈവറും ക്രൂരമായി മർദ്ദിച്ചു. ജാക്കി ലിവർ ഉപയോഗിച്ചാണ് ആക്രമിച്ചതെന്ന് ഹാരിസ് പരാതിയിൽ പറയുന്നു. മുഖത്തും കണ്ണിലും മാരകമായി പരിക്കേറ്റിട്ടുണ്ട്. ഇരുകൈയും പിറകിലേക്ക് കൂട്ടിക്കെട്ടിയായിരുന്നു മർദ്ദനം. കഞ്ചാവ് ഉപയോഗിച്ചെന്ന് തെറ്റിദ്ധരിപ്പിച്ചതോടെ നാട്ടുകാരിൽ ചിലരും ഹാരിസിനെ മർദ്ദിച്ചു. ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് വിദ്യാർത്ഥിയെ മണ്ണാർക്കാട് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ബസ് ഡ്രൈവറും കണ്ടക്ടറുമടക്കം ആറോളം പേർക്കെതിരെ മേലാറ്റൂർ പൊലീസ് കേസെടുത്തു.

അതേസമയം കേസ് അട്ടിമറിക്കാൻ പൊലീസ് ശ്രമിക്കുന്നതായി വിദ്യാർത്ഥിയുടെ ബന്ധുക്കൾ ആരോപിച്ചു. കണ്ടക്ടറുടെ മൊഴിയെടുത്ത് വിദ്യാർത്ഥിയ്ക്കെതിരെ നടപടിയെടുക്കാൻ ആയിരുന്നു പൊലീസ് ശ്രമിച്ചത്. മർദ്ദന വീഡിയോ സോഷ്യൽമീഡിയയിൽ പടർന്നതോടെയാണ് വിദ്യാർത്ഥിയുടെ മൊഴിയെടുത്തതെന്നും ബന്ധുക്കൾ പറയുന്നു. വിദ്യാർത്ഥി ബസ് കണ്ടക്ടർക്കെതിരെ പെപ്പർ സ്‌പ്രേ ഉപയോഗിച്ചെന്നും ഇതാണ് പ്രശ്നത്തിന് കാരണമെന്നും മേലാറ്റൂർ സി.ഐ ഷാരോൺ പറയുന്നു.

Advertisement
Advertisement