തട്ടിക്കൂട്ട് കമ്പനി തുടങ്ങി, 5 കോടിയുടെ ഓർഡ‌ർ നേടി, എൻ.യു.എച്ച്.എം കോ- ഓർഡിനേറ്ററെ പുറത്താക്കി

Saturday 26 March 2022 1:20 AM IST

തിരുവനന്തപുരം: കൊവിഡിന്റെ മറവിൽ വ്യാജപേരിൽ തട്ടിക്കൂട്ട് കമ്പനിയുണ്ടാക്കി മാസ്ക് അടക്കം സർക്കാർ ആശുപത്രികളിൽ ഉൾപ്പെടെ വിതരണം ചെയ്യാൻ മെഡിക്കൽ സർവീസ് കോർപ്പറേഷനിൽ നിന്ന് അഞ്ചുകോടിയുടെ ഓർഡർ നേടിയെടുത്ത നാഷണൽ അർബൻ ഹെൽത്ത് മിഷൻ (എൻ.യു.എച്ച്.എം) തൃശൂർ ജില്ലാ കോ- ഓർഡിനേറ്റർ അനൂപ്. പി. പൗലോസിനെ ആരോഗ്യവകുപ്പ് പുറത്താക്കി. മാസ്‌കും ഫേസ് ഷീൽഡും ഉൾപ്പെടെ വിതരണം ചെയ്യാൻ കേരള മെഡിക്കൽ സർവീസ് കോർപ്പറേഷന്റെ (കെ.എം.എസ്‌.സി.എൽ) ഓഫീസ് സൗകര്യവും ജീവനക്കാരെയും ഉപയോഗപ്പെടുത്തിയെന്നും ജില്ലാ മെഡിക്കൽ ഓഫീസർ നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. തുടർന്നാണ് നടപടി.

വീടിനോട് ചേർന്നുള്ള താത്കാലിക ഷെഡിലായിരുന്നു കൊവിഡ് കാലത്ത് ആൻഡ്രിയ ട്രേഡേഴ്സ് എന്ന തട്ടിക്കൂട്ട് കമ്പനി അനൂപ് തുടങ്ങിയത്. സ്വന്തം പേരിൽ തുടങ്ങാനാവാത്തതിനാൽ വ്യാജ പേരിലായിരുന്നു ഇത്. കെ.എം.എസ്‌.സി.എൽ മുൻ ജനറൽ മാനേജർ ഡോ.ദിലീപ് കുമാറിന്റെ അടുത്ത സുഹൃത്തായ അനൂപ് അദ്ദേഹത്തിന്റെ സ്വാധീനമുപയോഗിച്ചാണ് ഓർഡർ നേടിയെടുത്തത്. ദിലീപ് ജനറൽ മാനേജറായിരിക്കെയാണ് ഓർഡർ നൽകിയത്. ദിലീപ് തൃശൂരിൽ എൻ.യു.എച്ച്.എം ജില്ലാ പ്രോഗ്രാം മാനേജറായിരിക്കെ പി.ആർ.ഒ ആയിരുന്നു അനൂപ്. തുടർന്നാണ് അർബൺ ഹെൽത്ത് കോ- ഓർഡിനേറ്ററാകുന്നത്. എൻ.യു.എച്ച്.എമ്മിൽ ഒരുവർഷത്തെ കരാർ കാലാവധിയിൽ ജീവനക്കാരനായി എത്തിയ അനൂപ് സ്വാധീനം ഉപയോഗിച്ച് പത്തിലേറെ വർഷമായി തുടരുകയായിരുന്നു.

Advertisement
Advertisement