ചോറ്റാനിക്കരയിൽ പ്രതിഷേധം: കെ-റെയിലിന് കല്ലിട്ടില്ല

Saturday 19 March 2022 11:44 PM IST

ചോറ്റാനിക്കര: ശക്തമായ പ്രതിഷേധത്തെ തുടർന്ന് ഇന്നലെ ചോറ്റാനി​ക്കരയി​ൽ കെ-റെയി​ൽ സർവേ ഉദ്യോഗസ്ഥർ കല്ലി​ടാതെ പി​ന്മാറി​. അടിയായ്ക്കൽ പാടശേഖരത്ത് വ്യാഴാഴ്ച സ്ഥാപിച്ച കല്ലുകൾ ജനക്കൂട്ടം പിഴുത് തോട്ടിലെറിഞ്ഞു. ഇന്നലെ രാവിലെയാണ് ഉദ്യോഗസ്ഥർ സർവ്വേയ്ക്കായി എത്തിയത്. അപ്പോൾ തന്നെ ജനകീയ സമിതിയുടെ നേതൃത്വത്തിൽ നാട്ടുകാരും കോൺഗ്രസ്, ബി.ജെ.പി പ്രവർത്തകരും രംഗത്തെത്തി. നൂറുകണക്കിനാളുകളുടെ എതിർപ്പിനെ തുടർന്ന് ഉദ്യോഗസ്ഥർ ഉദ്യമത്തിൽ നിന്ന് പിന്മാറുകയായിരുന്നു. കല്ലുകൾ വാഹനത്തിൽ നിന്ന് ഇറക്കിയില്ല. ചോറ്റാനിക്കര പൊലീസ് സ്ഥലത്തുണ്ടായി​രുന്നെങ്കി​ലും പ്രശ്നത്തിൽ ഇടപെട്ടില്ല. അഡ്വ. അനൂപ് ജേക്കബ്‌ എം.എൽ.എ, കോൺഗ്രസ് ജില്ലാ പ്രസിഡന്റ് മുഹമ്മദ് ഷിയാസ്, നേതാക്കളായ രാജു പി.നായർ, ജനകീയ സമിതി നേതാക്കൾ തുടങ്ങിയവരുടെ നേതൃത്വത്തിലായി​രുന്നു സമരം. തുടർന്ന് അടിയായ്ക്കൽ പാടശേഖരത്തിൽ ഇട്ട ആറ് സർവേക്കല്ലുകൾ നേതാക്കളും നാട്ടുകാരും ചേർന്ന് പിഴുതെടുത്ത് സമീപത്തെ തോട്ടിലേക്ക് ഇട്ടു. ചോറ്റാനിക്കര പഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റ് റീസ് പുത്തൻവീടന്റെ പുരയിടത്തിൽ കൂടിയായിരുന്നു ഇന്നലെ കല്ലിടൽ നടക്കേണ്ടിയിരുന്നത്. അടുത്ത ദിവസവും കല്ലിടാൻ ഉദ്യോഗസ്ഥർ എത്തുമെന്നാണ് സൂചന.

Advertisement
Advertisement