ഒന്നാംഘട്ട നവീകരണം പൂർത്തിയായി, ഹജൂർ കച്ചേരി ജില്ലാ പൈതൃക മ്യൂസിയ സമർപ്പണം 27ന്

Tuesday 22 March 2022 1:09 AM IST
നിർമാണം പൂർത്തിയായ ജില്ലാ പൈതൃക മ്യൂസിയം

തിരൂരങ്ങാടി: ഒന്നാംഘട്ട നവീകരണ പ്രവൃത്തികൾ പൂർത്തിയായ ഹജൂർ കച്ചേരി ജില്ലാ പൈതൃക മ്യൂസിയ സമർപ്പണം 27ന് വൈകീട്ട് 4.30ന് നടക്കുമെന്ന് കെ.പി.എ മജീദ് എം.എൽ.എ പറഞ്ഞു. ഇ.ടി മുഹമ്മദ് ബഷീർ എം.പി മുഖ്യാതിഥിയാകുന്ന ചടങ്ങിൽ മന്ത്രി അഹമ്മദ് ദേവർകോവിൽ സമർപ്പണം നടത്തും. പി.കെ. അബ്ദുറബ്ബ് വിദ്യഭ്യാസ വകുപ്പ് മന്ത്രിയായിരുന്ന 2014 കാലഘട്ടത്തിലാണ് ഹജൂർ കച്ചേരി ജില്ലാ പൈതൃക മ്യൂസിയമാക്കി പ്രഖ്യാപിച്ചത്. 58 ലക്ഷം രൂപയുടെ നവീകരണമാണ് ഇപ്പോൾ പൂർത്തിയായത്.

പൂർത്തിയായവ

  • ചുറ്റുമതിൽ ഗേറ്റ്
  • കെട്ടിടത്തിന്റെ കേടുപാട് തീർക്കൽ
  • പെയിന്റിംഗ്
  • സ്റ്റേജ് നിർമ്മാണം
  • ടോയ്ലറ്റ് ബ്ലോക്ക് നിർമ്മാണം
  • മുറ്റം ഇന്റർ ലോക്ക് ചെയ്യൽ
  • ഇരിപ്പിടമൊരുക്കൽ

ചരിത്രവും നിർമ്മാണവും

1906ൽ ബ്രട്ടീഷ് രാജകുമാരൻ വെയിൽസിന്റെ ഇന്ത്യാ സന്ദർശന സമയത്ത് നിർമ്മിച്ചതെന്ന് കരുതുന്ന കെട്ടിടമാണ് ചെമ്മാടുള്ള ഹജൂർ കച്ചേരി. ബ്രട്ടീഷ് കാലത്ത് ഭരണ സിരാ കേന്ദ്രവും കോടതിയും പൊലീസ് സ്റ്റേഷനും ജയിലുമൊക്കെയായി പ്രവർത്തിച്ചിരുന്ന ഹജൂർ കച്ചേരി അതേപടി നിലനിറുത്തി കെട്ടിടത്തിന്റെ കേടുപാടുകൾ തീർത്താണ് ആദ്യഘട്ട നവീകരണം പൂർത്തിയാക്കിയിട്ടുള്ളത്. വയറിംഗ് ഉൾപ്പെടെയുള്ളവ മാറ്റുകയും താലൂക്ക് ഓഫീസ് പ്രവർത്തിച്ചിരുന്ന സമയത്തെ അധിക നിർമ്മാണങ്ങൾ പൊളിച്ചു കളയുകയും ചെയ്തിട്ടുണ്ട്.

Advertisement
Advertisement