അപകടങ്ങളിൽ പഠിക്കാതെ സംഘാടകർ,​ സുരക്ഷയില്ലാതെ ഗ്യാലറികൾ

Tuesday 22 March 2022 2:36 AM IST

മലപ്പുറം: മലപ്പുറത്തെ കായികപ്രേമികളെ ഏറെ ആവേശം കൊള്ളിക്കുന്ന അഖിലേന്ത്യാ സെവൻസ് മൈതാനങ്ങളിലെ ഗ്യാലറികൾക്ക് കൂടുതൽ സുരക്ഷയില്ലാത്തത് വെല്ലുവിളിയാകുന്നു. പൂങ്ങോട്ടുണ്ടായ അപകടം ജില്ലയിൽ ഇതാദ്യമായൊന്നുമല്ല. സമാന സ്ഥിതിയിൽ വർഷങ്ങൾക്ക് മുമ്പ് അരീക്കോട് തെരട്ടമ്മലിൽ സെവൻസ് നടന്ന സമയത്തും ഗ്യാലറി തകർന്ന് നിരവധി പേർക്ക് പരിക്ക് പറ്റിയിരുന്നു. സമാന സംഭവം കാസർകോട് ജില്ലയിലുമുണ്ടായി. സെവൻസ് നടത്തുന്ന സ്റ്റേറ്റ് ഫുട്ബാൾ അസോസിയേഷൻ (എസ്.എഫ്.എ) തെരട്ടമ്മലിലെയും കാസർകോട്ടെയും അപകടത്തിന് ശേഷവും ഗ്യാലറി നിർമാണത്തിൽ കാര്യമായ മാറ്റങ്ങളൊന്നും വരുത്തിയിട്ടുമില്ല. എസ്.എഫ്.എയാണ് മുഴുവൻ കേന്ദ്രങ്ങളിലേയും കമ്മിറ്റികൾക്ക് നിർദ്ദേശം നൽകേണ്ടത്. കവുങ്ങുകൾ കൊണ്ട് തന്നെയാണ് ജില്ലയിലെ ഭൂരിഭാഗം സ്റ്റേഡിയങ്ങളും പണിതിട്ടുള്ളത്. നിരവധി കുട്ടികളും പ്രായമായവരുമടക്കം ഒരുപോലെ ആസ്വദിക്കാനെത്തുന്ന അഖിലേന്ത്യാ സെവൻസിന് കൂടുതൽ സുരക്ഷ ഉറപ്പാക്കേണ്ടത് അത്യാവശ്യമാണ്.

പരിധിയിൽ കവിഞ്ഞ കാണികൾ സ്റ്റേഡിയത്തിലെത്തി

പൂർണമായും കവുങ്ങുകൾ വച്ച് കയറുകൾ കൊണ്ട് കെട്ടിയുണ്ടാക്കുന്ന ഗ്യാലറികൾക്ക് നിശ്ചിത എണ്ണം ആളുകളെയാണ് ഉൾകൊള്ളാനാവുക. മിക്കയിടങ്ങളിലേയും ഗ്യാലറികൾ 6,​000 വരെ ആളുകളെ ഉൾകൊള്ളാനാവുന്നതാണ്. എന്നാൽ ഇതിൽ കവിഞ്ഞ ആളുകൾ ഗ്യാലറിയിലെത്തിയതാണ് പൂങ്ങോടും മുമ്പ് തെരട്ടമലിലുമുണ്ടായ അപകടങ്ങൾക്ക് കാരണമായത്. തിരക്ക് നിയന്ത്രിക്കാൻ സംഘാടകർക്കും സാധിച്ചില്ല. നിറയെ ആരാധകരുള്ള ടീമുകൾ തമ്മിൽ മത്സരം വരുമ്പോഴാണ് സ്റ്റേഡിയത്തിലേയ്ക്ക് അമിത ജനപ്രവാഹമുണ്ടാകുന്നത്. ഫൈനൽ മത്സരങ്ങൾക്കും ആളുകൂടാറുണ്ട്. ചില ദിവസങ്ങളിൽ ഗ്യാലറികൾ ഒഴിഞ്ഞു കിടക്കുമ്പോൾ ചിലപ്പോൾ ഗ്യാലറി നിറഞ്ഞു കവിയുന്നു. ജനങ്ങളെ നിയന്ത്രിക്കാൻ ശ്രമിച്ചാൽ സംഘാടകരുമായി വഴക്കുണ്ടാവുന്ന സാഹചര്യമടക്കം പതിവാണെന്ന് അധികൃതർ പറയുന്നു.

കൊവിഡ് കാരണം രണ്ട് വർഷത്തോളം സെവൻസ് ടൂർണ്ണമെന്റുകൾ നടന്നിരുന്നില്ല. അതിനാൽ സെവൻസ് കാണാനായി ജില്ലയിലെ എല്ലാ സ്റ്റേഡിയങ്ങളിലേക്കും ജനം ഇരച്ചെത്തുന്നുണ്ട്. സാധാരണ ഗതിയിൽ ജില്ലയിൽ 15ൽ കൂടുതൽ സ്ഥലങ്ങളിൽ എല്ലാ വർഷവും മത്സരം സംഘടിപ്പിക്കാറുണ്ട്. ഇത്തവണ സാമ്പത്തിക പ്രതിസന്ധിയും മറ്റും കാരണം അഞ്ചിടങ്ങളിൽ മാത്രമാണ് കളി നടത്തിയത്. അത് വിവിധ സ്ഥലങ്ങളിൽ നിന്നും കൂടുതൽ ജനം കളി നടക്കുന്ന അഞ്ചിടങ്ങളിലേക്കും വരുന്നതിന് ഇടയാക്കി.

മഴയും കാരണമായി

പൂങ്ങോടുണ്ടായ അപകടത്തിൽ മരം മുറിയുകയോ മരത്തിന്റെ കെട്ടുകൾ പൊട്ടുകയോ അല്ല ചെയ്തത്. തലേ ദിവസം പെയ്ത മഴയിൽ ഗ്യാലറി നില നിറുത്താനായി തൂണുകളാക്കി മണ്ണിൽ കുഴിച്ചിട്ട മരങ്ങൾ ഇളകിയതാണ് അപകട കാരണമെന്നാണ് പ്രാഥമിക വിവരം. മണ്ണിളകിയതോടെ ഗ്യാലറി പൂർണമായും ഒരു വശത്തേക്ക് മറിയുകയായിരുന്നു.

നിലവിൽ സ്റ്റേഡിയങ്ങളിലുള്ള സംവിധാനങ്ങൾ

ആംബുലൻസ്

സ്ട്രക്ചർ

ഫസ്റ്റ് എയ്ഡ്

ഫയർ

കൂടുതൽ സുരക്ഷിതമാക്കാൻ

കവുങ്ങ് ഉപയോഗിച്ച് ഗ്യാലറി നിർമിക്കുന്നത് ഒഴിവാക്കി പൂർണമായും ഇരുമ്പുകൾ കൊണ്ട് നിർമിക്കുക.

ഒന്നിലധികം ആംബുലൻസുകൾ സജ്ജമാക്കുക.

ഉൾക്കൊള്ളാനാവുന്ന ആളുകളെ മാത്രം പ്രവേശിപ്പിക്കുക.

പ്രായമായവർ,​ കുട്ടികൾ,​ സ്ത്രീകൾ എന്നിവർക്ക് പ്രത്യേക സൗകര്യമൊരുക്കുക.

Advertisement
Advertisement