പണിമുടക്കി രണ്ട് പ്രവൃത്തി ദിനങ്ങൾ: ബാങ്കിനും ട്രഷറിക്കും ഇരട്ട പ്രഹരം

Friday 25 March 2022 3:00 AM IST

തിരുവനന്തപുരം: സാമ്പത്തിക വർഷത്തെ അവസാന ആഴ്ചയിൽ തുടർച്ചയായി രണ്ട് പ്രവൃത്തി ദിവസങ്ങളിൽ പൊതുപണിമുടക്ക് വന്നത് ബാങ്കുകളേയും ട്രഷറികളേയും സമ്മർദ്ദത്തിലാക്കി.

കൊവിഡ് മൂലം തദ്ദേശസ്ഥാപനങ്ങളിലെ പദ്ധതി നടത്തിപ്പ് മാർച്ച് വരെ 48 ശതമാനത്തിൽ താഴെയാണ്. പണം ചെലവാക്കിയില്ലെങ്കിൽ അടുത്ത സാമ്പത്തിക വർഷത്തേക്ക് മാറ്റാൻ പറ്റാത്തതിനാൽ പല തദ്ദേശസ്ഥാപനങ്ങളും മാർച്ചോടെ പദ്ധതികൾ ദ്രുതഗതിയിൽ പൂർത്തിയാക്കി ബില്ലുകൾ സമർപ്പിക്കാനുള്ള തിരക്കിലാണ്. ഇതിനിടെ രണ്ടു ദിവസം പൊതുപണിമുടക്ക് വന്നത് അവരെ കുറച്ചൊന്നുമല്ല കഷ്‌ടത്തിലാക്കിയത്. ഫെബ്രുവരി 23, 24 തീയതികളിൽ നടത്താനിരുന്ന പൊതുപണിമുടക്ക് അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് മൂലമാണ് മാർച്ച് 28, 29 തീയതികളിലേക്ക് മാറ്റിയത്. അത് സാമ്പത്തിക വർഷത്തെ അവസാനത്തെ രണ്ട് ദിവസങ്ങളാണെന്ന് ആരും ശ്രദ്ധിച്ചില്ല.

എല്ലാ വകുപ്പുമേധാവികളും ഡ്രോയിംഗ് ആൻഡ് ഡിസ്‌ബേഴ്സിംഗ് ഓഫീസർമാരും ചെക്ക് പുറപ്പെടുവിക്കുന്ന അധികാരികളും (തദ്ദേശ സ്ഥാപനങ്ങളിലേതടക്കം) ട്രഷറി ഓഫീസർമാരും നിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്ന് ധനകാര്യ അഡിഷണൽ ചീഫ് സെക്രട്ടറി അറിയിച്ചു.

സ്‌തംഭനം കേരളത്തിൽ മാത്രം

പൊതുപണിമുടക്ക് രാജ്യവ്യാപകമാണെങ്കിലും സർക്കാർ സംവിധാനങ്ങളും ബാങ്കുകളും സ്തംഭിക്കുന്നത് കേരളത്തിൽ മാത്രമാവും. കേന്ദ്രസർക്കാർ സ്ഥാപനങ്ങളെയും റെയിൽവേ തുടങ്ങിയ ദേശീയ പൊതുഗതാഗത സംവിധാനങ്ങളെയും ഡൽഹിയടക്കമുള്ള പ്രദേശങ്ങളിലെ ബാങ്കുകളെയും പൊതുപണിമുടക്ക് ബാധിക്കില്ല. ഒാൺലൈൻ ഇടപാടുകൾ നടക്കുമെങ്കിലും കേരളത്തിൽ സാധാരണ ഇടപാടുകൾ നടത്താനാകില്ല. ഇത് വ്യാപാരസ്ഥാപനങ്ങളെ പ്രതികൂലമായി ബാധിക്കും.

നിർദ്ദേശങ്ങൾ ശ്രദ്ധിക്കുക

തദ്ദേശസ്ഥാപനങ്ങൾക്ക് ഞായറാഴ്ചയും ബില്ലുകൾ സമർപ്പിക്കാം.

ഇതോടെ 27ന് പൂർണ പ്രവൃത്തി ദിവസമായി.

ബാങ്കുകൾക്ക് നാലാം ശനിയായ 26നും ഞായറാഴ്ചയായ 27നും അവധിയായതിനാൽ ട്രഷറികൾ തുറന്നാലും മറ്റ് ഇടപാടുകൾ നടക്കില്ല.

ബില്ലുകൾ സമർപ്പിച്ച് പണത്തിന്റെ ടോക്കൺ വാങ്ങാം.

ഇൗ ടോക്കൺ ഉപയോഗിച്ച് ബാങ്കുകളിൽ 30,31 തീയതികളിൽ പണം മാറാം.

ടോക്കൺ കിട്ടിയാലും 31ന് ശേഷം പണമാക്കൻ അനുമതിയില്ല.

 പൂർത്തിയാകാത്തതും അവസാനഘട്ടത്തിലുള്ളതുമായ ജോലികൾക്ക് അഡ്വാൻസ് പേയ്മെന്റും ഇല്ല.

പൂർത്തിയായ വർക്കുകൾക്ക് മാത്രമേ ബില്ല് സമർപ്പിക്കാനാവൂ.

 26 മുതൽ 30 വരെ ടോക്കൺ നൽകും. ഇത് 31നകം മാറ്റണം. അല്ലെങ്കിൽ കിട്ടില്ല.

നടപ്പ് വർഷത്തെ ബില്ലുകളും ചെക്കുകളും 30ന് വൈകിട്ട് 5 വരെ സമർപ്പിക്കാം.

ഈ സമയത്തിനു ശേഷം ബില്ലുകളും ചെക്കുകളും ട്രഷറികളിൽ സ്വീകരിക്കില്ല.

 ഓൺലൈനിൽ സമർപ്പിക്കുന്ന ബില്ലുകളുടെയും ചെക്കുകളുടെയും ഫിസിക്കൽ കോപ്പികൾ ഈ സമയപരിധിയിൽ ട്രഷറികളിൽ സമർപ്പിക്കണം.

Advertisement
Advertisement