കോൺഗ്രസിന്റെ ലക്ഷ്യം കേരളത്തിൽ നന്ദിഗ്രാം സൃഷ്‌ടിക്കൽ: കോടിയേരി

Sunday 20 March 2022 2:26 AM IST

തിരുവനന്തപുരം: കെ-റെയിലിന്റെ പേരിൽ കേരളത്തിൽ നന്ദിഗ്രാം സൃഷ്ടിക്കാനുള്ള ദുരുദ്ദേശ്യമാണ് കോൺഗ്രസിനെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ വാർത്താസമ്മേളനത്തിൽ ആരോപിച്ചു.

ഇവിടെ വെടിവയ്പുണ്ടാക്കി കുറച്ച് രക്തസാക്ഷികളെ സൃഷ്‌ടിക്കാനാണ് ശ്രമം. എം.എം. ഹസൻ കല്ല് പറിച്ചില്ലേ. അയാൾക്കവിടെ സ്ഥലമുണ്ടോ? ഇത് രാഷ്ട്രീയ സമരമാണ്. അതിനെ രാഷ്ട്രീയമായി നേരിടും. വികസന പരിപാടികളുമായി സർക്കാർ മുന്നോട്ട് പോകും. സമരരംഗത്ത് സ്ത്രീകളെ അറസ്റ്റ് ചെയ്യുന്നത് സ്വാഭാവികമാണ്. കുഞ്ഞുങ്ങളെ സമര രംഗത്ത് കൊണ്ടുപോകുന്നത് ബോധപൂർവ്വം പ്രശ്നമുണ്ടാക്കാനാണ്. പൊലീസിന് തടസമുണ്ടാക്കിയാൽ അവരത് മാറ്റും. പൊലീസ് സ്തംഭിച്ചുനിന്നാൽ ക്രമസമാധാന പാലനവും സ്തംഭിക്കില്ലേ. തടസത്തിന്റെ പേരിൽ വികസന പ്രവർത്തനങ്ങളിൽ നിന്ന് എൽ.ഡി.എഫ് സർക്കാർ പിന്മാറില്ല. ജനങ്ങളോട് യുദ്ധം ചെയ്യാനല്ല, അവരെ ഒപ്പം നിറുത്തി വികസനം നടപ്പാക്കാനാണ് ശ്രമം.

നാല്പത് ശതമാനം ആളുകൾ യു.ഡി.എഫിനൊപ്പമില്ലേ. അവർക്ക് പ്രശ്നമുണ്ടാക്കാനാവില്ലേ. അവരും ബി.ജെ.പിയും ചേർന്നാൽ ശക്തിയായി. യു.ഡി.എഫും ബി.ജെ.പിയും ജമാഅത്തെ ഇസ്ലാമിയും എസ്.ഡി.പി.ഐയുമെല്ലാം ചേർന്ന് പ്രശ്നങ്ങളുണ്ടാക്കുകയാണ്. സാമൂഹികാഘാത പഠനത്തിനാണ് ഇപ്പോൾ കല്ലിടുന്നത്. കല്ലിടുന്ന എല്ലാവരുടെയും ഭൂമി ഏറ്റെടുക്കുന്നില്ല. നേരിട്ട് ബാധിക്കുന്നവരുടെ പ്രശ്നങ്ങൾ സർക്കാർ ചർച്ച ചെയ്യും. ദേശീയപാത 45 മീറ്റർ വീതിയിലാക്കാൻ തീരുമാനിച്ചപ്പോൾ എന്തൊക്കെ എതിർപ്പുണ്ടായി? അത് മാറിയില്ലേ. 1982ൽ തലശ്ശേരി- മാഹി പാതയ്ക്ക് എതിർപ്പുണ്ടായപ്പോൾ രാഷ്ട്രീയപാർട്ടികളുടെ നിവേദനവുമായി എം.എൽ.എയായിരുന്ന താൻ മുഖ്യമന്ത്രി കെ. കരുണാകരനെ കണ്ടു. അന്ന് കരുണാകരൻ പറഞ്ഞത് കോടിയേരി കുറേക്കാലം ജീവിക്കേണ്ടയാളല്ലേ, അതുകൊണ്ട് ഇനി ഈ പ്രശ്നവുമായി ഇങ്ങോട്ട് വരരുത് എന്നാണ്. അതാണ് വികസനസമീപനം. ഇന്ന് കോൺഗ്രസിന്റെ നിലപാട് പരിഹാസ്യമാണ്. അവർ തെറ്റ് തിരുത്തണം. വ്യക്തമായ നിലപാടെടുക്കാനുള്ള നേതൃത്വം കോൺഗ്രസിനില്ല. ഒരാൾ പറയുന്നത് മറ്റേയാൾ കേൾക്കില്ല. നിലപാടെടുക്കാനാവാത്ത പാർട്ടിയായി കോൺഗ്രസ് അധ:പതിച്ചതിന്റെ ഫലമാണ് കെ-റെയിലിന്റെ പേരിലെ സമരാഭാസമെന്നും കോടിയേരി പറഞ്ഞു.

Advertisement
Advertisement