ആശാനേ, അടുത്ത തവണയാവട്ടെ...

Monday 21 March 2022 11:33 PM IST

കഴിഞ്ഞ രാത്രി ഗോവ ഫത്തോർദ സ്റ്റേഡിയത്തിലെ ഫൈനൽ ഷൂട്ടൗട്ടിൽ കട്ടിമണിയെന്ന കടുകട്ടി ഇന്ത്യൻ ഗോളിയുടെ അത്യുജ്ജ്വലഫോമിന് മുന്നിൽ കേരള ബ്ളാസ്റ്റേഴ്സിന്റെ ഐ.എസ്.എൽ ഫൈനൽ സ്വപ്നങ്ങൾ തകർന്നടിഞ്ഞു. മൂന്നാമത്തെ ഫൈനലിലും ജയിക്കാൻ കഴിയാതെ പോയെങ്കിലും ഈ സീസൺ കേരള ബ്ളാസ്റ്റേഴ്സിന് ഉയിർത്തെണീപ്പിന്റേതാണ്. അതിന് വഴിയൊരുക്കിയത് ഇവാൻ വുകോമനോവിച്ച് എന്ന സെർബിയക്കാരൻ കോച്ചാണ്.

നിൽക്കാനൊരിടം തന്നാൽ താൻ ഈ ഭൂമിയെ നീക്കാമെന്ന് പണ്ട് കൊച്ചീലൊരു മച്ചാൻ പറഞ്ഞതായി ഭീഷ്മപർവം സിനിമയിലെ സൗബിൻ ഷാഹിറിന്റെ കഥാപാത്രം പറയുന്നുണ്ട്. അതേ കൊച്ചിയിൽ രൂപംകൊണ്ട കേരള ബ്ളാസ്റ്റേഴ്സ് എന്ന ഫുട്ബാൾ ടീമിന് കഴിഞ്ഞ കുറച്ച് ഐ.എസ്.എൽ സീസണുകളിലായി കാലുറപ്പിച്ചുനിൽക്കാനൊരു ഇടമില്ലായിരുന്നു. ലീഗ് പോയിന്റ് പട്ടികയിലെ അവസാനസ്ഥാനത്ത് ആടിയുലഞ്ഞ ആ ടീമിന് ഇത്തവണ കാലുറപ്പിച്ച് നിൽക്കാനൊരു ഇടം നൽകിയിരിക്കുകയാണ് ഇവാൻ വുകാമനോവിച്ച്. ഇനി ഏത് കപ്പും തങ്ങൾക്കരികിലേക്ക് നീക്കാൻ ബളാസ്റ്റേഴ്സിന് കഴിയുമെന്ന പ്രതീക്ഷകൾ കാണികളിൽ ഉടലെ‌ടുത്തിരിക്കുന്നു. വരും സീസണിലും താൻ ബ്ളാസ്റ്റേഴ്സിനൊപ്പം തുടരുമെന്ന് 44കാരനായ ഇവാൻ നൽകിയ സൂചനകൾ തന്നെ കിരീടനഷ്ടത്തിന്റെ വേദന മായ്ക്കുന്നതാണ്. ഇവാനെന്ന ആശാൻ ഒപ്പമുണ്ടെങ്കിൽ അടുത്തവട്ടം കിരീ‌ടം നേടാമെന്ന് അവർ പറയുന്നു.

2016ലെ ഫൈനലിന് ശേഷം പ്ളേ ഓഫിലേക്ക് എത്താൻ പോലുമാകാതെ കൊമ്പുകുത്തിയിരുന്ന മഞ്ഞപ്പടയ്ക്ക് സ്റ്റീവ് കൊപ്പലിന് ശേഷം നല്ലൊരു പരിശീലകനെ കിട്ടിയത് ഇപ്പോഴാണ്. 16 വർഷത്തോളം വിവിധ യൂറോപ്യൻ ക്ളബുകളിൽ ഡിഫൻഡറായും ഡിഫൻസീവ് മിഡ്ഫീൽഡറായും കളിച്ച ഇവാൻ 2013ൽ പ്രമുഖ ബെൽജിയൻ ക്ളബ് സ്റ്റാൻഡേഡ് ലീജിന്റെ അസിസ്റ്റന്റ് കോച്ചായാണ് പരിശീലകരംഗത്തേക്ക് വന്നത്. ഒരു വർഷത്തിന് ശേഷം ലീജിന്റെ മുഖ്യപരിശീലകനായി. ഈ സെർബിയക്കാരൻ ഈ സീസണിലാണ് ബ്ളാസ്റ്റേഴ്സിലെത്തിയത്. എതിരാളികളെ നന്നായി മനസിലാക്കിയശേഷം തന്ത്രങ്ങൾ മെനയുന്നതാണ് രീതി.2017-18 സീസണിൽ ബ്രാത്തിസ്ളാവ ക്ളബിനെ സ്ളൊവാക്യൻ കപ്പിൽ മുത്തമിടീച്ച തന്ത്രജ്ഞൻ.

ഒന്നുമില്ലായ്മയിൽ നിന്ന് സൂപ്പർ താരങ്ങളുടെ പിന്തുണയേതുമില്ലാതെ സൂപ്പറായ ഒരു ടീമിനെ കെട്ടിപ്പെടുക്കുകയായിരുന്നു ഇവാൻ.തന്റെ കളിക്കാരെ വ്യക്തമായി മനസിലാക്കുകയും അവരെ കൃത്യമായി ചുമതലകൾ ഏൽപ്പിക്കുകയും ചെയ്തു പരിശീലകൻ. വ്യക്തിഗത പ്രകടനങ്ങളിൽ വിശ്വസിക്കാതെ ടീം ഗെയിമിന്റെ തന്ത്രങ്ങൾ ഓതിക്കൊടുത്തു.ഫൈനലിൽ പോലും അധികസമയംവരെ ഏറ്റവും നന്നായി കളിച്ചത് ബ്ളാസ്റ്റേഴ്സായിരുന്നു. തുടക്കത്തിൽതന്നെ ഗോളടിക്കുകയെന്ന തന്ത്രമാണ് ലീഗിൽ ഇവാനും കുട്ടികളും പലപ്പോഴും പയറ്റിയത്. പക്ഷേ അവസാന സമയത്ത് സ്കോർ ചെയ്യാനായി ഫിറ്റ്നസ് കാത്തുവയ്ക്കുന്ന ഹൈദരാബാദിൽ നിന്ന് തിരിച്ചടിയുണ്ടായി. ഒരു പക്ഷേ ഫൈനലിൽ ഷൂട്ടൗട്ട് വേണ്ടിവരുമെന്ന് നവാൻ ചിന്തിച്ചിരുന്നോ എന്ന് സംശയമുണ്ട്. കാരണം രാഹുലിന് പകരക്കാരനായി ഡിഫൻഡർ നിഷുകുമാറിനെ പ്രതിരോധത്തിലേക്ക് ഇറക്കിയത്. ആ നിഷു ഷൂട്ടൗട്ടിൽ കിക്കെ‌ടുക്കാനെത്തുംമുന്നേ ഷിൻഗാർഡ് മാറ്റിയിരുന്നു. ലീഗിലെ മികച്ച ഗോളിക്കുള്ള ഗോൾഡൻ ഗ്ളവ് സ്വന്തമാക്കിയെങ്കിലും ഷൂട്ടൗട്ടിൽ പ്രഭ്സുഖൻ ഗില്ലിന്റെ പരിചയക്കുറവും മറുവശത്ത് കട്ടിമണിയുടെ പാകതവന്ന മനസിന്റെ ഉറപ്പും ഫൈനലിന്റെ വിധി നിശ്ചയിക്കുന്നതിൽ നിർണായകമായി.

ഉയിർപ്പിന്റെ വഴി

തുടർച്ചയായ സീസണുകളിൽ അവസാനസ്ഥാനത്തായിരുന്ന ബ്ളാസ്റ്റേഴ്സ് ഇക്കുറി അവിശ്വസനീയ തിരിച്ചുവരവാണ് നടത്തിയത്. ഇതിന് വഴിയൊരുക്കിയ കാര്യങ്ങളെക്കുറിച്ച്

1. ഇവാൻ എന്ന കോച്ച്

കഴിഞ്ഞ സീസണുകളിലെല്ലാം പുതിയ കോച്ചുമാരെ പരീക്ഷിച്ച ടീമാണ് ബ്ളാസ്റ്റേഴ്സ്. എന്നാൽ സ്റ്റീവ് കൊപ്പലിന് ശേഷം കൊള്ളാവുന്ന ഒരു കോച്ചിനെ കിട്ടിയത് ഇപ്പോഴാണ്. തന്റെ കളിക്കാരെ ഓരോരുത്തരെയും കൃത്യമായി വിലയിരുത്തി എവി‌ടെ ഉപയോഗിക്കണമെന്ന ധാരണയുള്ളയാളാണ് ഇവാൻ വുകോമനോവിച്ച്. എന്നാൽ പരീക്ഷണങ്ങൾക്ക് പിന്നാലെ പോയി സമയം കളയുന്ന പരിശീലകനുമല്ല. എതിരാളികളെ ഭയക്കുന്നില്ല,എന്നാൽ വെല്ലുവിളികളോ വീരവാദങ്ങളോ ഇല്ല.

2. ലൂണയുടെ ആസൂത്രണം

അഡ്രിയാൻ ലൂണയെന്ന പ്ളേ മേക്കറാണ് ബ്ളാസ്റ്റേഴ്സിന്റെ വജ്രായുധം. ഗോളടിപ്പിക്കാനും ഗോളടിക്കാനും ഒരു പോലെ കഴിയുന്ന നായകനാണ് ലൂണ. മദ്ധ്യനിരയിൽ നിന്ന് കൃത്യമായി പന്ത് മുൻ നിരയിലേക്ക് ഫീഡു ചെയ്യുന്നതിൽ ബഹുമിടുക്കൻ.സഹൽ അബ്ദുൽ സമദിനും ഖബ്രയ്ക്കുമൊപ്പം തോളോട് തോൾ ചേർന്ന് കളിച്ചു.

3.വസ്ക്വേസിന്റെ ഫിനിഷിംഗ്

ഇയാൻ ഹ്യൂമിനും ഒഗുബച്ചേയ്ക്കും ശേഷം മഞ്ഞക്കുപ്പായത്തിലെത്തിയ മികച്ച സ്ട്രക്കറാണ് ഈ സ്പെയ്ൻകാരൻ.ഈ സീസണിലെ 22 മത്സരങ്ങളിൽ നിന്നായി എട്ടു ഗോളുകൾ നേടിയ താരം. രണ്ട് ഗോളുകൾക്ക് വഴിയൊരുക്കുകയും ചെയ്തു. വിൻസി ബാരറ്റോ,ജോർജ് ഡയസ് തുടങ്ങിയവർക്കൊപ്പം ഒരേ മനസോടെ മുന്നേറാൻ കഴിഞ്ഞു.

4.ബെസ്റ്റ് മാനേജ്മെന്റ്

മാനസികമായി തളർന്ന ഒരു ടീമിനെ എങ്ങനെ മുന്നോട്ടുകൊണ്ടുപോകാമെന്നതിന് മാനേജ്മെന്റ് ക്ളാസുകളിൽ ബ്ളാസ്റ്റേഴ്സിന്റെ ഈ സീസൺ ഒരു ഉദാഹരണമായി എടുക്കാം. സെർബിയൻ ഫസ്റ്റ് ഡിവിഷൻ വോളിബാൾ ലീഗിലെ റാഡ്നിക്കി എന്ന ടീം ബ്ളാസ്റ്റേഴ്സിനെ ഏറ്റെടുക്കുമ്പോൾ ഐ.എസ്.എല്ലിലെ അവസാനക്കാരായിരുന്നു. വലിയ തുക മുടക്കി പേരുകേട്ടവരെ കൊണ്ടുവന്നല്ല റാഡ്നിക്കി ഉടമകൾ ബ്ളാസ്റ്റേഴ്സിനെ ഉയിർപ്പിച്ചത്. ആദ്യം നല്ലൊരു കോച്ചിനെ കണ്ടെത്തി. അദ്ദേഹത്തിന് നല്ല ടീം പ്ളേയേഴ്സിനെ എത്തിച്ചു. അവരിൽ ആത്മവിശ്വാസം ജനിപ്പിച്ചു. അതിന്റെ ഫലമാണ് ഈ ഫൈനൽ പ്രവേശനം.

5.മുംബയ്ക്കെതിരായ വിജയം

ഈ സീസണിൽ ആദ്യ മത്സരത്തിൽ എ.ടി.കെയോട് തോറ്റ് തുടങ്ങിയവരാണ് ബ്ളാസ്റ്റേഴ്സ്.നാലാം മത്സരത്തിൽ ഒഡിഷയ്ക്ക് എതിരെയായിരുന്നു ആദ്യ വിജയം. എന്നാൽ ടീമിന് ആത്മവിശ്വാസം ജനിപ്പിച്ചത് ഡിസംബർ 19ന് നിലവിലെ ചാമ്പ്യന്മാരായ മുംബയ് സിറ്റിക്കെതിരെ നേടിയ മറുപടിയില്ലാത്ത മൂന്നു ഗോളുകളുടെ വിജയമായിരുന്നു. അവിടെ നിന്ന് തോൽവിയറിയാതെ കുതിച്ച മഞ്ഞപ്പട ജനുവരി 30ന് ബെംഗളുരുവിനോട് തോൽക്കുന്നതിന് മുമ്പ് അവസാന നാലുസ്ഥാനങ്ങളിലൊന്ന് ഉറപ്പിച്ചിരുന്നു. ഇടയ്ക്ക് കൊവിഡ് വിളയാടിയിരുന്നില്ലെങ്കിൽ ഒന്നാം സ്ഥാനക്കാരായിപ്പോലും ഫിനിഷ് ചെയ്യാൻ ബ്ളാസ്റ്റേഴ്സിന് കഴിയുമായിരുന്നുവെന്ന് ആരാധകർ കരുതുന്നു.

ഐ.എസ്.എൽ അവാർഡ്സ്

ഗോൾഡൻ ഗോൾ : ഒഗുബച്ചെ (ഹൈദരാബാദ്)

ഗോൾഡൻ ഗോൾ : പ്രഭ്സുഖൻ ഗിൽ (ബ്ളാസ്റ്റേഴ്സ്)

ഹീറോ ഒഫ് ദ ലീഗ് : ഗ്രെഗ് (ജംഷഡ്പുർ)

എമർജിംഗ് പ്ളേയർ : റോഷൻ സിംഗ് (ബെംഗളുരു)

6 കോടി രൂപയാണ് ജേതാക്കളായ ഹൈദരാബാദിന് പ്രൈസ് മണിയായി ലഭിച്ചത്.ബ്ളാസ്റ്റേഴ്സിന് 3 കോടി ലഭിച്ചു.

Advertisement
Advertisement