നിലം നികത്തി വീടു വയ്ക്കാനാവില്ല: ഹൈക്കോടതി

Saturday 26 March 2022 12:12 AM IST

കൊച്ചി: നെൽവയൽ തണ്ണീർത്തട സംരക്ഷണനിയമം നിലവിൽ വന്നശേഷം നെൽവയൽ വാങ്ങിയവർക്ക് വീടുവയ്ക്കാനായി ഇത് നികത്താനാവില്ലെന്ന് ഹൈക്കോടതി. വീടുവയ്ക്കാൻ മറ്റു ഭൂമിയില്ലെങ്കിൽ കൈവശമുള്ള പാടത്തിന്റെ നിശ്ചിതഭാഗം നികത്തി വീടുവയ്ക്കാൻ അനുമതി നൽകുന്ന വ്യവസ്ഥ,​ നിയമം നിലവിൽവരുന്നതിനുമുമ്പേ നിലമുടമകളായവർക്കാണ് ബാധകമെന്നും വ്യക്തമാക്കി. ഇതുസംബന്ധിച്ച ഡിവിഷൻ ബെഞ്ചിന്റെ വിധി നിയമപരമല്ലെന്ന് വിലയിരുത്തി ചീഫ് ജസ്റ്റിസ് എസ്. മണികുമാർ, ജസ്റ്റിസ് ഷാജി പി. ചാലി, ജസ്റ്റിസ് സതീഷ് നൈനാൻ എന്നിവരുൾപ്പെട്ട ഫുൾബെഞ്ച് റദ്ദാക്കി.

2008 ആഗസ്റ്റ് 12നാണ് വയലുകളും തണ്ണീർത്തടങ്ങളും സംരക്ഷിക്കാൻ നിയമംകൊണ്ടുവന്നത്. ഇതിനുശേഷം തുണ്ടുനിലം വാങ്ങിയവർക്ക് നികത്തി വീടുവയ്ക്കാൻ അനുമതി നൽകുന്നത് നിയമത്തിന്റെ ലക്ഷ്യത്തെ ബാധിക്കുമെന്നും ഫുൾബെഞ്ച് വ്യക്തമാക്കി. നിയമംവന്നശേഷം നിലംവാങ്ങിയവർക്ക് ഇത് നികത്തി വീടുവയ്ക്കാൻ അർഹതയില്ലെന്ന് സിംഗിൾബെഞ്ച് നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതിനെതിരെയുള്ള അപ്പീലുകളിൽ ഡിവിഷൻ ബെഞ്ച് തന്നെ ഈ വിധി റദ്ദാക്കി. നിയമംവന്നശേഷം നിലംവാങ്ങിയവർക്കും വീടുവയ്ക്കാൻ മറ്റു ഭൂമിയില്ലെങ്കിൽ നിശ്ചിതഅളവിൽ നിലംനികത്താമെന്നായിരുന്നു ഡിവിഷൻബെഞ്ചിന്റെ വിലയിരുത്തൽ.

2020ൽ മറ്റൊരു സിംഗിൾബെഞ്ച് ഈ വിലയിരുത്തൽ നിയമപരമാണോയെന്ന് പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് ചില ഹർജികൾ ഫുൾബെഞ്ചിന് വിട്ടു. തുടർന്നാണ് ഫുൾബെഞ്ച് ഹർജികൾ പരിഗണിച്ചത്. നിലമുടമകളെ 2008ന് മുമ്പും ശേഷവും നിലംവാങ്ങിയവരെന്ന് വേർതിരിക്കുന്നത് വിവേചനമാണെന്നായിരുന്നു ഹർജിക്കാരുടെ വാദം. നെൽവയൽ നികത്തുന്നത് പൂർണമായും തടയുകയെന്നതല്ല നിയമത്തിന്റെ ലക്ഷ്യമെന്നും ഇവർ ചൂണ്ടിക്കാട്ടി. എന്നാൽ ഈ വാദം ഫുൾബെഞ്ച് തള്ളി. 2008നുശേഷം നിലം വാങ്ങിയവർ നിലമുടമകൾ തന്നെയാണ്. പക്ഷേ അവർക്ക് നികത്താൻ അർഹതയില്ല.

പഞ്ചായത്ത് മേഖലയിൽ ഒരേക്കർ നിലമുള്ള വ്യക്തി വേറെ ഭൂമിയില്ലാത്ത പത്തുപേർക്ക് നിലംവിറ്റാൽ ഓരോനിലമുടമയ്ക്കും ഇതുനികത്തി വീടുവയ്ക്കാൻ അനുമതി നൽകേണ്ടിവരും. നെൽവയലുകൾ സംരക്ഷിക്കുകയെന്ന നിയമത്തിന്റെ ലക്ഷ്യത്തെ ഇത് ബാധിക്കുമെന്നും ഫുൾബെഞ്ച് ചൂണ്ടിക്കാട്ടി.

Advertisement
Advertisement