സ്‌കൂളുകളിൽ വാട്ടർ ഫിൽട്രേഷൻ യൂണിറ്റ് സ്ഥാപിക്കും: സാം കെ. ഡാനിയേൽ

Sunday 20 March 2022 1:32 AM IST

കൊല്ലം: ജില്ലാ പഞ്ചായത്തിന്റെ നിയന്ത്രണത്തിലുള്ള ജില്ലയിലെ 69 സർക്കാർ സ്‌കൂളുകളിലും വാട്ടർ ഫിൽട്രേഷൻ യൂണിറ്റുകൾ സ്ഥാപിക്കുമെന്ന് പ്രസിഡന്റ് സാം കെ. ഡാനിയേൽ. 2021-22 വാർഷിക പദ്ധതിയിൽ മയ്യനാട് വെള്ളമണൽ സ്‌കൂളിൽ സ്ഥാപിച്ച വാട്ടർ ഫിൽട്രേഷൻ യൂണിറ്റ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

5 ലക്ഷം രൂപയാണ് പദ്ധതി ചെലവ്. പ്രോജക്ടിന്റെ പ്രാരംഭഘട്ടമായി കുഴൽക്കിണർ സ്ഥാപിക്കുകയും ജലലഭ്യത ഉറപ്പാക്കുകയും ചെയ്തു. ജലത്തിലുണ്ടാകുന്ന വിവിധ തരത്തിലുള്ള മലിനീകരണ വസ്തുക്കളെയും ഇ-കോളി, കോളിഫോം തുടങ്ങിയ ബാക്ടീരിയകളെയും വൈറസുകളെയും പൂർണമായും ഒഴിവാക്കി റിവേഴ്‌സ് ഓസ്‌മോസിസ് സിസ്റ്റം വിത്ത് അൾട്രാവയലറ്റ് ട്രീറ്റ്‌മെന്റിലൂടെയാണ് കുടിവെള്ള ശുദ്ധമാക്കുന്നത്.

ഗ്രാമപഞ്ചായത്തുകളിൽ കുടിവെള്ളം പരിശോധിക്കുന്നതിനായി ഹരിതകേരള മിഷന്റെ സഹായത്തോടെ വാട്ടർ ടെസ്റ്റിംഗ് ലാബുകൾ സ്ഥാപിക്കുന്ന പദ്ധതിയും പരിഗണനയിലാണെന്ന് പ്രസിഡന്റ് പറഞ്ഞു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഡോ. പി.കെ. ഗോപൻ അദ്ധ്യക്ഷനായി. ജില്ലാ പഞ്ചായത്തംഗം എസ്. സെൽവി സ്വാഗതം പറഞ്ഞു. വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ജെ. നജീബത്ത്, വിദ്യാഭ്യാസ ഉപഡയറക്ടർ സുബിൻപോൾ, പ്രിൻസിപ്പൽ ജെ. ജയ, ഹെഡ്മിസ്ട്രസ് കെ.എൽ. ജയ തുടങ്ങിയവർ പങ്കെടുത്തു.

Advertisement
Advertisement