സ്വകാര്യ സംരംഭകരെ പ്രതീക്ഷിച്ച് സ്വപ്നതീരത്ത് കൊല്ലം പോർട്ട്

Monday 21 March 2022 1:21 AM IST

കൊല്ലം: സ്വകാര്യ സംരംഭകരിൽ പ്രതീക്ഷ അർപ്പിച്ച് അര ഡസൻ വമ്പൻ സ്വപ്നങ്ങളുമായി കൊല്ലം പോർട്ട്. ചെറുകിട തുറമുഖങ്ങൾ സ്വകാര്യ സംരംഭകരുടെ പിന്തുണയോടെ വികസിപ്പിക്കാൻ അടുത്തമാസം 6ന് ഓൺലൈനായും മേയിൽ വിപുലമായും ചേരുന്ന നിക്ഷേപക സംഗമത്തിൽ കൊല്ലം പോർട്ടിന്റെ സ്വപ്നങ്ങളും അവതരിപ്പിക്കും. പണം മുടക്കുന്ന സ്വകാര്യ വ്യക്തികൾ കൂടി ഇടപെടുന്നതോടെ ചെറുകിട തുറമുഖങ്ങൾ കൂടുതൽ സജീമാകുമെന്നാണ് മാരിടൈം ബോർഡിന്റെ കണക്കുകൂട്ടൽ.

ചെറിയ കപ്പലുകളുടെയും ബോട്ടുകളുടെയും അറ്റകുറപ്പണിക്കുള്ള ഫ്ലോട്ടിംഗ് ഡ്രൈ ഡോക്ക്, ലോറികളിൽ കൊണ്ടുവരുന്ന ചരക്കുകൾ കപ്പലിൽ കയറ്റുന്നതിന് മുന്നോടിയായി കണ്ടെയ്നറിൽ കയറ്റുന്നതിനും കണ്ടെയ്നറിൽ എത്തിക്കുന്ന ചരക്ക് ലോറികളിലേക്ക് മാറ്റുന്നതിനുമുള്ള കണ്ടെയ്നർ ഫ്രൈറ്റ് സ്റ്റേഷൻ, കണ്ടെയ്നറുകൾ സൂക്ഷിക്കുന്നതിനുള്ള സ്റ്റോക്ക് യാർഡ്, ഫിഷ് പ്രോസസിംഗ് സെന്റർ എന്നിവയാണ് സ്വകാര്യ നിക്ഷേപകരുടെ പങ്കാളിത്തം പ്രതീക്ഷിക്കുന്ന പ്രധാന പദ്ധതികൾ. നിലവിൽ 11 ഏക്കർ സ്ഥലത്താണ് കൊല്ലം പോർട്ട് പ്രവർത്തിക്കുന്നത്. ഇതിന് പുറത്ത് തുറമുഖ വകുപ്പിന്റെ ഉടമസ്ഥതയിലുള്ള 33 ഏക്കർ സ്ഥലത്താണ് ഈ പദ്ധതികൾ ലക്ഷ്യമിടുന്നത്. സ്ഥിരമായി വൻതൊഴിൽ സാദ്ധ്യത കൂടി സൃഷ്ടിക്കുന്നതാണ് ഈ പദ്ധതികൾ. കടലിൽ വച്ച് തന്നെ ജലയാനങ്ങളുടെ അറ്രകുറ്റപ്പണി നടത്തുന്ന ഡ്രൈ ഡോക്കിന് ഏകദേശം 130 കോടി രൂപയോളം രൂപ ചെലവ് വരുമെന്നാണ് കണക്കുകൂട്ടൽ.

നിക്ഷേപക സംഗമത്തിൽ അവതരിപ്പിക്കുന്നത്

1. നിലവിലുള്ള വാർഫുകളുടെ നീളം കൂട്ടൽ

2. പാസഞ്ചർ, കാർഗോ വാർഫുകളെ ബന്ധിപ്പിക്കൽ

3. പോർട്ടിന്റെ ആഴം കൂട്ടൽ

4. നടപ്പായാൽ വലിപ്പമുള്ള കപ്പലുകളെത്താൻ വഴിതെളിയും

5. നിക്ഷേപകർ അനുകൂലിച്ചാൽ വികസനം നടപ്പാകും

രാഷ്ട്രീയ ഇടപെടൽ അനിവാര്യം

കരകയറാനുള്ള എല്ലാ നീക്കങ്ങളും പൊളിയുന്ന കൊല്ലം പോർട്ടിന്റെ ദുരവസ്ഥ മാറ്റാൻ രാഷ്ട്രീയ ഇടപെടൽ അനിവാര്യമാണ്. ഏറ്റവും ഒടുവിൽ വലിയ പ്രതീക്ഷ സമ്മാനിച്ച കൊച്ചി- കൊല്ലം ചരക്ക് കപ്പൽ സർവീസും നടത്തിപ്പുകാരായ സ്വകാര്യ ഏജൻസി ഉപേക്ഷിച്ചിരിക്കുകയാണ്. മടക്കച്ചരക്ക് ലഭിക്കാത്തതാണ് കാരണം.

""

അടിസ്ഥാന സൗകര്യം വർദ്ധിപ്പിച്ചാൽ പോർട്ടിന്റെ നിലവിലെ പ്രശ്നങ്ങൾക്ക് പരിഹാരമാകും. ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്ന് കാര്യമായ ശ്രമം ഉണ്ടാകുന്നില്ല.

സംരംഭകർ

Advertisement
Advertisement