പാരിസ്ഥിതിക , ജല സുരക്ഷ ഉറപ്പാക്കും: മുഖ്യമന്ത്രി

Tuesday 22 March 2022 12:02 AM IST

തിരുവനന്തപുരം: സംസ്ഥാനത്തെ പ്രകൃതി ക്ഷോഭങ്ങളുടെ പശ്ചാത്തലത്തിൽ പാരിസ്ഥിതിക സുരക്ഷയും ജലസുരക്ഷയും ഉറപ്പാക്കുന്നതിനുള്ള നടപടികൾ കൈക്കൊള്ളുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു..അന്താരാഷ്ട്ര വന ദിനാചരണ പരിപാടികളുടെ ഉദ്ഘാടനം വനം വകുപ്പ് ആസ്ഥാനത്തെ വനശ്രീ ഓഡിറ്റോറിയത്തിൽ ഓൺലൈനായി നിർവഹിക്കുകയായിരുന്നു അദ്ദേഹം.
രാജ്യത്ത് പരിസ്ഥിതി പുനസ്ഥാപന പ്രവർത്തനങ്ങൾക്ക് നയരേഖ പുറത്തിറക്കി കർമ്മപദ്ധതി നടപ്പിലാക്കുന്ന ആദ്യത്തെ സംസ്ഥാനമാണ് കേരളം. സംസ്ഥാനത്ത് വൃക്ഷ സമൃദ്ധി പദ്ധതിക്കും തുടക്കമാവുകയാണ്. വനംവകുപ്പിന്റെ സാമൂഹ്യവനവൽക്കരണ വിഭാഗം,തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, തൊഴിലുറപ്പ് പദ്ധതി എന്നിവയുടെ പങ്കാളിത്തത്തോടെ ജനകീയമായി നടപ്പാക്കുന്ന പദ്ധതിയാണിത് . നാൽപത്തിയേഴ് ലക്ഷം വൃക്ഷത്തൈകൾ നട്ട് തുടർപരിപാലനമാണ് പദ്ധതി ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു.
ചടങ്ങിൽ മന്ത്രി എ.കെ ശശീന്ദ്രൻ അദ്ധ്യക്ഷനായി. പരിസ്ഥിതി പുന :സ്ഥാപന കർമ്മപദ്ധതി പ്രഖ്യാപനവും സ്തുത്യർഹ സേവനത്തിനുള്ള മുഖ്യമന്ത്രിയുടെ 2020 21 വർഷത്തെ ഫോറസ്റ്റ് മെഡലുകളുടെ വിതരണവും മന്ത്രി നിർവഹിച്ചു. ജില്ലയിലെ വനമിത്ര അവാർഡ് ജേതാവായ ലോ അക്കാഡമിക്കുള്ള പുരസ്‌കാരം മന്ത്രി ആന്റണി രാജു സമ്മാനിച്ചു. മന്ത്രി എം.വി.ഗോവിന്ദൻ സംസാരിച്ചു. വൃക്ഷസമൃദ്ധി പദ്ധതിയുടെ ധാരണാപത്രം സാമൂഹ്യവനവൽക്കരണ വിഭാഗം അഡീഷണൽ പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ ഇ.പ്രദീപ് കുമാറും തൊഴിലുറപ്പ് പദ്ധതി കേരള മിഷൻ ഡയറക്ടർ ബി.അബ്ദുൾ നാസറും ഒപ്പിട്ട് പരസ്പരം കൈമാറി.

Advertisement
Advertisement