കുറഞ്ഞ വിലയിൽ കേരളത്തിന്റെ സ്വന്തം ചിക്കൻ

Sunday 20 March 2022 12:45 AM IST

കൊച്ചി:‌ സംസ്ഥാനത്തു കോഴി വില കുതിച്ചുയരുമ്പോൾ കോഴിപ്രേമികൾക്ക് ആശ്വാസമാകുകയാണ് കേരളത്തിന്റെ സ്വന്തം കേരള ചിക്കൻ. പൊതുവിപണിയേക്കാളും 20 രൂപ വിലക്കുറവിലാണ് കേരള ചിക്കൻ ഔട്ട്ലെറ്റുകളിൽ കോഴിയിറച്ചി വിൽക്കുന്നത്. സംസ്ഥാനത്തു കോഴി വില കുതിച്ചുയർന്നപ്പോൾ 2018–19 വാർഷിക ബഡ്‌ജറ്റിലാണു കേരള ചിക്കൻ പദ്ധതി അന്നത്തെ ധനമന്ത്രി ടി.എം. തോമസ് ഐസക് പ്രഖ്യാപിച്ചത്.

 കേരള ചിക്കൻ കോഴി വില (ഇന്നലെ)- 148

 പൊതുവിപണി- 168- 170

 സംസ്ഥാനത്തെ ഔട്ട്ലെറ്റുകൾ- 94

 ഫാം- 260

 ജില്ലയിലെ ഔട്ട്ലെറ്റ്- 18

 ഫാം- 60

ജില്ലയിലെ ഔട്ലെറ്റുകൾ

ഏഴിക്കര, മുളവുകാട് (2), കുഴുപ്പിള്ളി, കൂവപ്പടി, വാഴക്കുളം (2), പള്ളിപ്പുറം, എടത്തല, മുളന്തുരുത്തി, നെടുങ്ങപ്ര, നീലീശ്വരം, ചിറ്റാറ്റുകര, എളങ്കുന്നപ്പുഴ, പറവൂർ, ആലങ്ങാട്, കൊച്ചി ഈസ്റ്റ്, കൊച്ചി സൗത്ത്.

വേനലെന്ന വില്ലൻ

വേനൽക്കാലമായതിനാലാണ് കോഴി വില കുത്തനെ കൂടാൻ കാരണം. കോഴിത്തീറ്റയിലെ പ്രധാന അസംസ്കൃത വസ്തുവായ ചോളത്തിന്റെ ലഭ്യതയും കുറയും. 2,000 രൂപയായിരുന്ന കോഴിത്തീറ്റയ്ക്ക് ഇപ്പോൾ 2,400 ആണ് വില. ജനുവരിയിൽ 85- 90 രൂപയ്ക്കാണ് കേരള ചിക്കൻ സ്റ്റോറുകൾ മുഖേന കോഴി വിറ്റിരുന്നത്. തമിഴ്നാട്ടിൽ നിന്നും 13 രൂപയ്ക്ക് കിട്ടിയിരുന്ന ഒരുദിവസം പ്രായമുള്ള കോഴിക്കുഞ്ഞുങ്ങൾക്ക് ഇപ്പോൾ 45 രൂപയാണ് വില.

ഫാം വില 130 രൂപയാണ്. ഇടനിലക്കാരില്ലാത്തതിനാൽ ഈ വിലയ്ക്ക് തന്നെ ഔട്ട്ലെറ്റുകളിൽ എത്തിക്കാൻ സാധിക്കും. വളർത്തുന്നതും വിപണനവുമെല്ലാം കുടുംബശ്രീ അംഗങ്ങളാണ്.

പുതിയ ഫാം

ആലപ്പുഴ, പാലക്കാട്, മലപ്പുറം, കണ്ണൂർ ജില്ലകളിൽ പുതിയ ഫാമും ഔട്ട്ലെറ്റുകളും ഉടൻ ആരംഭിക്കും. നിലവിൽ തിരുവനന്തപുരം, കൊല്ലം, കോട്ടയം, എറണാകുളം, തൃശൂർ, കോഴിക്കോട് ജില്ലകളിലാണ് ഫാമുകളും ഔട്ട്ലെറ്റുകളുമുള്ളത്.

കേരളചിക്കൻ ഷോപ്പുകളിൽ ഇപ്പോൾ വലിയ തിരക്കുണ്ട്. പ്രതിദിനം 400 കിലോ ചിക്കൻ വരെ ഒരിടത്തുനിന്ന് വിറ്റുപോകുന്നുണ്ട്. കിരൺ സുഗതൻ

മാർക്കറ്റിംഗ് മാനേജർ

കേരള ചിക്കൻ

Advertisement
Advertisement