ന്യൂനപക്ഷത്തിന് മാത്രമേ കേരളത്തിൽ ജീവിക്കാൻ കഴിയൂ: വെള്ളാപ്പള്ളി

Sunday 20 March 2022 12:21 AM IST

കായംകുളം: ന്യൂനപക്ഷമാണെങ്കിൽ മാത്രമേ കേരളത്തിൽ ജീവിക്കാൻ കഴിയൂ എന്ന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. മേട്ടുതറ നാരായണൻ അനുസ്മരണ ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കോൺഗ്രസിന്റെ രാജ്യസഭാ സ്ഥാനാർത്ഥിയായി ജെബി മേത്തറിനെ നിശ്ചയിച്ചതിനെ പരാമർശിച്ചായിരുന്നു വെള്ളാപ്പള്ളിയുടെ പ്രതികരണം.

രാജ്യസഭാ സ്ഥാനാർത്ഥിയെ നിശ്ചയിക്കുന്നത് കോൺഗ്രസിന്റെ ആഭ്യന്തര കാര്യമാണ്. വനിതയാണ്, യുവതിയാണ് എന്നൊക്കെ പറഞ്ഞതിന് പിന്നാലെ ന്യൂനപക്ഷമാണെന്ന് ഒരുതള്ളുകൂടി നടത്തിയതെന്തിനാണ്. ന്യൂനപക്ഷമാണെങ്കിലേ ഇവിടെ ജീവിക്കാൻ കഴിയൂ എന്നുണ്ടോ എന്ന് അദ്ദേഹം ചോദിച്ചു.

തന്നോട് സ്നേഹമുള്ള ആളാണ് വെള്ളാപ്പള്ളിയെന്നും അദ്ദേഹത്തിന്റെ സ്നേഹവാത്സല്യങ്ങൾ ഏറെ അനുഭവിച്ചിട്ടുണ്ടന്നും ചടങ്ങിൽ അദ്ധ്യക്ഷനായിരുന്ന രമേശ് ചെന്നിത്തല പറഞ്ഞു.

താനും തന്റെ കുടുംബവും ഇഷ്ടപ്പെടുന്ന നേതാവാണ് രമേശ് ചെന്നിത്തല എന്ന് വെള്ളാപ്പള്ളി പറഞ്ഞു. തന്നെ പിടിച്ച് അകത്തിടാൻ ഓർഡർ ഇട്ടയാളാണെന്ന് അറിയാമെന്നും കൂട്ടിച്ചേർത്തു. പറയാനുള്ളത് പറഞ്ഞില്ലെങ്കിൽ ഉറക്കം വരില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു.

Advertisement
Advertisement