മാലിന്യകേന്ദ്രം പ്രവർത്തിക്കുന്നത് നിയമവിരുദ്ധമായെന്ന് യു.ഡി.എഫ് സംഘം

Friday 25 March 2022 12:40 AM IST
നഗരസഭാ ബസ് സ്റ്റാൻഡിലെ മാലിന്യ സംഭരണകേന്ദ്രം യു.ഡി.എഫ് കൗൺസിലർമാരുടെ സംഘം സന്ദർശിക്കുന്നു

പത്തനംതിട്ട : നഗരസഭയുടെ മാലിന്യ സംസ്കരണ കേന്ദ്രം നിയമവിരുദ്ധമായാണ് പ്രവർത്തിക്കുന്നതെന്നും ഇത് മാലിന്യ കേന്ദ്രമായി മാറിയെന്നും യു.ഡി.എഫ് കൗൺസിലർമാരുടെ സംഘം പറഞ്ഞു. പുതിയ ബസ് സ്റ്റാൻഡിനു സമീപമുള്ള മാലിന്യസംസ്കരണ കേന്ദ്രം സന്ദർശിക്കുകയായിരുന്നു കൗൺസിലർമാർ. മാലിന്യസംസ്കരണത്തിനായി ചുമതലപ്പെടുത്തിയ ഏജൻസിയും നഗരസഭയുമായി ഉണ്ടാക്കിയ വ്യവസ്ഥകൾ അനുസരിച്ചല്ല കേന്ദ്രം പ്രവർത്തിക്കുന്നത്.
പ്ലാസ്റ്റിക് , കടലാസ് തുടങ്ങി അജൈവ മാലിന്യങ്ങൾ ശേഖരിക്കാനും തരംതിരിച്ചു നീക്കംചെയ്യാനുമാണ് വ്യവസ്ഥയുള്ളത്. എന്നാൽ, സാമ്പത്തിക ലാഭം മാത്രമാണ് ഏജൻസി നോക്കുന്നത്. ആറ് മാസം മുൻപ് ശേഖരിച്ച ജൈവ മാലിന്യങ്ങൾ ഉൾപ്പെടെ ചാക്കിൽ കെട്ടിവച്ചിരിക്കുന്നതിനാൽ ദുർഗന്ധം വമിക്കുകയാണ്.
മാലിന്യശേഖരണത്തിന് ജനങ്ങളിൽ നിന്ന് അമിത ചാർജ് വാങ്ങുന്നതായി പരാതിയുണ്ട്.

ബസ് സ്റ്റാൻഡിന്റെ വലിയൊരു ഭാഗം മാലിന്യ സംഭരണത്തിനായി നഗരസഭയുടെ അനുമതി ഇല്ലാതെ കെട്ടി എടുത്തിരിക്കുകയാണ്. അതിനകത്ത് എന്താണ് നടക്കുന്നതെന്ന് ആർക്കും അറിയില്ല.
സാംക്രമിക രോഗങ്ങൾ ഉണ്ടാകാൻ സാദ്ധ്യതയുള്ളതിനാൽ നഗരസഭ ആരോഗ്യവിഭാഗം മാലിന്യകേന്ദ്രം സന്ദർശിച്ച് മുൻകരുതലെടുക്കണമെന്ന് യു.ഡി.എഫ് കൗൺസിലർമാർ പറഞ്ഞു.
മുൻ ചെയർമാൻ അഡ്വ.എ.സുരേഷ് കുമാർ, പാർലമെന്ററി പാർട്ടി ലീഡർ കെ.ജാസിംകുട്ടി, എം.സി.ഷെരീഫ്, റോഷൻ നായർ, സിന്ധു അനിൽ, റോസ്ലിൻ സന്തോഷ്, ആനി സജി, സി.കെ.അർജുനൻ, അംബികാവേണു, അഖിൽ അഴൂർ, മേഴ്‌സി വർഗീസ്, ആൻസി തോമാസ്, ഷീന രാജേഷ് എന്നിവർ സംഘത്തിൽ ഉണ്ടായിരുന്നു.

Advertisement
Advertisement