നിയന്ത്രണളൊഴിഞ്ഞു, നാടുണരുന്നു: കേസില്ലാതായതോടെ മാസ്‌ക് ധരിക്കാൻ മടി

Friday 25 March 2022 3:11 AM IST

തിരുവനന്തപുരം : കൊവിഡ് നിയന്ത്രണങ്ങൾ നീക്കികൊണ്ടുള്ള കേന്ദ്രനിർദ്ദേശം വന്നതോടെ രണ്ട് വർഷത്തിന് ശേഷം സംസ്ഥാനം പഴയ കാലത്തേക്ക് മടങ്ങി. കേന്ദ്രനിർദ്ദേശത്തിന്റെ അടിസ്ഥാനത്തിൽ സംസ്ഥാനം പുതിയ ഉത്തരവിറക്കും. സംസ്ഥാനത്ത് പൊതു സ്ഥലങ്ങളിലെ പരിപാടികൾക്ക് പരമാവധി 1500 പേരെന്ന് നിജപ്പെടുത്തിയ ദുരന്തനിവാരണ നിയമപ്രകാരമുളള ഉത്തരവ് നിലവിലുണ്ട്. അത് ഉൾപ്പെടെ ഒഴിവാക്കിയാകും പുതിയ ഉത്തരവ്.

അതേസമയം മാസ്ക് ധരിച്ചില്ലെങ്കിൽ കേസ് എടുക്കേണ്ടെന്ന കേന്ദ്ര നിർദ്ദേശത്തോടെ സംസ്ഥാനത്ത് ഒരു വിഭാഗം ആളുകൾ മാസ്ക് ധരിക്കുന്നതിൽ വിമുഖത കാട്ടി തുടങ്ങി. കേസില്ലെങ്കിലും മാസ്ക് ഉപയോഗവും സാമൂഹ്യ അകലം പാലിക്കലും തുടരണമെന്നുള്ള കേന്ദ്രനിർദ്ദേശവും കണക്കിലെടുക്കുന്നില്ല. കൊവിഡ് മാത്രമല്ല മറ്റ് രോഗാണുക്കൾ ശരീരത്തിൽ പ്രവേശിക്കുന്നതും പ്രതിരോധിക്കുമെന്നതിനാൽ മാസ്ക് ധാരണം തുടരണമെന്നാണ് ഡോക്ടർമാരും പറയുന്നത്.

കായിക, വിനോദ, സാമൂഹിക, സാംസ്‌കാരിക, മത, ഉത്സവ ചടങ്ങുകൾ ഇനി പൂർണതോതിലാകാം. നേരത്തെ ഇത് സംബന്ധിച്ച് സംസ്ഥാനം ഇളവുകൾ നൽകിയിരുന്നു.

വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പ്രവർത്തനം, വിവാഹം, മരണാന്തര ചടങ്ങുകൾ,സിനിമ,മാളുകൾ, നീന്തൽ കുളങ്ങൾ, സർക്കാർ,സ്വകാര്യ സ്ഥാപനങ്ങളുടെ മേഖലകളുടെ പ്രവർത്തനം, സംസ്ഥാനാന്തര യാത്ര തുടങ്ങിയവയ്ക്കും നിയന്ത്രണങ്ങളുണ്ടാകില്ല. കേന്ദ്രം ഇളവുകൾ നൽകിയെങ്കിലും സ്ഥിതി വിലയിരുത്തി സംസ്ഥാനത്തിന് എപ്പോൾ വേണമെങ്കിലും ആവശ്യമെങ്കിൽ നിയന്ത്രങ്ങളിലേക്ക് കടക്കനുള്ള അധികാരവും നൽകിയിട്ടുണ്ട്.

വെല്ലുവിളി അവസാനിച്ചിട്ടില്ല : മന്ത്രി വീണ ജോർജ്

സംസ്ഥാനത്ത് കൊവിഡിന്റെ വെല്ലുവിളി അവസാനിച്ചിട്ടില്ലന്നും അതിനാൽ മാസ്ക് ഒഴിവാക്കാറായില്ലെന്നും മന്ത്രി വീണാ ജോർജ് മാദ്ധ്യമങ്ങളോട് പറഞ്ഞു. മാസ്‌ക് ധരിക്കുന്നതും സാനിറ്റൈസർ ഉപയോഗിക്കുന്നതും ഇനിയും തുടരേണ്ടതുണ്ട്.

മാസ്ക് എപ്പോൾ ഒഴിവാക്കണം എന്ന കാര്യം വിദഗ്ദ സമിതിയുമായി സർക്കാർ ആലോചിച്ച് തീരുമാനിക്കും. മാസ്ക് ഒഴിവാക്കുന്നവർക്കെതിരെ പൊലീസ് നടപടി വേണ്ടെന്ന നിർദ്ദേശം കേന്ദ്രത്തിൽ നിന്നും ലഭിച്ചിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി.

Advertisement
Advertisement