കീഴടങ്ങാൻ സർക്കാരിന് ഉദ്ദേശ്യമില്ല ; സർവേക്കല്ല് തീർന്നാൽ പുറത്ത് നിന്നെത്തിക്കും: കോടിയേരി

Wednesday 23 March 2022 1:07 AM IST

മലപ്പുറം: സിൽവർലൈൻ പദ്ധതിക്കെതിരായ പ്രതിഷേധങ്ങൾക്ക് മുന്നിൽ കീഴടങ്ങാൻ സർക്കാർ ഉദ്ദേശിക്കുന്നില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. എൽ.ഡി.എഫ് ഭരിക്കുമ്പോൾ ഇവിടെ ഒന്നും സമ്മതിക്കില്ലെന്ന നിലപാടിനെ രാഷ്ട്രീയമായി നേരിടും. എല്ലായിടത്തും സമരം നടത്തട്ടെ. സർവേക്കല്ലുകൾ എടുത്തുകൊണ്ടുപോയാലും ക്ഷാമമുണ്ടാവില്ല. കല്ല് തീർന്നാൽ മറ്റു സംസ്ഥാനങ്ങളിൽ നിന്ന് കൊണ്ടുവരുമെന്നും കോടിയേരി പറഞ്ഞു. ഭൂമി നഷ്ടപ്പെടുന്നവരുടെ പ്രശ്നം പരിഗണിക്കും. നഷ്ടപരിഹാരം നൽകിയ ശേഷമേ ഭൂമി ഏറ്റെടുക്കൂ. തെറ്റായ പ്രചാരണങ്ങൾ നടത്തി ആളുകളെ സമരത്തിനിറക്കുകയാണ്. സാമൂഹിക ആഘാത പഠനത്തിനാണ് കല്ലിടൽ. അതിന് ശേഷമേ മറ്റ് നടപടികളിലേക്ക് നീങ്ങാൻ സാധിക്കൂ. അതിനുള്ള അനുമതി കേന്ദ്ര സർക്കാർ നൽകിയിട്ടുണ്ട്. ഹൈക്കോടതിയും അത് അംഗീകരിച്ചതിനാൽ സമരം വിധിക്ക് എതിരാണ്.

ചങ്ങനാശ്ശേരിയിൽ രണ്ടാം വിമോചനസമരമെന്ന് പറയുന്നത് നടക്കില്ല. ആ കാലമൊക്കെ മാറി. എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ പ്രതികരിച്ചത് തങ്ങൾ അനുകൂലമോ പ്രതികൂലമോ അല്ലെന്നാണ്. സമരത്തിലേക്ക് ആര് നുഴഞ്ഞ് കയറിയാലും ലക്ഷ്യം നടക്കില്ലെന്നും കോടിയേരി പറഞ്ഞു.

Advertisement
Advertisement