സിൽവർ ലൈനിന് കേന്ദ്രാനുമതി കിട്ടില്ല: ഇ.ശ്രീധരൻ

Friday 25 March 2022 10:58 PM IST

പൊന്നാനി: സിൽവർ ലൈൻ പദ്ധതിക്ക് കേന്ദ്രാനുമതി കിട്ടില്ലെന്ന് മെട്രോമാൻ ഇ.ശ്രീധരൻ പറഞ്ഞു. സംസ്ഥാന സർക്കാർ വൈകാതെ പദ്ധതി ഉപേക്ഷിക്കുമെന്നാണ് കരുതുന്നത്. പദ്ധതിക്ക് അംഗീകാരം നൽകാതെ ഭൂമി ഏറ്റെടുക്കാൻ അനുവദിക്കരുതെന്ന് കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. പദ്ധതി ശരിയല്ലെന്ന് റെയിൽവേ ബോർഡിന് നേരത്തെ അറിയാം. സാമൂഹ്യാഘാത പഠനത്തിന് കല്ലിടേണ്ട കാര്യമില്ല. ഇത് ഭൂമി ഏറ്റെടുക്കാനാണ്. സംസ്ഥാന സർക്കാർ ഹൈക്കോടതിയെ തെറ്റിദ്ധരിപ്പിച്ചു.

സാമ്പത്തികച്ചെലവ്, ഏറ്റെടുക്കേണ്ട ഭൂമി തുടങ്ങി എല്ലാ കാര്യത്തിലും സർക്കാർ ജനങ്ങളെ കബളിപ്പിക്കുകയാണ്. പദ്ധതി 64,​000 കോടി രൂപയ്ക്ക് പൂർത്തിയാക്കാൻ കഴിയില്ലെന്ന് അറിയിച്ചിരുന്നു. ബഫർ സോണിന് നഷ്ടപരിഹാരം കൊടുക്കേണ്ടി വരും. ഇത് ബ്രിട്ടീഷ് കാലഘട്ടമല്ല. മണ്ണിലൂടെ സെമി സ്പീഡിൽ ട്രെയിൻ ഓടിക്കാനാവില്ല. സർക്കാരിന് ഹിഡൻ അജണ്ടയുണ്ട്. എന്തോ ഒരു ഉടമ്പടിയിൽ സംസ്ഥാന സർക്കാർ പെട്ടിട്ടുണ്ട്. ഇപ്പോൾ പറയുന്ന സ്പീഡിൽ ട്രെയിൻ ഓടിച്ചാൽ വലിയ അപകടമുണ്ടാവും. ദേശീയപാത വികസനവും കെ-റെയിൽ പദ്ധതിയെയും ഒരുപോലെ കാണാനാവില്ല. കൊച്ചി മെട്രോ തൂണിന്റെ ബലക്ഷയത്തിന്റെ കാരണം വ്യക്തമായിട്ടില്ലെന്നും ശ്രീധരൻ പറഞ്ഞു.

Advertisement
Advertisement