ആപ്പിലായി മാലിന്യനീക്കവും

Wednesday 23 March 2022 12:39 AM IST

 മാലിന്യ പരിപാലനം ഇനി 'ഹരിതമിത്രം' ആപ്പിലൂടെ

പാലക്കാട്: തദ്ദേശ സ്ഥാപനങ്ങളിലെ ഹരിത കർമ്മസേനയുടെ മാലിന്യശേഖരണ, സംസ്‌കരണ പ്രവർത്തനങ്ങൾ ഊർജിതമാക്കാൻ ഇനി 'ഹരിതമിത്രം' ആപ്പ് തയ്യാർ. കെൽട്രോണിന്റെ സാങ്കേതിക സഹായത്തോടെ ശുചിത്വമിഷനും ഹരിത കേരളമിഷനും ചേർന്നാണ് ഹരിതമിത്രം എന്ന മൊബൈൽ ആപ്ലിക്കേഷൻ തയ്യാറാക്കിയിരിക്കുന്നത്. ഏപ്രിൽ ആദ്യവാരത്തോടെ ആപ്പ് ഉപയോഗിച്ചു തുടങ്ങുമെന്ന് അധികൃതർ അറിയിച്ചു. ഇതിന്റെ ഭാഗമായി ജില്ലയിലെ അതത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികൾക്ക് ആപ്പിന്റെ ഉപയോഗം സംബന്ധിച്ചുള്ള പരിശീലനം കിലയുടെ നേതൃത്വത്തിൽ 25ന് ആരംഭിക്കും.

ആപ്പിന്റെ പ്രവർത്തനം

 പദ്ധതിയുടെ ഭാഗമായി എല്ലാ വീടുകളിലും സ്ഥാപനങ്ങളിലും ക്യൂആർ കോഡ് സ്ഥാപിക്കും.

 ക്യൂആർ കോഡ് സ്‌കാൻ ചെയ്യുമ്പോൾ വീടുമായി ബന്ധപ്പെട്ട മുഴുവൻ വിവരങ്ങളും ലഭിക്കും.

 കൈമാറുന്ന മാലിന്യങ്ങളുടെ ഇനം, അളവ്, കൈമാറുന്ന തീയതി, നൽകിയ യൂസർ ഫീ, യൂസർഫീയോ മാലിന്യമോ നൽകാത്ത ഉടമകളുടെ വിവരങ്ങൾ, ഹരിത കർമ്മസേന പ്രവർത്തകരോടുള്ള പെരുമാറ്റം എന്നിവ രേഖപ്പെടുത്തുന്നതിനുള്ള സൗകര്യം ആപ്പിലുണ്ടാകും.

 സേവനം ലഭിക്കുന്നതിൽ വീഴ്ചയുണ്ടായാൽ ആപ്ലിക്കേഷനിൽ പ്രത്യേകമായി ഉൾപ്പെടുത്തിയിട്ടുള്ള പൊതുജന പരാതി - പരിഹാര സംവിധാനത്തിലൂടെ വീട്ടുടമസ്ഥർക്കും സ്ഥാപനങ്ങൾക്കും പരാതി അറിയിക്കാം.

 പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള അജൈവ മാലിന്യങ്ങളുടെ ശാസ്ത്രീയമായ മാലിന്യ സംസ്‌കരണമാണ് പദ്ധതിയുടെ ലക്ഷ്യം. ഇതോടൊപ്പം ഹരിത കർമ്മസേന മുഖേനയുള്ള വാതിൽപ്പടി പാഴ്വസ്തു ശേഖരണ സേവനവും തദ്ദേശ സ്ഥാപനങ്ങളിൽ ഉടൻ ലഭ്യമാക്കും.

വൈ.കല്ല്യാണകൃഷ്ണൻ,

ജില്ലാ കോ- ഓർഡിനേറ്റർ,

ഹരിത കേരളം മിഷൻ

Advertisement
Advertisement