എൽ ക്ളാസിക്കോയിൽ റയലിന്റെ എല്ലൊടിച്ച് ബാഴ്സലോണ

Monday 21 March 2022 11:35 PM IST

ബാഴ്സലോണ 4-0ത്തിന് റയൽ മാഡ്രിഡിനെ തോൽപ്പിച്ചു മാഡ്രിഡ്: ചിരവൈരികളായ റയൽ മാഡ്രിഡിനെ അവരുടെ തട്ടകത്തിൽച്ചെന്ന് എൽ ക്ളാസിക്കോ പോരാട്ടത്തിൽ തച്ചുതകർത്ത് ബാഴ്സലോണ. എതിരില്ലാത്ത നാലു ഗോളുകൾക്കാണ് സാന്റിയാഗോ ബെർണബ്യുവിലെ ബാഴ്‌സയുടെ തേരോട്ടം. ബാഴ്സയ്ക്കായി പിയറി എമെറിക്ക് ഔബമെയാംഗ് ഇരട്ട ഗോളുകൾ നേടിയപ്പോൾ റൊണാൾഡ് അറൗഹോയും ഫെറാൻ ടോറസും ഓരോ ഗോൾ വീതം നേടി. ഈ വിജയത്തോടെ 28 മത്സരങ്ങളിൽ നിന്ന് 54 പോയിന്റുമായി പട്ടികയിൽ മൂന്നാം സ്ഥാനത്തേക്ക് മുന്നേറാനും ബാഴ്‌സയ്ക്ക് സാധിച്ചു. തോറ്റെങ്കിലും റയലാണ് ഒന്നാമത്. 29 മത്സരങ്ങളിൽ നിന്ന് 66 പോയിന്റാണ്റയലിനുള്ളത്.

പരിക്കേറ്റ സൂപ്പർ താരം കരിം ബെൻസേമയെക്കൂടാതെയാണ് റയൽ നറങ്ങിയത്. 29-ാം മിനിട്ടിൽ ഔബമെയാംഗിലൂടെ ബാഴ്‌സ ലീഡെടുത്തു. ഓസ്മാനെ ഡെംബലെയുടെ തകർപ്പൻ ക്രോസിന് കൃത്യമായി തലവെച്ച ഔബമെയാംഗ് അനായാസം പന്ത് വലയിലെത്തിച്ചു. 38-ാം മിനിറ്റിൽ അറൗഹോ ലീഡ് വർദ്ധിപ്പിച്ചു. രണ്ടാം ഗോളിന് വഴിവെച്ചതും ഡെംബലെ തന്നെ. ഡെംബലെയുടെ കോർണർ കിക്ക് ഹെഡ്ഡറിലൂടെ വലയിലെത്തിച്ച് അറൗഹോ ആദ്യ പകുതിയിൽ 2-0 ന്റെ ലീഡ് സമ്മാനിച്ചു.

രണ്ടാം പകുതിയുടെ തുടക്കത്തിൽ യുവതാരം ഫെറാൻ ടോറസ് ലക്ഷ്യം കണ്ടു. ഡി യോംഗിന്റെ പാസ് സ്വീകരിച്ച് മുന്നേറിയ ഔബമെയാംഗ് അതിമനോഹരമായി പന്ത് ടോറസിന് കൈമാറി. ഗോൾകീപ്പര്‍ കുർട്വയ്ക്ക് ഒരു സാധ്യതയും നൽകാതെ ടോറസ് പന്ത് വലയിലെത്തിച്ചു.

റയലിന്റെ വലയിലേക്ക് അവസാനം നിറയൊഴിച്ചതും ഔബമെയാംഗാണ്. 52-ാം മിനിട്ടിൽ ഫെറാൻ ടോറസിന്റെ പാസ് സ്വീകരിച്ച മുൻ ആഴ്‌സനൽ താരം പന്ത് കുർട്വയുടെ തലയ്ക്ക് മുകളിലൂടെ വലയിലേക്ക് കോരിയിട്ട് ബാഴ്‌സയ്ക്ക് തകർപ്പൻ വിജയം സമ്മാനിച്ചു.

എല്‍ ക്ലാസിക്കോയിൽ ബാഴ്‌സയുടെ 97-ാം വിജയമാണിത്. 100 വിജയങ്ങൾ റയൽ നേടിയിട്ടുണ്ട്.

പരിശീലകൻ സാവിയുടെ തന്ത്രങ്ങളാണ് ബാഴ്‌സയ്ക്ക് വിജയം നേടിയത്. സീസണിന്റെ തുടക്കത്തിൽ ഫോം കണ്ടെത്താൻ ഏറെ പാടുപെട്ട ബാഴ്‌സ പുതിയ താരങ്ങളുടെ കരുത്തിൽ സാവിയുടെ കീഴിൽ തേരോട്ടം നടത്തുകയാണ്. രണ്ട് ഗോളുകളും ഒരു അസിസ്റ്റുമായി കളം നിറഞ്ഞ ഔബമെയാംഗാണ് മത്സരത്തിലെ താരം. ജനുവരി ട്രാൻസ്ഫർ വിന്‍ഡോയിലൂടെയാണ് ബാഴ്‌സ ഔബമെയാംഗിനെ ആഴ്‌സനലിൽ നിന്ന് സ്വന്തമാക്കിയത്.

Advertisement
Advertisement