ടീച്ചറെ ഞെട്ടിച്ച് വിരമിക്കൽ സമ്മാനം, രവിവ‌ർമ്മച്ചിത്രങ്ങളായി സഹപ്രവർത്തകർ

Tuesday 22 March 2022 10:49 PM IST

കൊച്ചി: ലക്ഷ്മിപ്രിയ സൈരന്ധ്രിയായി, നിവേദിത ശകുന്തളയായി, ഡോ. ബീന ആൻ ജോസഫ് കാദംബരിയായി...! യാത്രഅയപ്പു വേദിയിൽ പ്രിയപ്പെട്ട സഹപ്രവർത്തകർ, താൻ നെഞ്ചിലേറ്റുന്ന രവിവർമ്മച്ചിത്രങ്ങളിലെ കഥാപാത്രങ്ങളായി വന്നപ്പോൾ സ്നേഹരാഗം ചാലിച്ച ആ സർപ്രൈസിനു മുന്നിൽ ലതടീച്ചർക്ക് ശരിക്കും കരച്ചിൽ വന്നു.

എറണാകുളം സെന്റ് തെരേസാസ് കോളേജിലെ ഇംഗ്ളീഷ് വിഭാഗം മേധാവിയായി കഴിഞ്ഞ ദിവസം വിരമിച്ച ഡോ. ആർ. ലതാ നായർക്ക്,​ ടീച്ചർ ഒരിക്കലും മറക്കാത്തൊരു സമ്മാനം നല്കണമെന്ന പന്ത്രണ്ട് അദ്ധ്യാപികമാരുടെ ഐഡിയ ആയിരുന്നു അത്- രാജാ രവിവർമ്മച്ചിത്രങ്ങളുടെ കടുത്ത ആരാധികയായ ടീച്ചർക്കു മുന്നിൽ,​ ആ വിഖ്യാതചിത്രങ്ങളിൽ നിന്ന് ജീവൻവച്ച നായികമാരായി പ്രത്യക്ഷപ്പെടുക. എല്ലാം അവസാനം വരെ രഹസ്യമാക്കിവച്ചു. മേക്കപ്പിന് തൃശൂരിൽ നിന്ന് സിനിമാ- സീരിയൽ ചമയവിദഗ്ദ്ധൻ രാധുവിനെയും നാലു സഹായികളെയും വരുത്തി. ബി കോം വിദ്യാർത്ഥിനി ശ്രീലക്ഷ്മി കഥാപാത്രങ്ങൾക്ക് ചുവടുകളൊരുക്കി. നാലു ദിവസം റിഹേഴ്സൽ.

രാവിലെ ആറിനു തുടങ്ങി,​ ചമയം. ഓരോ കഥാപാത്രത്തിനും രണ്ട്- രണ്ടര മണിക്കൂർ. ഒടുവിൽ,​ കോളേജ് ഓഡിറ്റോറിയത്തിലെ യാത്രഅയപ്പു രംഗം,​ രവിവർമ്മ ഫ്യൂഷൻ അവതരണത്തിന് അരങ്ങായപ്പോൾ വേദിയിൽ അമ്പരന്നിരിക്കാനേ ലതയ്ക്കു കഴിഞ്ഞുള്ളൂ. 33 വർഷത്തെ അദ്ധ്യാപനം കഴിഞ്ഞ് പടിയിറങ്ങുമ്പോൾ ഇതിലും വലിയൊരു ഓർമ്മ സൂക്ഷിക്കാനില്ല. സഹപ്രവർത്തകരെ ചേർത്തുനിറുത്തി ലത വിതുമ്പി. എറണാകുളത്ത് ബിസിനസുകാരനായ സി.വി. വിനോദാണ് ‌ഡോ. ലതാ നായരുടെ ഭർത്താവ്. മക്കൾ ഡോ. ആദിത്യനും ഡോ. അമൃതയും. പ്രമുഖ വ്യവസായി രവി പിള്ളയുടെ മകൾ ആരതി മരുമകൾ.

കോളേജിൽ നിന്ന് പടിയിറങ്ങുമ്പോൾ കരയില്ലെന്ന് ഉറപ്പിച്ചിരുന്നു. ഈ സ്നേഹത്തിനു മുന്നിൽ പക്ഷേ തോറ്റുപോയി.

ഡോ. ആർ. ലതാ നായ‌ർ

Advertisement
Advertisement