സ്വകാര്യബസ് സമരം, ട്രാൻ.ബസുകളിൽ തിരക്കേറി, വിദ്യാർത്ഥികൾ വലഞ്ഞു

Friday 25 March 2022 12:38 AM IST

പത്തനംതിട്ട : ജില്ലയിൽ അനിശ്ചിതകാല സ്വകാര്യബസ് സമരം പൂർണം. സർവീസ് നടത്തിയിരുന്ന മൂന്നൂറ് ബസുകളും ഇന്നലെ സർവീസ് നടത്തിയില്ല. എല്ലാറൂട്ടിലും കെ.എസ്.ആർ.ടി.സി പത്ത് അധിക സർവീസുകൾ നടത്തി. ബസുകളിൽ വലിയ തിരക്കായിരുന്നു അനുഭവപ്പെട്ടത്. ചിലയിടങ്ങളിൽ മണിക്കൂറുകൾ കാത്തിരിക്കേണ്ടി വന്നു പലർക്കും. വാർഷിക പരീക്ഷ നടക്കുന്നതിനാൽ വിദ്യാർത്ഥികൾ കെ.എസ്.ആർ.ടി.സി ബസിനെയാണ് ആശ്രയിച്ചത്. രാവിലെയും വൈകിട്ടും അധികബസുകൾ ഉണ്ടായിരുന്നെങ്കിലും തിരക്കിന് കുറവൊന്നുമുണ്ടായില്ല.

വലഞ്ഞ് വിദ്യാർത്ഥികൾ

സ്കൂളുകളിൽ വാർഷിക പരീക്ഷയായതിനാൽ വിദ്യാർത്ഥികൾ നേരത്തെ തന്നെ ബസ് സ്റ്റോപ്പിൽ എത്തിയിരുന്നു. എന്നാൽ തിങ്ങിനിറഞ്ഞ് എത്തിയ ബസുകളിൽ പലർക്കും കയറികൂടാനായില്ല. കെ.എസ്.ആർ.ടി.സി അധിക സർവീസുകൾ നടത്തിയെങ്കിലും തിരക്കിന് ശമനമുണ്ടായില്ല. ഗ്രാമീണമേഖലയിൽ സ്വകാര്യ ബസുകൾ മാത്രം സർവീസ് നടത്തിയിരുന്ന റൂട്ടിൽ ഓട്ടോറിക്ഷകളിലും മറ്റു സ്വകാര്യവാഹനങ്ങളിലുമാണ് വിദ്യാർത്ഥികൾ സ്കൂളിലെത്തിയത്.

പത്ത് സർവീസുകൾ അധികം
നിലവിലുള്ള റൂട്ടിൽ പത്ത് സർവീസുകൾ അധികം നടത്തി കെ.എസ്.ആർ.ടി.സി. ജില്ലയിൽ നിന്ന് 64 സർവീസുകളാണ് ദിവസേന നടത്തുന്നത്. ദീർഘദൂര സർവീസുകളടക്കം കെ.എസ്.ആർ.ടി.സി എല്ലാ റൂട്ടിലും മുടങ്ങാതെ സർവീസ് നടത്തി. സ്വകാര്യബസുകളുടെ സമയത്ത് ഓർഡിനറി ബസുകൾ സർവീസ് നടത്താൻ ശ്രമിച്ചെങ്കിലും പൂർണമായി സ്വകാര്യബസിന്റെ അഭാവം പരിഹരിക്കാനായില്ല.

Advertisement
Advertisement