സിറ്റി ഗ്യാസ് പാലക്കാട്ടും: മൂന്നു ജില്ലകളിൽ അടുത്ത മാസം

Saturday 26 March 2022 12:21 AM IST

കൊച്ചി: വീടുകളിൽ പൈപ്പ്ലൈനിലൂടെ പാചകവാതകം എത്തിക്കുന്ന സിറ്റി ഗ്യാസ് വിതരണ പദ്ധതി പാലക്കാട്ടും ആരംഭിച്ചു. കണ്ണൂർ, കോഴിക്കോട്, കോയമ്പത്തൂർ നഗരങ്ങളിൽ ഏപ്രിലിൽ വിതരണം ആരംഭിക്കും.

ഗ്യാസ് അതോറിട്ടി ഒഫ് ഇന്ത്യ (ഗെയിൽ) സ്ഥാപിച്ച കൊച്ചി -മംഗലാപുരം ദ്രവീകൃത പ്രകൃതിവാതക (എൽ.എൻ.ജി ) പൈപ്പ്ലൈനിൽ നിന്ന് പാലക്കാട്ട് സിറ്റി ഗ്യാസ് പദ്ധതി നടപ്പാക്കുന്ന ഐ.ഒ.സി അദാനി ഗ്യാസ് പ്രൈവറ്റ് ലിമിറ്റഡിന് ഗ്യാസ് ഇന്നലെ നൽകിത്തുടങ്ങി. ഗെയിൽ സതേൺ റീജൺ എക്സിക്യുട്ടീവ് ഡയറക്ടർ എ.കെ. തൃപാതി ഉദ്ഘാടനം നിർവഹിച്ചു. ഗെയിൽ ജനറൽ മാനേജർ ജോസ് തോമസ്, ഡപ്യൂട്ടി ജനറൽ മാനേജർ ജോർജ് ആന്റണി എന്നിവർ പങ്കെടുത്തു.

കൊച്ചി -മംഗലാപുരം പൈപ്പ്ലൈനിൽ തൃശൂരിലെ കൂറ്റനാട്ട് നിന്നുള്ള അനുബന്ധ പൈപ്പ്ലൈൻ വഴിയാണ് പാലക്കാട്ട് എൽ.എൻ.ജി എത്തുന്നത്. സേലം വഴി ബംഗളൂരു വരെ നീളുന്ന ഈ പൈപ്പ്ലൈൻ കോയമ്പത്തൂർ വരെ പൂർത്തിയായിട്ടുണ്ട്.

 തുടക്കം വാഹനങ്ങൾക്ക്

കുറഞ്ഞ ചെലവിലും തുടർച്ചയായും പൈപ്പ് വഴി വീടുകളിൽ പാചകവാതകം ലഭ്യമാക്കുന്ന പദ്ധതിയാണ് സിറ്റി ഗ്യാസ്. എറണാകുളത്താണ് അഞ്ചുവർഷം മുമ്പ് പദ്ധതി ആരംഭിച്ചത്. രണ്ടാമതാണ് പാലക്കാട്ട് നടപ്പാക്കുന്നത്. പൈപ്പ്ലൈനിൽ വാളയാർ പുതുശേരിയിലെ ഗെയിൽ സ്റ്റേഷനിൽ നിന്ന് ഐ.ഒ.സി അദാനി ഗ്യാസിന്റെ സബ് സ്റ്റേഷനിലേയ്ക്കാണ് ഇന്നലെ ഗ്യാസ് നൽകിത്തുടങ്ങിയത്. ഐ.ഒ.സി അദാനി സബ് സ്റ്റേഷനിൽ വാഹനങ്ങളിലെ ടാങ്കുകളിലേയ്ക്ക് ഗ്യാസ് നിറയ്ക്കും. 35 വാഹനങ്ങൾ ഇതിനായി സജ്ജമാക്കി. പാലക്കാട്, തൃശൂർ ജില്ലകളിൽ വാഹന ഇന്ധനമായ സി.എൻ.ജിയായാണ് ആദ്യം നൽകുക. പാലക്കാട് ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ പൈപ്പ്ലൈനുകൾ വഴി വീടുകളിലും ഹോട്ടൽ ഉൾപ്പെടെ സ്ഥാപനങ്ങളിലും പാചകവാതകമായി വിതരണം ചെയ്യും.

 കോയമ്പത്തൂരിൽ ഐ.ഒ.സി

കണ്ണൂർ, കോഴിക്കോട് എന്നിവിടങ്ങളിലെ ഐ.ഒ.സി അദാനി ഗ്യാസിന്റെ സബ് സ്റ്റേഷനുകളും പൂർത്തിയായി. ഏപ്രിലിൽ ഗ്യാസ് നൽകിത്തുടങ്ങും. കോയമ്പത്തൂരിലും സബ് സ്റ്റേഷൻ സജ്ജമായി. ഇന്ത്യൻ ഓയിൽ കോർപ്പറേഷനാണ് കോയമ്പത്തൂരിൽ സിറ്റി ഗ്യാസ് പദ്ധതി നടപ്പാക്കുന്നത്. ഏപ്രിലിൽ ഐ.ഒ.സിക്കും ഗ്യാസ് നൽകുമെന്ന് ഗെയിൽ വൃത്തങ്ങൾ പറഞ്ഞു.

Advertisement
Advertisement