നഗരത്തിൽ 'വ്യാജ ' തീപിടിത്തം,​ രക്ഷാപ്രവർത്തനം

Friday 25 March 2022 11:46 PM IST

നടന്നത് മോക്ക്ഡ്രിൽ

പത്തനംതിട്ട: അതിരാവിലെ, സൈറൺ മുഴക്കി അഗ്നിരക്ഷാസേനയും ആംബുലൻസും പത്തനംതിട്ട നഗരസഭാ കാര്യാലയം പ്രവർത്തിക്കുന്ന കെട്ടിടത്തിലേക്ക് എത്തിയപ്പോൾ നാട്ടുകാർ പരിഭ്രാന്തരായി. പലരും വിവരം അറിയാനായി ഓടിയെത്തി. ഇവിടെ നിന്ന് ചിലരെ സ്‌ട്രെച്ചറിലെടുത്ത് ആംബുലൻസിലേക്കു കയറ്റുന്ന കാഴ്ചയാണ് നാട്ടുകാർ കണ്ടത്. ആശങ്കകൾ നിറഞ്ഞ നിമിഷങ്ങൾക്കു ശേഷമാണ് ആളുകൾക്ക് കാര്യം പിടികിട്ടിയത്. ദുരന്ത നിവാരണ വിഭാഗവും അഗ്നിരക്ഷാസേനയും പൊലീസും സംയുക്തമായി ജില്ലാ കളക്ടർ ഡോ. ദിവ്യ എസ്. അയ്യരുടെ നേതൃത്വത്തിൽ നടത്തിയ മോക്ക് ഡ്രിൽ ആയിരുന്നു സംഭവം
സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവത്തിന്റെ ഭാഗമായാണ് മോക്ക് ഡ്രിൽ സംഘടിപ്പിച്ചത്. മാർക്കറ്റിനോട് ചേർന്നുനിൽക്കുന്ന നഗരസഭ ആസ്ഥാനം സ്ഥിതി ചെയ്യുന്ന കെട്ടിടത്തിൽ പെട്ടെന്ന് തീപിടിത്തം ഉണ്ടായാൽ രക്ഷാപ്രവർത്തനം നടത്തുന്ന രീതി ആയിരുന്നു മോക്ക് ഡ്രില്ലിൽ അവതരിപ്പിച്ചത്. പൊലീസും ആംബുലൻസും അഗ്നിരക്ഷാസേനയും ദുരന്തനിവാരണ വോളണ്ടിയർമാരും പങ്കെടുത്തതോടെ മോക്ക് ഡ്രിൽ വിജയകരമായി പൂർത്തിയായി.

Advertisement
Advertisement