ദേശീയ പുരസ്‌കാര നിറവിൽ ക്ഷയരോഗ ദിനാചരണം

Thursday 24 March 2022 2:28 AM IST

 ക്ഷയരോഗികളുടെ എണ്ണത്തിൽ 15 ശതമാനം കുറവ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇത്തവണത്തെ ക്ഷയരോഗ ദിനാചരണം ദേശീയ പുരസ്കാര നിറവിലാണ്. ക്ഷയരോഗ നിവാരണ പ്രവർത്തനങ്ങളിൽ കേരളം കൈവരിച്ച നേട്ടങ്ങൾക്ക് കഴിഞ്ഞ ദിവസമാണ് കേന്ദ്ര സർക്കാർ പുരസ്കാരം പ്രഖ്യാപിച്ചത്. 2021ൽ ക്ഷയരോഗ ബാധിതരുടെ എണ്ണത്തിൽ മുൻ വർഷങ്ങളിലേക്കാളും15 ശതമാനത്തോളം കുറവാണ് രേഖപ്പെടുത്തിയത്. മരുന്നുകളോട് പ്രതികരിക്കാത്ത ക്ഷയരോഗ നിരക്കിലും പുതുതായി കണ്ടെത്തുന്ന കേസുകളുടെ എണ്ണത്തിലും ഒരു ശതമാനത്തിലും താഴെ കുറവുണ്ടായിട്ടുണ്ട്. 2015നെ അപേക്ഷിച്ച് 2021ൽ ക്ഷയരോഗ നിരക്ക് 40 ശതമാനത്തിലധികം കുറഞ്ഞതാണ് കേരളത്തെ അവാർഡിന് അർഹമാക്കിയത്. സംസ്ഥാനങ്ങളുടെ പട്ടികയിൽ സിൽവർ കാറ്റഗറിയിൽ പുരസ്‌കാരം നേടുന്ന ഏക സംസ്ഥാനവും കേരളമാണ്. പുരസ്കാരം ഇന്ന് നൽകും.

 സംസ്ഥാനതല ഉദ്ഘാടനം ഇന്ന്
ക്ഷയരോഗ ദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന് വൈകിട്ട് 3.30ന് തിരുവനന്തപുരം ജില്ലാപഞ്ചായത്ത് ഇ.എം.എസ് ഹാളിൽ ആരോഗ്യമന്ത്രി വീണാ ജോർജ് നിർവഹിക്കും. ക്ഷയരോഗ മുക്ത കേരളമാണ് സംസ്ഥാനം ലക്ഷ്യമിടുന്നതെന്ന് മന്ത്രി പറഞ്ഞു.

Advertisement
Advertisement