പൊക്കാളിക്ക് കണ്ടൽ കരുതൽ

Saturday 26 March 2022 3:04 AM IST

കൊച്ചി: കണ്ണെത്താദൂരത്തോളം പരന്നുകിടക്കുന്ന പൊക്കാളിപ്പാടങ്ങളാൽ സമൃദ്ധമായ വരാപ്പുഴ ഗ്രാമത്തിലെ ബണ്ടുകൾക്ക് കണ്ടൽച്ചെടികളുടെ കരുതൽ. ആലങ്ങാട് ബ്ളോക്ക് പഞ്ചായത്തും വരാപ്പുഴ ഗ്രാമപഞ്ചായത്തും ചേർന്ന് നടപ്പാക്കിയ പദ്ധതി വിജയം കണ്ടു.

വരാപ്പുഴയിലെ പൊക്കാളിപ്പാടങ്ങളിൽ കൊയ്ത്തുകഴിഞ്ഞാൽ മത്സ്യകൃഷിയുടെ ഊഴമാണ്. 'ഒരു നെല്ലും ഒരു മീനും" എന്നാണ് കൃഷിരീതിയെ വിശേഷിപ്പിക്കുന്നത്. കൃഷിയിടങ്ങളിൽ ഏറെ പ്രാധാനപ്പെട്ടതാണ് ബണ്ട് സംരക്ഷണം. പൊക്കാളിക്കൃഷി മഴക്കാലത്തായതിനാൽ ബണ്ടിന്റെ ഉറപ്പിന് ഏറെ പ്രാധാന്യമുണ്ട്. ബണ്ടുകൾക്ക് സംരക്ഷണം നൽകാൻ കണ്ടൽച്ചെടികൾക്കാകും.
ആലങ്ങാട് ബ്ലോക്ക് പഞ്ചായത്തും വരാപ്പുഴ ഗ്രാമപഞ്ചായത്തും തൊഴിലുറപ്പ് പദ്ധതിയുമായി സഹകരിച്ചാണ് കണ്ടൽച്ചെടികൾ കൊണ്ട് ബണ്ടുകൾക്ക് സംരക്ഷണം നൽകുന്ന മാതൃകാപദ്ധതി നടപ്പാക്കിയത്. ചെടികൾ വളർത്താൻ വരാപ്പുഴ പഞ്ചായത്തിലെ 16-ാം വാർഡിൽ നഴ്‌സറി ആരംഭിച്ചു. വരാപ്പുഴ പഞ്ചായത്തിന്റെ പരിസ്ഥിതിക്ക് അനുയോജ്യമായ വിത്തുകളും തൈകളും കണ്ടെത്തി. പ്രത്യേക അനുപാതത്തിൽ ചകിരിച്ചോറും മറ്റ് നടീൽ മിശ്രിതങ്ങളും ഗ്രോബാഗിൽ തയ്യാറാക്കി. മുളയിൽ മണ്ണ് നിറച്ച് തൈകൾ അതിൽ നട്ടു.

പഞ്ചായത്തിലെ അഞ്ച് വാർഡുകളിലായി പുഴയ്ക്കരികിലും പൊക്കാളി പാടവരമ്പുകളിലും ചെടികൾ വച്ചുപിടിപ്പിച്ചു. ചെറുമീനുകൾക്കും ചെമ്മീനുകൾക്കും ആവാസവ്യവസ്ഥ പ്രദാനം ചെയ്യുന്നതിൽ കണ്ടൽക്കാടുകൾക്ക് ഏറെ പ്രാധാന്യമുണ്ട്. വംശനാശം സംഭവിക്കുന്ന അനേകം ചെറുമത്സ്യങ്ങൾക്ക് കണ്ടൽച്ചെടികൾ നട്ടുവളർത്തുന്നതിലൂടെ വളരാനുള്ള സാഹചര്യം ഒരുക്കാൻ പദ്ധതിയിലൂടെ സാധിക്കും.

വരാപ്പുഴയിലെ പുഴമീൻ!
വരാപ്പുഴയിലെ പുഴമീനുകളുടെ രുചി പ്രസിദ്ധമാണ്. പ്രളയത്തിനുശേഷം മത്സ്യസമ്പത്ത് ഗണ്യമായി കുറഞ്ഞിരുന്നു. പ്രളയത്തെ തടയാനും ഉപ്പുവെള്ളം കയറുന്ന ഭീഷണി, കരയിടിഞ്ഞ് മണ്ണ് നഷ്ടപ്പെടുക, മലിനീകരണം എന്നിവയെ നേരിടാനും കണ്ടൽകാടുകൾ സഹായിക്കും. സംസ്ഥാനതലത്തിൽ മാതൃകയാക്കാവുന്ന പദ്ധതിയാണിത്. പ്രളയബാധിത മേഖലയായതിനാൽ ഇത്തരത്തിലുള്ള പദ്ധതി ഉപകാരപ്രദമാണെന്ന് അധികൃതർ പറഞ്ഞു.

Advertisement
Advertisement