നാടക പ്രവർത്തകൻ മധു മാസ്റ്റർ അന്തരിച്ചു

Sunday 20 March 2022 12:26 AM IST

കോഴിക്കോട്: മലയാള നാടക പ്രവർത്തകനും പ്രമുഖ രാഷ്ട്രീയ സാമൂഹിക പ്രവർത്തകനുമായ മധു മാസ്റ്റർ (കെ.മധുസൂദനൻ -74 ) അന്തരിച്ചു. എരഞ്ഞിപ്പാലം സഹകരണ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. അമ്മ, സ്പാർട്ടക്കസ്, പുലിമറഞ്ഞ കുട്ടൻ മൂസ്, മൂട്ട, സുനന്ദ തുടങ്ങി പതിനഞ്ച് നാടകങ്ങളുടെ രചയിതാവാണ്. എട്ടോളം സിനിമകളിൽ വേഷമിട്ടു. നക്സൽ പ്രസ്ഥാനത്തിന്റെ വയനാട് ജില്ലാ സെക്രട്ടറിയായിരിക്കെ അറസ്റ്റിലായി 6 മാസം ജയിലിൽ കഴിയേണ്ടി വന്നു. ഇക്കാലയളവിൽ കൊടിയ പൊലീസ് പീഡനം നേരിട്ടു. സി.പി.എം, സി.പി.ഐ, സി.പി.ഐ (എം.എൽ) പാർട്ടികളുമായി സഹകരിച്ച് പ്രവർത്തിച്ചിട്ടുണ്ട്. മധു മാസ്റ്ററുടെ നാടകങ്ങളിലൂടെയാണ് ചലച്ചിത്ര നടൻ ജോയ് മാത്യു അഭിനയ രംഗത്തെത്തിയത്. ഭാര്യ: കെ.തങ്കം. മക്കൾ: എം.ടി.വിധുരാജ് ( മലയാള മനോരമ സീനിയർ ഫോട്ടോഗ്രാഫർ), അഭിനയരാജ് (എ.എൻ.എസ് മീഡിയ, കൊച്ചി ). മരുമക്കൾ : സ്വർണ വിധുരാജ്, പി. സുദർഷിണ.

Advertisement
Advertisement