പുനലൂർ - ചെങ്കോട്ട പാതയിൽ വൈദ്യുതീകരണം വേഗത്തിൽ

Thursday 24 March 2022 12:39 AM IST

 കരാർ തുക ₹ 61.32 കോടി

കൊല്ലം: കൊല്ലം - പുനലൂർ റെയിൽപാത വൈദ്യുതീകരണം പൂർത്തിയായതിന് പിന്നാലെ പുനലൂർ - ചെങ്കോട്ട വൈദ്യുതീകരണ ജോലികൾ വേഗതയിലായി. മണ്ണ് പരിശോധന പൂർത്തിയായി. അഞ്ച് കിലോമീറ്റർ ഇടവിട്ടായിരുന്നു പരിശോധന.

മണ്ണിന്റെ ഉറപ്പ് വിലയിരുത്തി തൂണുകൾ ഉറപ്പിക്കാനുള്ള പ്രാരംഭ ജോലികൾ ആരംഭിച്ചു. ചെങ്കോട്ടയ്ക്കും ഭഗവതിപുരത്തിനും മദ്ധ്യേയാണ് ജോലികൾ തുടങ്ങിയത്. സബ് സ്റ്റേഷൻ നിർമ്മിക്കാനുള്ള സ്ഥലവും കണ്ടെത്തേണ്ടതുണ്ട്.

റെയിൽവേ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ നേരത്തെ സർവേ നടത്തി രൂപരേഖ തയ്യാറാക്കിയിരുന്നു. ഒൻപത് മാസത്തിനുള്ളിൽ ജോലികൾ തീർക്കണമെന്നാണ് റെയിൽവേയുടെ നിർദേശം. ഏറെ വെല്ലുവിളികൾ നിറഞ്ഞതാണ് പാതയിലെ വൈദ്യുതീകരണം. കല്ലടയാറിന് കുറുകെയുള്ള കല്ലട പാലം, 3 കണ്ണറ മുതൽ 10 കണ്ണറ വരെയുള്ള പാലങ്ങൾ, ഒരു കിലോമീറ്ററോളം ദൂരം വരുന്ന കോട്ടവാസൽ തുരങ്കം എന്നിവയും പദ്ധതിയിൽ ഉൾപ്പെടും. ഇവിടെ നിർമ്മാണ സാമഗ്രികൾ എത്തിക്കുകയെന്നത് വലിയ വെല്ലുവിളിയാണ്.

കൊല്ലം - ചെങ്കോട്ട സർവീസ് ആരംഭിച്ചു

വൈദ്യുതീകരണം പൂർത്തിയാക്കി പരീക്ഷണ ഓട്ടം വിജയകരമായ കൊല്ലം - പുനലൂർ പാതയിൽ നിറുത്തിവച്ചിരുന്ന കൊല്ലം- ചെങ്കോട്ട, ചെങ്കോട്ട- കൊല്ലം സർവീസുകൾ പുനരാരംഭിച്ചു.

Advertisement
Advertisement