കൊല്ലത്തെ കായൽ നവീകരണം ചെളിവെള്ളത്തിൽ നാറുന്നു!

Tuesday 22 March 2022 11:20 PM IST

 പണം ചെലവാക്കുന്നത് മിച്ചം

കൊല്ലം: ജലസ്രോതസുകളാൽ സമ്പന്നമായ ജി​ല്ല കുടിവെള്ളത്തിനായി നെട്ടോട്ടമോടുന്നു. ജലസ്രോതസുകളുടെ പുനരുജ്ജീവന പദ്ധതി​കളെല്ലാം പ്രഖ്യാപനത്തി​ലോ പാതിവഴിയിലോ അവസാനിക്കുകയാണ്.

കൊല്ലം കെ.എസ്.ആർ.ടി.സി സ്റ്റാൻഡിന് സമീപം അഷ്ടമുടി കായലി​ലെ ദുർഗന്ധം സഹി​ക്കാനാവാത്ത സ്ഥി​തി​യാണ്. നഗരത്തിലെ സകല മാലിന്യവും വലിച്ചെറിയുന്ന ഇടമായി കായൽ മാറി. പ്ളാസ്റ്റിക് ഉൾപ്പെടെ മാലിന്യങ്ങളുടെ കൂമ്പാരമാണ് കായൽ. കായൽതീരങ്ങളിലെ വീടുകളിൽ നിന്നും ടോയ്‌ലെറ്റിൽ നിന്നും പൊതു സ്ഥാപനങ്ങളിൽ നിന്നും മാലിന്യങ്ങൾ കായലിലേക്ക് തള്ളുന്നു. കൈയേറ്റങ്ങളും കായലിനെ നാശത്തിലേക്ക് നയിക്കുന്നു. പുനരുജ്ജീവനത്തിനായി പദ്ധതികൾ പലത് പ്രഖ്യാപിച്ചെങ്കിലും കായൽ മാത്രം രക്ഷപ്പെട്ടില്ല. കോടികൾ വെള്ളത്തിലായത് മാത്രം ബാക്കിയായി.

കഴിഞ്ഞവർഷം കൊല്ലം കോർപ്പറേഷൻ കായലിന്റെ പുനരുജ്ജീവനത്തിനായി ലക്ഷങ്ങൾ ചെലവഴിച്ച് ഒട്ടേറെ പ്രവർത്തനങ്ങൾ നടത്തിയിരുന്നു. മഴ മനുഷ്യൻ എന്നറിയപ്പെടുന്ന വിശ്വനാഥ് ശ്രീകണ്ഠയ്യരുൾപ്പെടെ പ്രമുഖർ അഷ്ടമുടി കായലിന്റെ പുനരുജ്ജീവനത്തിനായി ഒരുക്കിയ സാങ്കേതിക ശില്പശാലയിൽ പങ്കെടുത്ത് ആശയങ്ങൾ പങ്കുവച്ചു. അഷ്ടമുടി ആവാസവ്യവസ്ഥ പുനഃസ്ഥാപന അതോറിട്ടി രൂപീകരിക്കണം, കായൽ ശുചീകരണത്തിനായി ജനകീയ യജ്ഞം, പ്രോഗ്രസ് റിപ്പോർട്ട് ഉൾപ്പെട വിവിധ പദ്ധതികൾ പ്രഖ്യാപിച്ചിരുന്നു. കുറെ പ്രവർത്തനങ്ങൾ നടത്തിയെങ്കിലും ഒരു മാറ്റവും ഉണ്ടായില്ല.

കല്ലട, ഇത്തിക്കര ആറുകൾ നാശത്തിൽ

ജില്ലയുടെ ജീവനാഡിയായി ഒഴുകുന്ന നദികളാണ് കല്ലട, ഇത്തിക്കരയാറുകൾ. മണലൂറ്റും പ്രളയവും വരൾച്ചയും മാലിന്യങ്ങളും നദികളുടെ നിലനിൽപ്പിന് ഭീഷണിയായിട്ടുണ്ട്. നദികളുടെ പുനരുജ്ജീവനത്തിന് പദ്ധതികൾ പലത് വന്നെങ്കിലും നദികൾ കൂടുതൽ മെലിഞ്ഞതേയുള്ളു. മണ്ണും ചെളിയും പ്ളാസ്റ്റിക് മാലിന്യങ്ങളും നിറഞ്ഞ് നീരൊഴുക്ക് ഇല്ലാതാകുന്ന അവസ്ഥയിലാണ് വേനൽക്കാലം.

രണ്ടു നദികളുടെയും പുനരുജ്ജീവനത്തിനായി ജില്ലാ പഞ്ചായത്ത്‌ പദ്ധതി ആവിഷ്കരിച്ചെങ്കിലും കാര്യമായ പുരോഗതിയില്ല. മേജർ, മൈനർ ഇറിഗേഷൻ വിഭാഗങ്ങളിലെ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ നദികളുടെ കൈവഴികളും കൈയേറ്റങ്ങളും കണ്ടെത്തി പുനരുജ്ജീവനത്തിനായി പദ്ധതി തയ്യാറാക്കി വരുന്നതേയുള്ളൂ.

17.04 ച. കിലോ മീറ്റർ

കൈയേറ്റത്തിലൂടെ അഷ്ടമുടിക്ക് നഷ്ടമായ വിസ്തൃതി

₹ 1.40 കോടി

കല്ലട, ഇത്തിക്കര നവീകരണത്തിന് അനുവദിച്ചത്

Advertisement
Advertisement