ദക്ഷിണാഫ്രിക്കൻ മണ്ണിൽ പരമ്പര വിജയചരിത്രമെഴുതി ബംഗ്ളാദേശ്

Thursday 24 March 2022 11:50 PM IST

കേപ്ടൗൺ: ദക്ഷിണാഫ്രിക്കയെ അവരുടെ മണ്ണിൽ ആദ്യമായി ഏകദിന പരമ്പരയിൽ കീഴടക്കി ബംഗ്ലാദേശ് ക്രിക്കറ്റ് ടീം ചരിത്രം കുറിച്ചു. അവസാന മത്സരത്തിൽ ദക്ഷിണാഫ്രിക്കയെ ഒൻപത് വിക്കറ്റിന് തകർത്താണ് ബംഗ്ലാദേശ് മൂന്ന് ഏകദിനങ്ങളുടെ പരമ്പര 2-1 ന് സ്വന്തമാക്കിയത്.ആദ്യ മത്സരത്തിൽ ബംഗ്ലാദേശ് 38 റൺസിന് വിജയിച്ചപ്പോൾ രണ്ടാം മത്സരത്തിൽ ഏഴുവിക്കറ്റിന് ജയിച്ച് ദക്ഷിണാഫ്രിക്ക പരമ്പര സമനിലയിലാക്കിയിരുന്നു

മൂന്നാം ഏകദിനത്തിൽ ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ദക്ഷിണാഫ്രിക്കയെ വെറും 154 റൺസിന് ആൾഔട്ടാക്കാൻ സന്ദർശകർക്ക് സാധിച്ചു. അഞ്ചുവിക്കറ്റെടുത്ത ടസ്‌കിൻ അഹമ്മദാണ് ആതിഥേയരുടെ നടുവൊടിച്ചത്. 9 ഓവറിൽ 35 റൺസ് മാത്രം വിട്ടുനൽകിയാണ് ടസ്‌കിൻ അഞ്ചുവിക്കറ്റെടുത്തത്. ഷാക്കിബ് അൽ ഹസൻ രണ്ട് വിക്കറ്റെടുത്തു. 39 റൺസെടുത്ത ജാന്നേമാൻ മലാൻ മാത്രമാണ് ബാറ്റിംഗ് നിരയിൽ പിടിച്ചുനിന്നത്.

157 റൺസ് വിജയലക്ഷ്യവുമായി മറുപടിക്കിറങ്ങിയ ബംഗ്ലാദേശിനായി ഓപ്പണർമാരായ തമീം ഇഖ്ബാലും( 87*) ലിട്ടൺ ദാസും(48) ചേർന്ന് മികച്ച തുടക്കം സമ്മാനിച്ചു. ആദ്യ വിക്കറ്റിൽ തന്നെ 127 റൺസ് കൂട്ടിച്ചേർത്തു . തുടർന്ന് ഷാക്കിബ് അൽ ഹസനെ (18 നോട്ടൗട്ട്) കൂട്ടുപിടിച്ച് തമീം ഇഖ്ബാൽ ടീമിന് വിജയം സമ്മാനിച്ചു.

പരമ്പരയിലുടനീളം മികച്ച പ്രകടനം പുറത്തെടുത്ത ബംഗ്ലാദേശ് ടസ്‌കിൻ അഹമ്മദാണ് പരമ്പരയുടെ താരം.

Advertisement
Advertisement