റാഗിംഗ് കുട്ടിക്കളിയല്ല, 2 വർഷം അകത്താവും

Tuesday 22 March 2022 12:00 AM IST

തിരുവനന്തപുരം: മെഡിക്കൽ കോളേജുകളിലും മറ്റും ഒന്നാംവർഷ പ്രവേശനം തുടങ്ങിയെങ്കിലും പലയിടത്തും നിയമപ്രകാരം റാഗിംഗ് വിരുദ്ധസമിതികൾ രൂപീകരിച്ചിട്ടില്ല. ജാമ്യമില്ലാകുറ്റമായ റാഗിംഗിനെ, കുട്ടികളുടെ തമാശയായാണ് മെഡിക്കൽ കാേളേജുകളിലും എൻജിനിയറിംഗ് കോളേജുകളിലും കാണുന്നത്. റാഗിംഗ് വിവരങ്ങളും പരാതികളും പൊലീസിന് കൈമാറാതെ ഒത്തുകളി നടക്കുന്നുണ്ട്. ഇക്കൊല്ലം ഇതുവരെ 12റാഗിംഗ് കേസുകളാണുണ്ടായത്.കോഴിക്കോട് മെഡിക്കൽ കോളേജിലുണ്ടായ രണ്ട് പരാതികളിൽ കുറ്റക്കാരെ സസ്പെൻഡ് ചെയ്തിരുന്നു.

പ്രിൻസിപ്പലും അദ്ധ്യാപകരും വിദ്യാർത്ഥി പ്രതിനിധികളും പൊലീസ് ഇൻസ്പെക്ടറുമടങ്ങിയ റാഗിംഗ് വിരുദ്ധസമിതി, മാസത്തിലൊരിക്കൽ യോഗം ചേർന്ന് വിദ്യാർത്ഥികളുടെ പരാതികൾ പരിഗണിക്കണമെന്ന യു.ജി.സിയുടെ നിർദ്ദേശം നടപ്പായിട്ടില്ല. ഗുരുതരമായ പരാതികൾപോലും കോളേജ് അധികൃതർ പൊലീസിന് കൈമാറുന്നില്ല. ഇതോടെ, ഇരകൾ കൂടുതൽ ചൂഷണത്തിനിരയാവുന്നു. വിവരം പൊലീസിൽ അറിയിച്ചില്ലെങ്കിൽ മെഡിക്കൽ കോളേജുകളുടെ അംഗീകാരം പിൻവലിക്കുമെന്നും സീറ്റുകൾ വെട്ടിക്കുറയ്ക്കുമെന്നുമാണ് മെഡിക്കൽ കമ്മിഷന്റെ മുന്നറിയിപ്പ്. റാഗിംഗ് പരാതി വിദ്യാർത്ഥിയോ രക്ഷിതാവോ പൊലീസിൽ നൽകിയാലും കോളേജ് പ്രിൻസിപ്പൽ രേഖാമൂലം നൽകിയിരിക്കണമെന്നാണ് കേന്ദ്രനിർദ്ദേശം.

#അഴിയെണ്ണാം

റാഗ് ചെയ്താൽ ഇന്ത്യൻ ശിക്ഷാനിയമത്തിലെ 13വകുപ്പുകൾ പ്രകാരം രണ്ടുവ‌ർഷം വരെ തടവും പതിനായിരം രൂപ പിഴയുമാണ് ശിക്ഷ.

കുറ്റക്കാരനായ വിദ്യാർത്ഥിയെ പുറത്താക്കും. മൂന്നുവർഷത്തേക്ക് മറ്റൊരു സ്ഥാപനത്തിലും പ്രവേശനം നൽകില്ല.

പരാതിയിൽ നടപടിയെടുക്കാത്ത സ്ഥാപനമേധാവിക്കെതിരെ പ്രേരണാക്കുറ്റം ചുമത്തും. പരാതി അവഗണിച്ചാൽ പ്രതിക്ക് നൽകുന്ന ശിക്ഷ ലഭിക്കാം.

# ഇതെല്ലാം റാഗിംഗ്

വിദ്യാർത്ഥിക്ക് ശാരീരികമോ മാനസികമോ ആയി ദോഷംവരുത്തുന്ന ഏതു പ്രവൃത്തിയും റാഗിംഗിന്റെ പരിധിയിൽ വരും. ഭയം, ആശങ്ക, നാണക്കേട്, പരിഭ്രമം ഉണ്ടാക്കുന്നതും കളിയാക്കൽ, അധിക്ഷേപം, മുറിവേൽപ്പിക്കുന്ന പെരുമാറ്റം എന്നിവയും റാഗിംഗ് തന്നെ.

..........................

395

കേസുകൾ,

പത്തുവർഷത്തിനിടെ

.............................................

കേസുകൾ

2018...............63

2019...............43

2020...............15

2021...............14

2022...............12

റാഗിംഗ് വീരന്മാർക്ക്

കോടതിയുടെ മരുന്ന്

റാഗിംഗ് വീരന്മാരായ അഞ്ച് എൻജിനിയറിംഗ് വിദ്യാർത്ഥികൾ രണ്ടാഴ്ചക്കാലം നിത്യേന എട്ടുമണിക്കൂർ വീതം കൊല്ലം ജില്ലാ ആശുപത്രിയിൽ സാമൂഹ്യസേവനം നടത്തണമെന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. രണ്ട് ജൂനിയർ വിദ്യാർത്ഥികളെ റാഗ് ചെയ്ത് ക്രൂരമായി മർദ്ദിച്ചെന്നായിരുന്നു കേസ്. ജൂനിയർ വിദ്യാർത്ഥികൾ കേസ് പിൻവലിക്കാമെന്ന് കോടതിയെ അറിയിച്ചിരുന്നു.

Advertisement
Advertisement