സമഗ്ര സർവേ സാദ്ധ്യമല്ലെന്ന് സർക്കാർ

Saturday 19 March 2022 2:48 AM IST

എൻ.എസ്.എസിന്റെ ഹർജി തീർപ്പാക്കി

കൊച്ചി: സംസ്ഥാനത്തെ എല്ലാ സമുദായങ്ങളുടെയും സാമൂഹ്യ - സാമ്പത്തികസ്ഥിതി, ജനസംഖ്യ തുടങ്ങിയവ കണ്ടെത്താൻ ജസ്റ്റിസ് എ.വി. രാമകൃഷ്‌ണപിള്ള അദ്ധ്യക്ഷനായ മുന്നാക്ക സമുദായ കമ്മിഷൻ ശുപാർശചെയ്‌ത സമഗ്ര സാമൂഹ്യ സാമ്പത്തിക സാമുദായിക സർവേ ഇപ്പോൾ നടത്താനാവില്ലെന്ന് സർക്കാർ ഹൈക്കോടതിയിൽ അറിയിച്ചു. സർക്കാരിന്റെ ഇപ്പോഴത്തെ സാമ്പത്തികസ്ഥിതിയും കൊവിഡ് സാഹചര്യവും കണക്കിലെടുത്താണ് സർവേ നടത്താനാവില്ലെന്ന് അറിയിച്ചത്. മുന്നാക്ക വിഭാഗങ്ങളിൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവരെ കണ്ടെത്താൻ സർക്കാർ സാമ്പിൾസർവേ നടത്താൻ തീരുമാനിച്ചതിനെതിരെ എൻ.എസ്.എസ് നൽകിയ ഹർജി ഈ വിശദീകരണം രേഖപ്പെടുത്തി ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്‌ണൻ തീർപ്പാക്കി. ഓരോവാർഡിലും മുന്നാക്ക വിഭാഗങ്ങളിൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന അഞ്ചുവീടുകൾ തിരഞ്ഞെടുത്ത് സർവേ നടത്തി മുന്നാക്കക്കാരിലെ പിന്നാക്കക്കാരെ കണ്ടെത്തുന്നതിനെയാണ് എൻ.എസ്.എസ് എതിർത്തത്. ഈ ഹർജി പരിഗണിക്കവേ സാമ്പത്തിക സംവരണത്തിന് അർഹരായവരെ കണ്ടെത്താൻ സമഗ്രമായ സർവേയാണ് വേണ്ടതെന്ന് അഭിപ്രായപ്പെട്ട സിംഗിൾബെഞ്ച് ഇക്കാര്യത്തിൽ സർക്കാരിന്റെ നിലപാട് തേടുകയായിരുന്നു.

Advertisement
Advertisement