ഓഹരി വില്പന: അപേക്ഷ പരിഷ്കരിച്ച് എൽ.ഐ.സി

Tuesday 22 March 2022 3:52 AM IST

ന്യൂഡൽഹി: കേന്ദ്ര പൊതുമേഖലാ സ്ഥാപനവും രാജ്യത്തെ ഏറ്റവും വലിയ ഇൻഷ്വറൻസ് കമ്പനിയുമായ എൽ.ഐ.സി പ്രാരംഭ ഓഹരി വില്പനക്കായി (ഐ.പി.ഒ) പരിഷ്കരിച്ച അപേക്ഷ (ഡി.ആർ.എച്ച്.പി) സമർപ്പിച്ചു. ഫെബ്രുവരി 13ന് സമർപ്പിച്ച ആദ്യ അപേക്ഷയിൽ ജൂലായ്-സെപ്തംബർപാദ പ്രവർത്തനഫലമാണുള്ളത്. ഡിസംബർപാദ പ്രവർത്തനഫലവും ചേർത്താണ് ഡ്രാഫ്‌റ്റ് റെഡ് ഹെറിംഗ് പ്രോസ്‌പെക്‌ടസ് പരിഷ്‌കരിച്ചത്. ഇത് സെബി അംഗീകരിച്ചെന്നാണ് സൂചന.

ഡി.ആർ.എച്ച്.പി പ്രകാരം ഐ.പി.ഒ നടത്താൻ എൽ.ഐ.സിക്ക് മേയ് 12 വരെ സമയമുണ്ട്. ഈമാസം രണ്ടാംവാരം ഐ.പി.ഒ നടത്തുകയായിരുന്നു കേന്ദ്രലക്ഷ്യം. എന്നാൽ, റഷ്യ-യുക്രെയിൻ യുദ്ധപശ്ചാത്തലത്തിൽ ഓഹരിവിപണികൾ തളരുകയും വിദേശനിക്ഷേപം കൊഴിയുകയും ചെയ്‌തതോടെ ഐ.പി.ഒ തീയതി പ്രഖ്യാപനം കേന്ദ്രം മാറ്റിവച്ചു. നടപ്പുവർഷം ഐ.പി.ഒ നടത്താനുള്ള സാദ്ധ്യത വിരളമാണ്. പരിഷ്‌കരിച്ച അപേക്ഷപ്രകാരം, ഡിസംബർപാദത്തിൽ എൽ.ഐ.സിയുടെ ലാഭം 235 കോടി രൂപയാണ്.

തെന്നിമാറുന്ന മെഗാ ഐ.പി.ഒ

എൽ.ഐ.സിയുടെ 100 ശതമാനം ഓഹരികളും സർക്കാരിന്റെ കൈവശമാണ്. അഞ്ചു ശതമാനം ഓഹരികളാണ് ഐ.പി.ഒയിലൂടെ വിറ്റഴിക്കുന്നത്. ഇതുവഴി 60,000 കോടിയോളം രൂപ സമാഹരിക്കാമെന്നാണ് പ്രതീക്ഷ. ഇന്ത്യയിലെ ഏറ്റവും വലിയ ഐ.പി.ഒ ആയിരിക്കുമിത്.

റെക്കാഡ് ഐ.പി.ഒ

ഇന്ത്യയിലെ ഇതുവരെയുള്ള ഏറ്റവും വലിയ ഐ.പി.ഒകൾ:

 പേടിഎം (2021) : ₹18,300 കോടി

 കോൾ ഇന്ത്യ (2010) : ₹15,500 കോടി

 റിലയൻസ് പവർ (2008) : ₹11,700 കോടി

₹78,000 കോടി

നടപ്പുവർഷം പൊതുമേഖലാ ഓഹരി വില്പനവഴി 78,000 കോടി രൂപ സമാഹരിക്കുകയായിരുന്നു കേന്ദ്രലക്ഷ്യം. ഇതുവരെ നേടിയത് 12,423.67 കോടി രൂപയാണ്. നടപ്പുവർഷം അവസാനിക്കാൻ ദിവസങ്ങൾ മാത്രം ശേഷിക്കേ, ലക്ഷ്യം കാണുക പ്രയാസമാണ്. കേന്ദ്രം വൻ പ്രതീക്ഷവച്ച എൽ.ഐ.സി ഐ.പി.ഒയാണ് യുദ്ധംമൂലം അടുത്ത സാമ്പത്തികവർഷത്തേക്ക് നീളുന്നത്.

Advertisement
Advertisement