ചിന്നക്കാര്യമല്ല, ഛിന്നഗ്രഹ ഖനനം!

Sunday 20 March 2022 1:28 AM IST

കുടിക്കാൻ ശുദ്ധജലം പോലും കിട്ടാനില്ലാതെ, കടുത്ത ദാരിദ്ര്യത്തിൽ കഴിയുന്ന 25 ഓളം രാജ്യങ്ങളിലെ 800 ദശലക്ഷം ആളുകൾ ഉൾപ്പെടെ ലോകത്തുള്ള എല്ലാവരെയും കോടീശ്വരന്മാരാക്കാനാകും ഛിന്നഗ്രഹ ഖനനത്തിലൂടെ. 96 കോടി ഡോളർ ചെലവിട്ട് അമേരിക്ക 2022 ആഗസ്റ്റിൽ വിക്ഷേപിക്കുന്ന സൈക്കി സ്പേസ് ക്രാഫ്ട് ഇതിന്റെ തുടക്കം മാത്രം.

ഛിന്നഗ്രഹങ്ങൾ

സൗരയൂഥത്തിലെ സൂര്യനും, ഭൂമി തുടങ്ങിയ മറ്റു ഗ്രഹങ്ങളും രൂപപ്പെട്ടതിനുശേഷം അന്തരീക്ഷത്തിൽ അവശേഷിച്ച വസ്തുക്കളാണ് ഛിന്നഗ്രഹങ്ങൾ. ചിലതിൽ കളിമണ്ണ്, ഐസ്, അമോണിയ, മീഥെയ്ൻ തുടങ്ങിയവ ഉണ്ടെങ്കിൽ മറ്റു ചിലതിൽ വിലയേറിയ പ്ലാറ്റിനം, സ്വർണം, വെള്ളി, ചെമ്പ് തുടങ്ങിയ ലോഹങ്ങളാണുള്ളത്. ഇത്തരം അമൂല്യലോഹങ്ങളുള്ള ഒരു ഛിന്നഗ്രഹമാണ് സൈക്ക് 16. ചൊവ്വാ ഗ്രഹത്തിനും വ്യാഴത്തിനുമിടയിൽ ഭൂമിയിൽ നിന്ന് 337 ദശലക്ഷം കിലോമീറ്റർ അകലെ സൂര്യനെ വലം വയ്ക്കുന്നു. പ്രകാശവേഗത്തിൽ ഭൂമിയിൽ നിന്ന് ഒരു റോക്കറ്റ് വിട്ടാൽ അവിടെ എത്താൻ ഏതാണ്ട് 19 മിനിട്ടെടുക്കും. സൈക്ക് 16 ൽ ഉള്ള സ്വർണം ലോകജനതയ്ക്ക് തുല്യമായി പങ്കിട്ടാൽ ഓരോ വ്യക്തിയും കോടിശ്വരന്മാരായിത്തീരും. ഇറ്റലിയിലെ ജ്യോതിശാസ്ത്രജ്ഞനായ അനി ബലെ ഡെ ഗാസ്പരിസ് 1852 ൽ കണ്ടുപിടിച്ചതാണ് സൈക്ക് 16. ഇത് 16-ാമതായി കണ്ടെത്തിയ മൈനർ ഗ്രഹമായിരുന്നു. സൂര്യനെ ഒരു തവണ വലംവയ്ക്കാൻ സൈക്കി അഞ്ചു ഭൗമവർഷമെടുക്കും. പക്ഷേ സ്വന്തം അച്ചുതണ്ടിൽ ഒന്നു ചുറ്റിത്തിരിയാൻ നാല് മണിക്കൂർ മതി. സൈക്കിയുടെ വ്യാസം 226 കിലോമീറ്റർ മാത്രം.

നാസയുടെ സൈക്ക് ദൗത്യം

നാസയുടെ സൈക്ക് ദൗത്യം 2022 ആഗസ്റ്റിൽ തുടങ്ങും. ഫ്ളോറിഡയിലെ കേപ്പ് കനാവറലിൽ നിന്ന് ആദ്യവിക്ഷേപം. 2026ൽ സൈക്കിസ്പേസ് ക്രാഫ്ട് സൈക്ക് 16 ൽ എത്തിച്ചേരും. 50 വർഷം കഴിയുമ്പോഴേക്കും ആധുനിക വ്യവസായത്തിനും ഭക്ഷ്യ ഉത്പാദനത്തിനും വേണ്ട പ്രധാന അസംസ്കൃത വസ്തുക്കൾ ഭൂമിയിൽ ഇല്ലാതാകും. അപ്പോൾ ഛിന്നഗ്രഹ വിഭവങ്ങൾ ഉപയോഗിക്കേണ്ടി വരും. ഛിന്നഗ്രഹങ്ങളെ ഒരു രാജ്യത്തിന് സ്വന്തമാക്കാൻ നിയമം അനുവദിക്കുന്നില്ല. പക്ഷേ ആർക്ക് വേണമെങ്കിലും അവിടെ പോയി ഖനനം നടത്താം. സൈക്കിയിൽ നിന്ന് എലോൺ മസ്കിന്റെ അധീനതയിലുള്ള സ്പെയ്സ് എക്സിന്റെ സഹായത്താൽ സ്വർണം ഖനനം ചെയ്തെടുത്താലും ഭൂമിയിൽ കൊണ്ടുവരാൻ ഇവിടെ സ്വർണവ്യാപാരം നിയന്ത്രിക്കുന്നവർ സമ്മതിക്കുമെന്ന് തോന്നുന്നില്ല. കാരണം, ഭൂമിയിലെ ചരക്ക് വില നശിക്കും, സ്വർണവില തകർന്ന് തരിപ്പണമാകും. ലോകസമ്പദ് വ്യവസ്ഥയെ അത് തകർക്കുമെന്നൊക്കെ അവർ പറഞ്ഞു പരത്തും. കാത്തിരുന്നു കാണാം.

ഡോ. വിവേകാനന്ദൻ പി. കടവൂർ

Advertisement
Advertisement