പടന്ന വളപ്പുകാർക്കും മോഹമുണ്ട് നല്ല വെളിച്ചത്തിൽ കഴിയാൻ

Sunday 20 March 2022 12:26 AM IST
electric

കോഴിക്കോട്: പടന്ന വളപ്പ് പ്രദേശത്ത് വൈദ്യുതി ഉപഭോക്താക്കൾ കൂടിയിട്ടും പുതിയ ട്രാൻസ്ഫോർമർ സ്ഥാപിക്കാത്തതിനാൽ വോൾട്ടേജ് ക്ഷാമം രൂക്ഷമായി. വൈദ്യുതി തടസവും നിത്യസംഭവമായതോടെ ജനം ഇരുട്ടിൽ തപ്പുകയാണ്.

നേരത്തെ ഈ പ്രദേശത്ത് കുറഞ്ഞ വീടുകൾ മാത്രമെ ഉണ്ടായിരുന്നുള്ളു. വീടുകൾ വൻതോതിൽ കൂടിയിട്ടും പ്രദേശത്ത് പഴയ ട്രാൻസ്‌ഫോർമർ വഴി തന്നെയാണ് അധികമുള്ള ഉപഭോക്താക്കൾക്കും വൈദ്യുതി വിതരണം ചെയ്യുന്നത്. നിലവിലെ ട്രാൻസ്ഫോർമർ ലോഡ് താങ്ങാനാവാതെ പല ദിവസങ്ങളിലും കേടാവുകയാണ്.

വേനൽചൂട് ക്രമാതീതമായി ഉയർന്നതോടെ വൈദ്യുതിയില്ലാതെ വീടുകളിൽ കഴിയാനാവാത്ത സ്ഥിതിയാണ്. രാത്രിയിൽ ചൂടുകാരണം കുഞ്ഞുങ്ങൾ ഉറങ്ങാതെ കരയുകയാണെന്ന് പ്രദേശവാസികൾ പറയുന്നു. വോൾട്ടേജ് ക്ഷാമവും വൈദ്യുതി തടസവും പതിവായതോടെ എ.സി, ഫ്രിഡ്ജ് എന്നിവയ്ക്കെല്ലാം കേടുപാടുകൾ സംഭവിക്കുകയാണ്. വൈദ്യുതി തടസം നേരിടുന്നതിനാൽ രാത്രിയിൽ ഫ്രിഡ്ജിൽ സൂക്ഷിക്കുന്ന സാധനങ്ങൾ രാവിലെയാകുമ്പോഴേക്കും ചീത്തയാവുകയാണ്. പുതിയ ട്രാൻസ്ഫോമർ സ്ഥാപിച്ചും മറ്റ് സംവിധാനങ്ങൾ ഏർപ്പെടുത്തിയും വൈദ്യുതി പ്രശ്നത്തിന് ഉടൻ പരിഹാരം കാണണമെന്ന് പറവ റസിഡൻസ് വെൽഫെയർ അസോസിയേഷൻ യോഗം ആവശ്യപ്പെട്ടു. പ്രസിഡന്റ് പി.വി.ഷംസുദ്ദീന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സെക്രട്ടറി പി.എൻ.ആസിഫ്, ട്രഷറർ എൻ.കെ.വി.ഹംസക്കോയ, കെ.വി.ആലിക്കോയ, എസ്.വി.ശിർഷാദ്, പി.വി.ജബ്ബാർ, എസ്.ഷെയ്ക്ക് മുഹമ്മദ്, എൻ.വി.യൂനസ്കോയ, പി.ടി.അഹമ്മദ് കോയ ബാവ, വി.പി.മുഹമ്മദ് റാഫി, എൻ.അബ്ദുൾ മനാഫ്, പി.ടി.ഇസ്മയിൽ, പി.നൗഷാദ് അലി, എം.വി.ഹാരിസ്, എൻ.വി.മുഹമ്മദ് നിസാം, എം.പി.നാസർ, ഡി. അമീറലി, എൻ.വി.ബഷീർ എന്നിവർ സംസാരിച്ചു.

തുറമുഖ മന്ത്രി അഹമ്മദ് ദേവർകോവിൽ, ഡെപ്യൂട്ടി മേയർ സി.പി.മുസാഫർ അഹമ്മദ്, കല്ലായ് കെ.എസ്.ഇ.ബി.എക്സിക്യുട്ടീവ് എൻജിനിയർ എന്നിവർക്ക് റസിഡൻസ് വെൽഫെയർ അസോസിയേഷൻ നിവേദനം നൽകി.

Advertisement
Advertisement