സന്തോഷ പൂരത്തിന് ഒരുക്കം തകൃതി; കോട്ടപ്പടിയിൽ വൈകീട്ട്,​ പയ്യനാട്ട് രാത്രി

Wednesday 23 March 2022 1:25 AM IST
ആൾ ഇന്ത്യ ഫുട്‌ബാൾ ഫെഡറേഷന്റെ നേതൃത്വത്തിൽ ചേർന്ന അവലോകന യോഗം

മലപ്പുറം: സോക്കർ പ്രേമികളുടെ കാത്തിരിപ്പിന് വിരാമമിട്ട് സന്തോഷ് ട്രോഫി ഫുട്‌ബാൾ ചാമ്പ്യൻഷിപ്പിന്റെ മത്സര ക്രമങ്ങൾ അടുത്ത ദിവസങ്ങളിലായി പ്രഖ്യാപിക്കും. ഒരുഗ്രൂപ്പ് മത്സരം ഒരു സ്റ്റേഡിയത്തിൽ നടത്താനായിരുന്നു ആദ്യം നിശ്ചയിച്ചിരുന്നതെങ്കിലും ഇരു ഗ്രൂപ്പുകളുടെയും മത്സരങ്ങൾ ഇരുവേദിയിലുമായി നടത്താൻ എ.ഐ.എഫ്.എഫ് ആലോചിക്കുന്നുണ്ട്. കോട്ടപ്പടി സ്റ്റേഡിയത്തിൽ വൈകീട്ട് നാലിനും പയ്യനാട് സ്റ്റേഡിയത്തിൽ രാത്രി എട്ടിനുമായിരിക്കും മത്സരങ്ങൾ. ഉദ്ഘാടന ദിവസം കോട്ടപ്പടിയിൽ രാവിലെയാവും മത്സരം. ഒരുഗ്രൂപ്പിൽ നിന്ന് രണ്ട് ടീമുകളായിരിക്കും സെമിക്ക് യോഗ്യത നേടുക.

ചാമ്പ്യൻഷിപ്പിന്റെ മുന്നോടിയായി ഓൾ ഇന്ത്യ ഫുട്‌ബോൾ ഫെഡറേഷന്റെ നേതൃത്വത്തിൽ ഇന്നലെ അവലോകന യോഗം ചേർന്നു. എ.ഐ.എഫ്.എഫ് കോമ്പറ്റീഷൻ മാനേജർ രാഹുൽ പരേശ്വർ, പ്രതിനിധികളായ ആൻഡ്രൂർ, സി.കെ.പി ഷാനവാസ് എന്നിവരുടെ നേതൃത്വത്തിലാണ് അവലോകന യോഗം ചേർന്നത്. മത്സരങ്ങൾ നടക്കുന്ന സ്റ്റേഡിയങ്ങളായ മഞ്ചേരി പയ്യനാട്, കോട്ടപ്പടി എന്നിവയിൽ ഓൾ ഇന്ത്യ ഫുട്‌ബാൾ ഫെഡറേഷൻ പ്രതിനിധികൾ കഴിഞ്ഞദിവസം പരിശോധന നടത്തിയിരുന്നു. തുടർന്ന് എ.ഐ.എഫ്.എഫ് പ്രതിനിധികൾ നിർദേശിച്ച കാര്യങ്ങൾ വിവധ സബ്കമ്മിറ്റികളെ നേരിട്ട് ബോധ്യപ്പെടുത്തി.

പയ്യനാട് സ്റ്റേഡിയത്തിൽ കോർണർ ഫ്ളാഗിലെ പുല്ലിന്റെ പരിപാലനം, ലൈവ് ടെലിക്കാസ്റ്റ് ചെയ്യാൻ അവശ്യമായ സ്റ്റാൻഡ് നിർമ്മാണം, മീഡിയ റൂമിന്റെ സൗകര്യം വർദ്ധിപ്പിക്കൽ, നിലവിലെ ഫ്ളഡ് ലൈറ്റുകളുടെ നവീകരണം, സൈൻ ബോർഡുകൾ സ്ഥാപിക്കൽ എന്നിവ വേഗത്തിൽ പൂർത്തിയാക്കാൻ നിർദ്ദേശം നൽകി. ഫെൻസിംഗുകൾ മാറ്റിസ്ഥാപിക്കൽ, ടെലിക്കാസ്റ്റിന് വേണ്ട സൗകര്യങ്ങൾ, പെയിന്റിംഗ്, സബ്സ്റ്റിറ്റ്യൂഷൻ പവലിയൻ ക്രമീകരിക്കൽ തുടങ്ങിയവയാണ് കോട്ടപ്പടിയിലെ ജോലികൾ.

സുരക്ഷ ഉറപ്പുവരുത്തണം

ഫുട്ബാൾ പ്രേമികൾ ഏറെയുള്ള ജില്ലയിൽ മത്സരങ്ങൾ കാണാനെത്തുന്നവരുടെ എണ്ണം അധികമായിരിക്കുമെന്നാണ് എ.ഐ.എഫ്.എഫ് സംഘത്തിന്റെ നിഗമനം. അതുകൊണ്ട് കളിക്കാരുടെയും മറ്റു ഒഫീഷ്യലുകളുടെയും സുരക്ഷ ഉറപ്പുവരുത്തണമെന്ന് എ.ഐ.എഫ്.എഫ് നിർദേശിച്ചിട്ടുണ്ട്.

Advertisement
Advertisement