വട്ടോളി ദേവി ക്ഷേത്രത്തിൽ പാട്ടുത്സവത്തിനു തുടക്കം

Monday 21 March 2022 12:02 AM IST
പാട്ടുത്സവത്തിന്റെ ഭാഗമായി വട്ടോളി ദേവി ക്ഷേത്രത്തിൽ പറവെപ്പ് നടന്നപ്പോൾ

മുക്കം: മലബാറിലെ പ്രശസ്ത ദേവി ക്ഷേത്രമായ വട്ടോളിപ്പറമ്പ് വട്ടോളി ദേവീ ക്ഷേത്രത്തിൽ പാട്ടുത്സവത്തിന് വിശേഷാൽ പൂജകളോടെ തുടക്കമായി. പൂജാദികർമ്മങ്ങൾക്ക് തന്ത്രി പാതിരശേരി മിഥുൻ നമ്പൂതിരിപ്പാടും മേൽശാന്തി താമരക്കുളം ധനേഷ് നമ്പൂതിരിയും ശാന്തി ബംഗ്ലാവിൽ ശങ്കരനുണ്ണിയും കാർമ്മികത്വം വഹിച്ചു. ക്ഷേത്ര തിരുമുറ്റത്തെ പറവെപ്പിന് എരഞ്ഞിക്കൽ രാജൻ, കപ്യേടത്ത് വേലായുധൻ നായർ, അയനിക്കന്നുമ്മൽ പുഷ്പരാജൻ എന്നിവർ നേതൃത്വം നൽകി. കൊവിഡ് നിയന്ത്രണം കാരണം ആനയില്ലാതെയായിരുന്നു പറവെപ്പും എഴുന്നള്ളത്തും.

വൈകിട്ട് തായമ്പകയ്ക്ക് എൻ.ശ്രീജിത്തും പാട്ട് കളമെഴുത്തിന് ശ്രീജുവും നേതൃത്വം വഹിച്ചു. വിവിധ കലാപരിപാടികളും പുല്ലാങ്കുഴൽ കച്ചേരിയും അരങ്ങേറി. രാത്രി ദേവിയുടെ മുല്ലക്കൽ പാട്ടിനുള്ള എഴുന്നള്ളത്ത് ഭക്തി സാന്ദ്രമായി. ചടങ്ങുകൾക്ക് ക്ഷേത്രസമിതി ഭാരവാഹികളായ വളപ്പിൽ ശിവശങ്കരൻ, കാതോട് മനോജ്, എ.രാജൻ, ഇ.പി.മോഹൻദാസ്, കെ.സുധാകരൻ, സുനിൽ പൊയ്യേരി എന്നിവർ നേതൃത്വം നൽകി.

Advertisement
Advertisement