സർവകലാശാലാ പെൻഷൻ: നിയമസഭയിൽ വിരുദ്ധ നിലപാട്

Tuesday 22 March 2022 12:01 AM IST

തിരുവനന്തപുരം: സർവകലാശാലാ ജീവനക്കാരുടെയും അദ്ധ്യാപകരുടെയും പെൻഷൻ, വിരമിക്കൽ ആനുകൂല്യങ്ങൾ സർക്കാർതന്നെ വഹിക്കുമെന്ന് ഉറപ്പുനൽകിയെങ്കിലും നിയമസഭയിൽ സ്വീകരിച്ചത് ഇതിനു വിരുദ്ധ നിലപാട്.

പെൻഷൻ ബാദ്ധ്യത സർക്കാർ ഏറ്റെടുക്കുമോയെന്ന കഴിഞ്ഞ സഭാ സമ്മേളനത്തിലെ ചോദ്യത്തിന് നിലവിൽ പരിഗണനയിൽ ഇല്ലെന്നായിരുന്നു മന്ത്രി ആർ.ബിന്ദു മറുപടി നൽകിയത്. എം.എൽ.എമാരായ ഷാഫി പറമ്പിൽ, കെ. ബാബു, റോജി.എം. ജോൺ, എൽദോസ് കുന്നിപ്പിള്ളിൽ എന്നിവരായിരുന്നു ഇക്കാര്യം ഉന്നയിച്ചത്. സർവകലാശാലകളിൽ പെൻഷൻ ഫണ്ടും ബോർഡും രൂപീകരിക്കാൻ ധനവകുപ്പിറക്കിയ ഉത്തരവ് പുനഃപരിശോധിക്കുമെന്നാണ് സംഘടനാനേതാക്കൾക്ക് മന്ത്രിമാരായ ബിന്ദുവും കെ.എൻ.ബാലഗോപാലും നേരത്തെ ഉറപ്പു നൽകിയിരുന്നത്.

ജീവനക്കാരുടെ ശമ്പളത്തിന്റെ 25ശതമാനം തുക എല്ലാ മാസവും പത്തിനകം പെൻഷൻ ഫണ്ടിലേക്ക് മാറ്റണമെന്നും ഇതിന്റെ പത്തു ശതമാനം സംസ്ഥാന വിഹിതമായി സർക്കാർ നൽകുന്ന ഗ്രാന്റിൽ നിന്ന് വരവുവയ്ക്കാമെന്നും ശേഷിക്കുന്ന 15ശതമാനം സർവകലാശാലകൾ തനതു ഫണ്ടിൽ നിന്ന് കണ്ടെത്തണമെന്നുമാണ് സർക്കാർ ഉത്തരവ്. ഇതിനെതിരെ ശക്തമായ പ്രതിഷേധം ഉയർന്നതോടെയാണ് സർക്കാർതന്നെ വഹിക്കുമെന്ന ഉറപ്പ് മന്ത്രിമാർ നൽകിയിരുന്നത്.

അതേസമയം, സർവകലാശാലകളുടെ തനതു ഫണ്ടിൽ നിന്ന് പെൻഷൻ നൽകണമെങ്കിൽ വിദ്യാർത്ഥികളിൽ നിന്നീടാക്കുന്ന ഫീസിൽ വർദ്ധനവ് വരുത്തേണ്ടിവരുമെന്നും ഇത് സർവകലാശാലകളുടെ അക്കാഡമിക് നിലവാരത്തെയും സാമ്പത്തിക ഭദ്രതയെയും തകർക്കുമെന്നുമുള്ള ആശങ്ക സർക്കാർ പരിശോധിക്കുകയാണെന്നും മന്ത്രി ബിന്ദു നിയമസഭയിൽ നൽകിയ മറുപടിയിലുണ്ട്. എന്നാൽ, നയപരമായ തീരുമാനം കൈക്കൊണ്ടശേഷം, ഉത്തരവ് പുന:പരിശോധിക്കുമെന്ന് മന്ത്രി ബാലഗോപാൽ സംഘടനാ നേതാക്കൾക്ക് ഉറപ്പുനൽകി.

Advertisement
Advertisement