കൊട്ടാരക്കരയിൽ മൂക്ക് പൊത്തേണ്ട, മാലിന്യം വിറ്റ് കാശാക്കി

Thursday 24 March 2022 12:27 AM IST

4 മാസം വരുമാനം

3,03,981 ലക്ഷം

കൊല്ലം: മൂക്ക് പൊത്തിയിട്ട് നടക്കാൻ വയ്യെന്ന് ഇനിയാരും പറയേണ്ട, തദ്ദേശ സ്ഥാപനങ്ങൾക്ക് മാതൃകയായി മാലിന്യം വിറ്റ് കാശാക്കുകയാണ് കൊട്ടാരക്കര നഗരസഭ.

കഴിഞ്ഞ നാലുമാസം കൊണ്ട് വിറ്റുവരവിൽ നഗരസഭയ്ക്ക് ലഭിച്ചത് 3,03,981 ലക്ഷം രൂപയാണ്. പല തദേശസ്ഥാപനങ്ങളിലും മാലിന്യ സംസ്കരണം വെല്ലുവിളിയാകുമ്പോഴാണ് കൊട്ടാരക്കര നഗരസഭയുടെ നേട്ടം വ്യത്യസ്തമാകുന്നത്.

കഴിഞ്ഞ സെപ്തംബർ മുതലാണ് മാലിന്യ സംസ്കരണത്തിന് നഗരസഭ ശാസ്ത്രീയ മാർഗങ്ങൾ സ്വീകരിച്ചത്. നിശ്ചിത തുക ഈടാക്കിയാണ് വീടുകളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും മാലിന്യം ശേഖരിച്ചത്. ജൈവ മാലിന്യങ്ങൾ തരംതരിച്ച് സംസ്കരിക്കുന്നതിനൊപ്പം അജൈവമാലിന്യങ്ങൾ പൊടിച്ച് ഗ്രീന്‍ടെക് എക്കോ കൺസൾട്ടൻസിക്കും കൈമാറി.

വീടുകളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും ലഭിക്കുന്ന ഫീസിന് പുറമേ, മാലിന്യ വില്പനയിലൂടെ പ്രതിമാസം 30,000 മുതൽ 40, 000 രൂപ വരെ വരുമാനവും ലഭിച്ചു. ഇതോടെ നാടിന്റെ ശാപമായ മാലിന്യം നഗരസഭയ്ക്ക് വരുമാനമാർഗവുമായി.

നഗരം ക്ളീനായ വഴികൾ
1. ഓരോ വാർഡുകളിലും 80 - 100 വീടുകൾ ചേർത്ത് ക്ളസ്റ്ററുകൾ

2. ഒരു വാർഡിൽ 4 - 6 വരെ ക്ളസ്റ്ററുകൾ നിലവിൽവന്നു

3. ഒരു ക്ളസ്റ്ററിൽ രണ്ട് ഹരിതകർമ്മ സേനാംഗങ്ങൾ വീതം

4. മാസത്തിൽ ഒരിക്കൽ വീടുകളും നിന്നും രണ്ട് ആഴ്ചയിലൊരിക്കൽ വ്യാപാര സ്ഥാപനങ്ങളിൽ നിന്നും അജൈവ മാലിന്യ ശേഖരണം

5. ഒരു വീടിന് 50 രൂപയും സ്ഥാപനങ്ങൾക്ക് 100 - 500 രൂപവരെയും ഫീസ്

ഹരിത കർമ്മ സേനാംഗങ്ങൾ: 43

ദിവസ വരുമാനം ₹ 350

ജോലി: 16 ദിവസം

പ്രതിമാസം ഫീസ് കളക്ഷൻ ₹ 2.50 ലക്ഷം

മാലിന്യം വിറ്റുവരവ് ₹ 30,000 - 40,000

ചിട്ടയോടെ ഹരിതകർമ്മ സേന

നഗരത്തിലെ 43 ഹരിത കർമ്മ സേനാംഗങ്ങൾ ചേർന്ന് രൂപീകരിച്ച കൺസോർഷ്യത്തിന്റെ അക്കൗണ്ടിലേക്കാണ് വരുമാനം എത്തുന്നത്. പ്രസിഡന്റും സെക്രട്ടറിയും പത്ത് എക്സി. കമ്മിറ്റി അംഗങ്ങളും ചേർന്ന ഭരണ സമിതിയാണ് നിയന്ത്രിക്കുന്നത്. കൺസോർഷ്യമാണ് ഹരിത കർമ്മ സേനാംഗങ്ങൾക്ക് ശമ്പളം നൽകുന്നത്. മിച്ചമുള്ള തുക കോർപ്പസ് ഫണ്ടായി അക്കൗണ്ടിൽ സൂക്ഷിക്കും.

""

ജനങ്ങളും വ്യാപാരികളും നല്ലരീതിയിൽ സഹകരിക്കുന്നുണ്ട്. 43 പേർക്ക് തൊഴിൽ ലഭിച്ചു. പദ്ധതി കൂടുതൽ മെച്ചപ്പെടുത്താനുള്ള ശ്രമത്തിലാണ്.

എ. ഷാജു, ചെയർമാൻ

കൊട്ടാരക്കര നഗരസഭ

Advertisement
Advertisement