വിടവാങ്ങിയത് മലയോരത്തിന്റെ മാനസപുത്രൻ

Monday 21 March 2022 12:28 AM IST
മുൻ എം.എൽ.എ പി​.ജെ.തോമസും അടൂർ പ്രകാശ് എം.പി​യും

കോന്നി : സജീവ രാഷ്ട്രീയത്തിനിടയിലും മണ്ണും മരങ്ങളും കൃഷിയും നിറഞ്ഞ കർഷക മനസിന്റെ ഉടമയായിരുന്നു ഇന്നലെ അന്തരിച്ച മുൻ കോന്നി എം.എൽ.എയും റബർ ബോർഡ് ചെയർമാനുമായിരുന്ന പി.ജെ.തോമസ്. തുമ്പമണ്ണിൽ നിന്ന് കോന്നിയിലെത്തി ആദ്യമായി റബർ കൃഷി തുടങ്ങിയ കർഷകനായിരുന്നു പിതാവ് ജേക്കബ്. കർഷകനായ പിതാവിൽ നിന്നാണ് പി.ജെ.തോമസ് കാർഷികവൃത്തിയുടെ ബാലപാഠങ്ങൾ പഠിച്ചത്. നരിയാപുരം പറമ്പിൽ ആണ് കുടുംബം. തുമ്പമൺ സ്കൂൾ, തിരുവല്ല എം.ജി.എം ഹൈസ്കൂൾ, കോട്ടയം സി.എം.എസ്. കോളജ് എന്നിവിടങ്ങളിലാണ് പഠിച്ചത്. പിന്നീട് മദ്രാസ് ലയോള കോളജിൽ വിദ്യാഭ്യാസം. അക്കാലത്ത് മാമ്പലം എന്ന സ്ഥലത്ത് ഗാന്ധിജി താമസിച്ചു വൈകുന്നേരങ്ങളിൽ പ്രസംഗിച്ചിരുന്നു. ഗാന്ധിജിയുടെ പ്രസംഗങ്ങൾ പൊതുപ്രവർത്തന രംഗത്തേക്കുള്ള പ്രവർത്തനങ്ങൾക്ക് പ്രചോദനമായി മാറി. പഠനം കഴിഞ്ഞ് 1948ൽ നാട്ടിൽ തിരിച്ചെത്തിയ അദ്ദേഹം നിയമം പഠിക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല. പിന്നാലെ പഞ്ചായത്ത് തിരഞ്ഞെടുപ്പു വന്നപ്പോൾ മത്സരിച്ചു വിജയിച്ചു. ആദ്യം വൈസ് പ്രസിഡന്റായി. പിന്നീട് പ്രസിഡന്റായി. 1965ൽ നിയമസഭാതിരഞ്ഞെടുപ്പിൽ ഡി.സി.സി. പ്രസിഡന്റായിരുന്ന സി.എം.സ്റ്റീഫൻ മുൻകൈയെടുത്ത് പി.ജെ.തോമസിനെ കോന്നിയിൽ മത്സരിപ്പിച്ചു. നല്ല ഭൂരിപക്ഷത്തിൽ ജയിച്ചെങ്കിലും സഭ ചേർന്നില്ല. എഴുപതിൽ വീണ്ടും വിജയിച്ചു. 77ലും ജയം ആവർത്തിച്ചു. 1983ൽ റബ്ബർ ബോർഡ് ചെയർമാനായി. സഞ്ചാരികൾക്ക് വഴി തുറക്കുന്ന അച്ചൻകോവിൽ – ചിറ്റാർ റോഡിന് സാദ്ധ്യത തെളിച്ചത് പി.ജെ.തോമസിന്റെ ആശയമായിരുന്നു. വനംമന്ത്രിയായിരുന്ന പി.എസ്.ശ്രീനിവാസൻ തുറയിൽ ആനപിടിത്തം കാണാൻ വന്നപ്പോൾ ഇരുവരും ഒന്നിച്ചു കല്ലേലി വഴിയാണ് യാത്രചെയ്തത്. യാത്രയ്ക്കിടെ ഇങ്ങനെയൊരു റോ‍ഡിന്റെ പ്രാധാന്യത്തെപ്പറ്റി മന്ത്രിയോട് പറഞ്ഞു. പി.ജെ. തോമസ് എം.എൽ.എ ആയിരിക്കുമ്പോൾ അദ്ദേഹത്തിന്റെ നേതൃത്വത്തിൽ നാട്ടുകാർ അടിയന്തരാവസ്ഥ സമയത്ത് ചെങ്ങറത്തോട്ടം കൈയേറി നിർമ്മിച്ചതാണ് അട്ടച്ചാക്കൽ - കുമ്പളാംപൊയ്ക റോഡ്. 1976ലെ ഗാന്ധിജയന്തി ദിനത്തിൽ രാവിലെ പി.ജെ.തോമസ് ചെങ്ങറ തോട്ടത്തിലെത്തി നാട്ടുകാരെ സംഘടിപ്പിച്ച് തേയില ചെടികൾ വെട്ടി മാറ്റി റോഡ് പണിയുകയായിരുന്നു. മലയോരമേഖലയിലെ യാത്ര പ്രശ്നങ്ങൾക്ക് പരിഹാരമായി കോന്നി സഞ്ചായത്ത്ക്കടവ് പാലം, തണ്ണിത്തോട് മുണ്ടോമൂഴി പാലം എന്നിവയും അദ്ദേഹത്തിന്റെ കാലത്ത് നിർമ്മിച്ചതാണ്.

Advertisement
Advertisement