വീണ്ടും ടിക്കറ്റ് സ്മിജയുടെ പക്കൽ, 25 ലക്ഷത്തിന്റെ ഉടമ ചെന്നൈയിൽ

Sunday 20 March 2022 11:21 PM IST

കോലഞ്ചേരി:കഴിഞ്ഞവർഷം ആറുകോടി രൂപയുടെ സമ്മർ ബമ്പർ ടിക്കറ്റ് നറുക്കെടുപ്പിനുശേഷം വാക്കുപാലിച്ച് ഉടമയ്ക്ക് നൽകിയ

ലോട്ടറി വില്പനക്കാരിയായ പട്ടിമറ്റം സ്വദേശി സ്മിജയുടെ പക്കലുള്ള ടിക്കറ്റിനെ തേടി വീണ്ടും സമ്മാനമെത്തിയപ്പോൾ അതിന്റെ അവകാശിയായത് ചെന്നൈയി​ൽ താമസി​ക്കുന്ന സുബ്ബറാവു പദ്മം.

സമ്മർ ബമ്പറിന്റെ രണ്ടാം സമ്മാനമായ ഇരുപത്തിയഞ്ച് ലക്ഷം രൂപയാണ് സ്മിജയുടെ കൈവശമുള്ള ടിക്കറ്റിന് ലഭിച്ചത്. അത് ഉടമയ്ക്ക് കൈമാറാൻ കാത്തിരിക്കുകയാണ് സ്മിജ.

ആലുവയിലെ വിഷ്ണു ലോട്ടറീസിൽ നിന്നെടുത്ത ടിക്കറ്റി​ലെ എസ്.ഇ 703553 എന്ന ടിക്കറ്റിനാണ് രണ്ടാം സമ്മാനം. പ്രമുഖ സ്വകാര്യബാങ്കിൽ നിന്നു വി​രമി​ച്ചശേഷം ചെന്നൈയി​ൽ സഹോദരിക്കൊപ്പമാണ് പദ്മം താമസി​ക്കുന്നത്. കേരളത്തിൽ തീർത്ഥാടനത്തിന് എത്തുന്ന പതിവുണ്ട്. അങ്ങനെയാണ് സ്മി​ജയുമായി​ പരി​ചയം. മിക്ക മാസങ്ങളിലും ബാങ്കി​ലൂടെ പണം നൽകി​ ടിക്കറ്റെടുക്കും. സ്മിജ തന്നെയാണ് സമ്മാനവിവരം വിളിച്ചറിയിച്ചത്. രണ്ട് ദിവസത്തിനുള്ളിൽ ആലുവയിലെത്തി ടിക്കറ്റ് ഏറ്റുവാങ്ങുമെന്ന് സുബ്ബറാവു പദ്മം കേരളകൗമുദിയോട് പറഞ്ഞു.

സാമ്പത്തി​കമായി സഹായിക്കാമെന്ന് നിരവധി തവണ പറഞ്ഞപ്പോഴും നിരസിച്ച സ്മിജയുടെ സത്യസന്ധതയും ആത്മാർത്ഥതയുമാണ് കൂടപ്പിറപ്പിനെ പോലെ സ്നേഹിക്കാനും അടുക്കാനും പ്രചോദനമായതെന്നും പദ്മം പറയുന്നു.

കഴിഞ്ഞ വർഷത്തെ സമ്മർ ബമ്പർ ഒന്നാം സമ്മാനമായ ആറ് കോടി രൂപ സ്മി​ജ കടം കൊടുത്ത ടി​ക്കറ്റി​നായി​രുന്നു. കോടി​കളുടെ തി​ളക്കത്തി​ൽ വീഴാതെ സ്മി​ജ അന്നുതന്നെ വാങ്ങി​യയാളുടെ വീട്ടി​ലെത്തി​ ടി​ക്കറ്റ് കൈമാറി​. അതോടെ സ്മിജ രാജേശ്വരൻ എന്ന ഗണിതശാസ്ത്ര ബിരുദാനന്തര ബിരുദധാരി​ക്ക് താരപരി​വേഷമായി​.

സ്മിജയും ഭർത്താവ് രാജേശ്വരനും ചേർന്ന് ആലുവ രാജഗിരി ആശുപത്രിക്കടുത്താണ് വഴി​യരികി​ൽ ലോട്ടറിക്കട നടത്തുന്നത്. കഴിഞ്ഞ ബമ്പറിനുശേഷം കടയുടെ രൂപമൊന്നു മാറിയതല്ലാതെ സ്മിജ തെല്ലും മാറിയിട്ടില്ല.ജഗത്തും ലുഖൈദുമാണ് സ്മിജയുടെ മക്കൾ.

Advertisement
Advertisement