അടുക്കളയ്‌ക്ക് തീപിടിക്കുമ്പോൾ

Friday 25 March 2022 12:00 AM IST

സാധാരണക്കാരന്റെ അടുക്കളയ്‌ക്ക് തീയിടുന്ന പരിപാടിയാണ് അടിയ്‌ക്കടിയുള്ള ഇന്ധനവിലയിലൂടെ കേന്ദ്രം കാട്ടിക്കൂട്ടുന്നത്. ഇന്ധനവില കാരണം നിത്യോപയോഗ സാധനങ്ങളുടെ വില പൊള്ളുന്ന തരത്തിലായി മാറിയിട്ടുണ്ട്. മാത്രമല്ല ഇന്ധനവില കാരണം സ്വന്തം ഇരുചക്രവാഹനം പോലും നിരത്തിലിറക്കാൻ കഴിയാത്ത ഗതികേടിലുമാണ് സാധാരണക്കാർ. അവരെ പാചകവാതക വില വർദ്ധനയിലൂടെ വീണ്ടും ശ്വാസം മുട്ടിക്കുന്നത് ജനാധിപത്യ വിരുദ്ധമാണ്.

പാചകവാതകത്തിന്റെ വില കുതിച്ചുയർന്ന സാഹചര്യത്തിൽ രണ്ടുവർഷത്തിലധികമായി നിറുത്തിവച്ചിരിക്കുന്ന ഗ്യാസ് സബ്‌സിഡി വീണ്ടും നൽകുന്നതിനെക്കുറിച്ച് കേന്ദ്രം അടിന്തരമായി ആലോചിക്കണം. ഈ അടിയന്തരഘട്ടത്തിൽ ഇതല്ലാതെ വേറെ മാർഗമില്ല. പാചകവാതകത്തിന്റെ ഈ വിലവർദ്ധന ഒരുതരത്തിലും ന്യായീകരിക്കാവുന്നതല്ല.

സുമ തോമസ്

കടുത്തുരുത്തി

സ്വകാര്യ ബസ് മേഖലയെ അവഗണിക്കരുത്

കൊവിഡ് തകർത്തെറിഞ്ഞ മേഖലകളിൽ ഒന്നാണ് സ്വകാര്യബസ് രംഗം. കൊവിഡ് ഭീഷണി ശമിച്ചപ്പോൾ ബസുകൾ സർവീസ് പുനരാരംഭിച്ചെങ്കിലും ഇന്ധനത്തിന്റെ തീവില വീണ്ടും ബസുടമകളുടെയും ജീവനക്കാരുടെയും ജീവിതം ഇരുട്ടിലാക്കിയിരിക്കുകയാണ്. നിരക്ക് വർദ്ധന കൊണ്ട് മാത്രം രക്ഷയില്ലെന്ന സാഹചര്യത്തിലാണ് സബ്സിഡി ആവശ്യപ്പെടുന്നതെന്ന് ബസുടമകൾ വാദിക്കുന്നു.

പൊതുഗതാഗത രംഗത്തെ സേവനമായി കണക്കാക്കി നികുതി വെട്ടിക്കുറയ്‌ക്കണമെന്നും ഡീസൽ ചുരുങ്ങിയ വിലയ്‌ക്ക് ലഭ്യമാക്കുക, കൊവിഡ് കാലത്തെ നികുതി ഒഴിവാക്കുക എന്നീ ആവശ്യങ്ങൾക്ക് മുന്നിൽ സർക്കാർ പുനർവിചിന്തനം നടത്തണം. കാരണം ഈ വ്യവസായം തകർന്നാൽ ബസുടമകൾ മാത്രമല്ല, ലക്ഷക്കണക്കിന് ജീവനക്കാരുടെ കുടുംബങ്ങളാണ് ഇരുളിലാകുന്നത്. ഈ രംഗത്തെ നിലനിറുത്താനും ആവശ്യമായ കൈത്താങ്ങൽ നല്‌കാനുമുള്ള ശ്രമങ്ങൾ സർക്കാരിന്റെ ഭാഗത്തു നിന്നുണ്ടാകണം.

ഉപേന്ദ്രൻ നായർ

ആലുവ

Advertisement
Advertisement