ചൂടിനെ അതിജീവിച്ച് തൊഴിലുറപ്പ് തൊഴിലാളികൾ

Sunday 20 March 2022 12:20 AM IST

​ ​നൂറ് തൊഴിൽദിനങ്ങളും പൂർത്തിയാക്കിയ കുടുംബങ്ങൾ- 23310 എണ്ണം

​ ​പുതിയ തൊഴിൽ കാർഡ് ലഭിച്ച കുടുംബങ്ങൾ-18840.

​ ​18നും 30നും മദ്ധ്യേപ്രായമുള്ളവർ- 4722 പേർ.

പാലക്കാട്: ജില്ലയിലെ വെന്തുരുകുന്ന ചൂടിലും തൊഴിലുറപ്പ് ജോലികൾ പുരോഗമിക്കുന്നു. ചൂട് കൂടിയതോടെ ലേബർ കമ്മിഷൻ ഉത്തരവുപ്രകാരം രാവിലെ ഏഴുമുതൽ വൈകീട്ട് ഏഴുവരെ തൊഴിൽസമയം ക്രമീകരിച്ചിട്ടുണ്ട്. ചൂടിന്റെ കാഠിന്യം കൂടിയ ഉച്ചയ്ക്ക് 12 മുതൽ മൂന്നുവരെ വിശ്രമവേളയാണ്. എന്നിരുന്നാലും മറ്റുസമയങ്ങളിലെ ചൂടിനെ തൊഴിലാളികൾ അതിജീവിച്ചാണ് ജോലി ചെയ്യുന്നത്. കൊവിഡ് വ്യാപന സാഹചര്യത്തിലും മാനദണ്ഡങ്ങൾ പാലിച്ച് തൊഴിലുറപ്പ് പദ്ധതി സാധാരണക്കാർക്ക് കൈതാങ്ങായിരുന്നു. കൊവിഡ് മൂലം മറ്റ് തൊഴിൽ സാദ്ധ്യതകൾ മുടങ്ങിയതോടെ നിരവധി പേർക്കാണ് പദ്ധതി ആശ്രയമായത്.

2021- 2022 സാമ്പത്തിക വർഷം ഇതുവരെ ജില്ലയിൽ 18840 കുടുംബങ്ങൾക്കാണ് പുതിയ തൊഴിൽ കാർഡ് നൽകിയത്. ഇതിൽ കൂടുതലും യുവാക്കളാണ്. 18നും 30നും മദ്ധ്യേപ്രായമുള്ള 4722 പേർക്ക് തൊഴിൽ ലഭ്യമാക്കി. ജില്ലയിൽ ആകെ 1,67,785 കുടുംബങ്ങളാണ് തൊഴിലുറപ്പ് പദ്ധതിയിലുള്ളത്. ഇതിൽ 1,90,612 തൊഴിലാളികൾ ഉൾപ്പെടും. ഈ സാമ്പത്തിക വർഷം 23310 കുടുംബങ്ങൾ നൂറ് തൊഴിൽദിനങ്ങളും പൂർത്തിയാക്കി. 291 രൂപയാണ് നിലവിലെ കൂലി.

നിലവിൽ നടക്കുന്ന പണികൾ

കുളം, കിണർ, തോട്, നീർച്ചാലുകൾ എന്നിവയുടെ നവീകരണവും നിർമ്മാണവും, പശുത്തൊഴുത്ത്, ആട്ടിൻകൂട്, കോഴിക്കൂട് എന്നിവയുടെ നിർമ്മാണം, കൃഷിയിടങ്ങൾ ഒരുക്കൽ.

ലോക്ക്ഡൗണിനു ശേഷമാണ് തൊഴിലുറപ്പ് പദ്ധതി യുവാക്കളെ ഏറെ ആകർഷിച്ചത്. ലോക്ക്ഡൗൺ സമയത്ത് പദ്ധതിയിൽ ചേരുന്നവരുടെ എണ്ണം വലിയ തോതിൽ വർദ്ധിച്ചു. ജില്ലയിലെ 88 പഞ്ചായത്തുകളിലും വിവിധതരത്തിലുള്ള പ്രവൃത്തികൾ പുരോഗമിക്കുന്നുണ്ട്. തൊഴിലിടങ്ങളിൽ തൊഴിലാളികൾക്ക് ആവശ്യമായ വെള്ളം ഉറപ്പാക്കുന്നുണ്ട്.

കെ.അമൃത, ജില്ലാ എൻജിനീയർ, എൻ.ആർ.ഇ.ജി.എസ്.

Advertisement
Advertisement