അഞ്ചേരി വധക്കേസ് : എം.എം. മണി കുറ്റവിമുക്തൻ

Saturday 19 March 2022 12:54 AM IST

കൊച്ചി: ഇടുക്കിയിൽ കോൺഗ്രസ് നേതാവായിരുന്ന അഞ്ചേരി ബേബിയെ കൊലപ്പെടുത്തിയതുമായി ബന്ധപ്പെട്ട കേസിൽ മുൻമന്ത്രി എം.എം. മണി, സി.പി.എം ഇടുക്കി ജില്ലാ നേതാക്കളായ കുട്ടപ്പൻ എന്ന പാമ്പുപാറ കുട്ടൻ, ഒ.ജി. മദനൻ എന്നിവരെ ഹൈക്കോടതി കുറ്റവിമുക്തരാക്കി.

കൊലപാതകം നടന്ന് 30 വർഷങ്ങൾക്കുശേഷം 2012 മേയ് 25ന് നടത്തിയ വിവാദമായ വൺ, ടൂ, ത്രീ പ്രസംഗത്തെത്തുടർന്ന് അഞ്ചേരി ബേബിയെ വധിക്കാൻ ഗൂഢാലോചന നടത്തിയെന്നാരോപിച്ചാണ് എം.എം. മണിയടക്കമുള്ളവർക്കെതിരെ കേസെടുത്തത്. 1982 കാലഘട്ടത്തിൽ രാജക്കാട്, ശാന്തൻപാറ മേഖലയിൽ എതിരാളികളെ വകവരുത്തിയെന്ന് അവകാശപ്പെട്ടാണ് മണി പ്രസംഗിച്ചത്. ഈ കേസിൽനിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് എം.എം. മണി, കുട്ടപ്പൻ, ഒ.ജി മദനൻ എന്നിവർ വിചാരണക്കോടതിയെ സമീപിച്ചെങ്കിലും തള്ളി. തുടർന്നാണ് ഹൈക്കോടതിയെ സമീപിച്ചത്.

അഞ്ചേരി ബേബിയെ കൊലപ്പെടുത്താൻ മണിയുടെ നേതൃത്വത്തിൽ സി.പി.എമ്മിന്റെ രാജാക്കാട് ഏരിയാ കമ്മിറ്റി ഓഫീസിൽ ഗൂഢാലോചന നടത്തിയെന്നും തുടർന്ന് ഏലത്തോട്ടത്തിൽ പതിയിരുന്ന് വെടിവച്ചു കൊലപ്പെടുത്തിയെന്നുമായിരുന്നു കേസ്. മണിയടക്കമുള്ള പ്രതികൾക്ക് കേസിൽ പങ്കുണ്ടെന്ന് തെളിയിക്കാൻ പഴയകേസിൽ പ്രതികളായ അഞ്ചുപേരെ പ്രോസിക്യൂഷൻ സാക്ഷികളാക്കിയിരുന്നു. എന്നാൽ, ഇവരടക്കമുള്ള സാക്ഷികളുടെ മൊഴികളിലെ വൈരുദ്ധ്യം കേസിനെത്തന്നെ തകർക്കുന്നതാണെന്ന് ജസ്റ്റിസ് സുനിൽ തോമസ് ചൂണ്ടിക്കാട്ടി. തുടർന്നാണ് വിചാരണ തുടരുന്നതിൽ കാര്യമില്ലെന്ന് വിലയിരുത്തി കേസ് റദ്ദാക്കി പ്രതികളെ കുറ്റവിമുക്തരാക്കിയത്.

കുറ്റവിമുക്തനാക്കിയ കോടതി വിധിയിൽ സന്തോഷമുണ്ടെന്നും നീതി ലഭിച്ചെന്നും മുൻ മന്ത്രിയും സി.പി.എം നേതാവുമായ എംഎം മണി പ്രതികരിച്ചു. നേരിട്ട് കാണാത്ത ആളെയാണ് താൻ കൊലപ്പെടുത്തിയതെന്ന് യു.ഡി.എഫുകാർ ആരോപിക്കുന്നതെന്നും അവരുടെ ചരിത്രം അതാണെന്നും മണി പറഞ്ഞു.

Advertisement
Advertisement