വ്രതശുദ്ധിയുടെ പുണ്യനാളുകളെ വരവേൽക്കാൻ ഒരുക്കങ്ങളായി

Tuesday 22 March 2022 2:22 AM IST

തിരൂരങ്ങാടി: ഒരു മാസത്തെ വ്രതശുദ്ധിയുടെ പുണ്യനാളുകളെ വരവേൽക്കാൻ
ഇസ്ലാം മത വിശ്വാസികൾ ഒരുങ്ങി. നാടും വീടും പരിസരവും പള്ളികളും വൃത്തിയാക്കുന്നതിനൊപ്പം മനസ്സും ശരീരവും ശുദ്ധിയാക്കിയാണ് പുണ്യങ്ങളുടെ പൂക്കാലമായ റംസാൻ മാസത്തെ വരവേൽക്കുക. ഏപ്രിൽ ആദ്യവാരമാണ് റംസാൻ നോമ്പിന് തുടക്കമാവുക.

കൊവിഡ് ഭീതിയുടെ നിഴലൊഴിഞ്ഞതിന്റെ ആശ്വാസവും ഇത്തവണ വ്രതാനുഷ്ഠാനത്തിന് ആവേശം പകരും.

രാത്രിവരെ നീണ്ടുനിൽക്കുന്ന നിസ്‌കാരവും അത്താഴസമയത്ത് പള്ളികളിൽ നടക്കുന്ന ഖുർആൻ പാരായണവും ജാതിമത ഭേദമന്യേ ഒരുമിച്ചിരുന്നുള്ള ഇഫ്താർ സംഗമങ്ങളും മതപ്രഭാഷണ വേദികളും കൊവിഡ് വ്യാപനം കുറഞ്ഞതിനാൽ ഇക്കുറിയുണ്ടാവും. നോമ്പുതുറയ്ക്കും രാത്രിയിലെ അത്താഴത്തിനുമായി അരി, ഗോതമ്പ്, മുളക്, മല്ലി മുതലായവ ഉണക്കി മില്ലിൽ കൊണ്ടുപോയി പൊടിക്കാനുള്ള തിരക്കിലാണ് വീട്ടുകാർ.
കഴിഞ്ഞ രണ്ടു വർഷം കൊവിഡ് മൂലം വിദേശത്തുനിന്ന് നിരവധി പേർ ജോലി നഷ്ടപ്പെട്ട് നാട്ടിലെത്തിയത് നിരവധി കുടുംബങ്ങളെ അലട്ടിയിരുന്നു. ഇവരിൽ പലരും ജോലിക്കായി മടങ്ങിപ്പോയതിന്റെ ആശ്വാസവും ഇക്കുറിയുണ്ട്. വ്യാപാരികളും സാധാരണ പോലെ ഒരുങ്ങിക്കഴിഞ്ഞു. പുതുവസ്ത്രം വാങ്ങാനുള്ള ഒരുക്കം ഇക്കുറി നേരത്തെ തുടങ്ങുമെന്ന് വ്യാപാരികൾ പറയുന്നു. റംസാനിലെ അവസാന പത്തിൽ റിലീഫ് പ്രവർത്തനങ്ങളും മറ്റു പരിപാടികളും മഹല്ലുകൾ കേന്ദ്രീകരിച്ചും വിവിധ സംഘടനകളുടെയും വ്യക്തികളുടെയും നേതൃത്വത്തിലും നടക്കും. സമൃദ്ധ ഭക്ഷണം നിറയുന്ന ഇഫ്താർ വിരുന്നുകൾ മതസൗഹാർദ്ദത്തിന്റെ വേദികളാകും. പഴവർഗ്ഗങ്ങളും പലഹാരങ്ങളും അരിപ്പത്തിരിയും മറ്റ് തനതു പലഹാരങ്ങളും എണ്ണക്കടികളും ഇത്തവണയും നോമ്പുതുറയെ രുചിസമൃദ്ധമാക്കും. ചൂടിന്റെ പരീക്ഷണം ഇത്തവണയും നോമ്പുകാലത്തുണ്ടാവുമെന്നതിനാൽ പഴവിപണിയും സജീവമാണ്. വിവിധ തരത്തിലുള്ള പഴങ്ങൾ എത്തിക്കാനുള്ള തിരക്കിലാണ് വ്യാപാരികൾ.

Advertisement
Advertisement